നിരവധി മാറ്റങ്ങളുമായി വാട്സാപ്പ്, കിടിലൻ ഫീച്ചറുകൾ, പുതിയ കോള്‍ സ്ക്രീൻ

സോഷ്യൽമീഡിയ രംഗത്തെ ജനപ്രിയ ആപ്ലിക്കേഷൻ വാട്സാപ്പ് കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി. മാസങ്ങൾക്ക് മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഫീച്ചറുകൾ ഇപ്പോൾ മിക്കവർക്കും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വിവിധ ഫോർമാറ്റിലുള്ള ഫയലുകൾ അയക്കാനുള്ള സൗകര്യം, ഫോട്ടോ ബണ്ടിലിങ്, കോൾ സ്ക്രീനിലെ മാറ്റം എന്നിവയാണ് പുതിയ ഫീച്ചറുകൾ.

വാട്സാപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് ഉപയോഗിക്കുന്നവർക്കും പുതിയ ഫീച്ചറുകൾ ലഭിക്കും. ഫോട്ടോകൾ ഒരു ആൽബമായി അയക്കാനുള്ള അവസരമാണ് വാട്സാപ്പിന്റെ പുതിയ ഫീച്ചറുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്. കൂടുതൽ ഫോട്ടോകൾ ഒന്നിച്ച് അയച്ചാൽ കിട്ടുന്ന വ്യക്തിക്ക് ആൽബമായി ഒരു സ്ക്രീനില്‍ തന്നെ കാണാം. ഈ ഫീച്ചര്‍ ഒരു മാസം മുന്‍പെ ഐഫോൺ പതിപ്പിലും ഉൾപ്പെടുത്തിയിരുന്നു.

ഇതിനു പുറമെ വാട്സാപ്പ് കോൾ സ്ക്രീനിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. കോൾ വരുമ്പോൾ മുകളിലേക്ക് സ്വൈപ്പ് ചെയ്യാൻ സാധിക്കുന്നതാണ് പുതിയ മാറ്റം. എല്ലാ ഫോർമാറ്റിലുമുള്ള ഫയൽ പങ്കിടാനുള്ള അവസരം സ്ഥിരം വാട്സാപ്പ് ഉപയോക്താക്കളെ ഏറെ ആകർഷിക്കുന്നതാണ്. മറ്റു ആപ്പുകളുടെ എപികെ ഫയലുകൾ വരെ വാട്സാപ്പ് വഴി പങ്കുവെക്കാൻ സാധിക്കും.