ഒരൊറ്റ സെക്കൻഡിൽ ഫോൺ ഫുൾചാർജ്, പിന്നെ ഒരാഴ്ച ചാർജിങ് വേണ്ട!

ചാര്‍ജിങ്ങിനു മണിക്കൂറുകള്‍ എടുക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ വെറും ഓര്‍മ മാത്രമാവാന്‍ ഇനി അധികകാലം വേണ്ടി വരില്ല. സെക്കൻഡുകള്‍ക്കുള്ളില്‍ ചാര്‍ജ് ചെയ്യുന്ന ഇലക്ട്രോണിക് ഡിവൈസുകള്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. സെന്‍ട്രല്‍ ഫ്ലോറിഡ സർവകലാശാലയിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ഉൾപ്പെടുന്ന സംഘമാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍.

ശേഷിക്കുറവില്ലാതെ ഏകദേശം 1,500 തവണയാണ് സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കുക. എന്നാല്‍ കൂടുതല്‍ എനർജി സ്റ്റോറേജ് ശേഷിയുള്ള ഈ സൂപ്പര്‍കപ്പാസിറ്ററുകള്‍ ബാറ്ററിയുടെ ശേഷി കുറയും മുന്‍പ് മുപ്പതിനായിരം തവണ ഉപയോഗിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇത്തരം സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഉപയോഗിച്ചാല്‍ സെക്കൻഡുകള്‍ക്കുള്ളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനാകും. പിന്നെ ഒരാഴ്ചത്തേയ്ക്ക് ചാര്‍ജ് ചെയ്യേണ്ട ആവശ്യമില്ലെന്നും ഗവേഷകനായ നിതിന്‍ ചൗധരി പറഞ്ഞു. ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയിലെല്ലാം സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഉപയോഗിക്കാമെന്ന് എസിഎസ് നാനോ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഉപയോഗിക്കാൻ തുടങ്ങി പതിനെട്ടു മാസങ്ങള്‍ക്കു ശേഷം സാധാരണയായി സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികളുടെ ചാര്‍ജിങ് ശേഷി കുറഞ്ഞു വരുന്നത് പതിവാണ്. ഫോണില്‍ ചാര്‍ജ് നില്‍ക്കാത്തതും എപ്പോഴും ചാര്‍ജ് ചെയ്യേണ്ടി വരുന്നതും നേരിടുന്ന മുഖ്യ പ്രശ്‌നങ്ങളാണ്.

നാനോ മെറ്റീരിയലുകള്‍ ഉപയോഗിച്ച് സൂപ്പര്‍കപ്പാസിറ്ററുകളുടെ ശേഷി വര്‍ധിപ്പിക്കാനും ബാറ്ററികള്‍ക്കു പകരം ഉപയോഗിക്കാനും വേണ്ടിയുള്ള പഠനങ്ങള്‍ വര്‍ഷങ്ങളായി നടന്നു വരികയാണ്. ലിഥിയം-അയണ്‍ ബാറ്ററികളുടെതിനേക്കാളും ശേഷി കൂടുതലാണ് ഇത്തരം സൂപ്പര്‍കപ്പാസിറ്റര്‍ ബാറ്ററികള്‍ക്ക്. അതുകൊണ്ടുതന്നെ ഒരു ആറ്റത്തിന്റെ ഘനത്തില്‍ നാനോ മെറ്റീരിയല്‍ കൊണ്ട് സൂപ്പര്‍ കപ്പാസിറ്ററുകള്‍ക്ക് മേല്‍ ദ്വിമാന പാളിയുണ്ടാക്കിയാണ് ശാസ്ത്രജ്ഞര്‍ ഇതു പരീക്ഷിച്ചത്. ഗ്രാഫീന്‍ പോലെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചു നോക്കിയിരുന്നെങ്കിലും ഇതത്ര വിജയകരമായിരുന്നില്ല.

ആദ്യമേ നിലവിലുള്ള സിസ്റ്റങ്ങള്‍ക്കു മേല്‍ ഇത്തരം രണ്ടു ത്രിമാന മെറ്റീരിയലുകൾ കൂട്ടിച്ചേര്‍ത്തു പരീക്ഷിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഞങ്ങള്‍ പരീക്ഷിച്ചത് ലളിതമായ കെമിക്കല്‍ സിന്തസിസ് രീതിയായിരുന്നു. അത് വിജയകരമായെന്നും യുസിഎഫ് അസിസ്റ്റന്റ്‌ പ്രൊഫസറും സംഘത്തിലെ പ്രധാനശാസ്ത്രജ്ഞനുമായ യൂന്‍വൂങ്ങ് എറിക് ജങ്ങ് പറഞ്ഞു. എനർജി സ്റ്റോറേജ് ആപ്ലിക്കേഷനിൽ രണ്ടു ത്രിമാന മെറ്റീരിയലുകൾക്ക് കാര്യമായ പങ്കുണ്ടെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ കണ്ടെത്തിയിരുന്നു. പക്ഷേ ഇത്തരമൊരു പരീക്ഷണത്തിലൂടെയാണ് അതു ശരിക്കും യാഥാര്‍ഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.