സോഷ്യൽ മീഡിയ തട്ടിപ്പുകൾ തടയാൻ ഇനി സ്കൈപിനും ആധാർ

ആധാർ ലിങ്ക് ചെയ്യേണ്ട സേവനങ്ങളുടെ പട്ടിക നീളുകയാണ്. അത്യാവശ്യം വേണ്ടിടത്തു തന്നെ ലിങ്ക് ചെയ്യാൻ ജനം പാടുപെടുമ്പോഴാണ് മൈക്രോസോഫ്റ്റിന്റെ മെസഞ്ചർ ആപ്ലിക്കേഷനായ സ്കൈപ് ആധാർ ലിങ്കിങ് പദ്ധതിയുമായി എത്തിയിരിക്കുന്നത്. 

മറ്റു സർക്കാർ സേവനങ്ങൾ പോലെ ഇനി സ്കൈപ് ഉപയോഗിക്കാൻ ആധാർ ലിങ്ക് ചെയ്തേ പറ്റൂ എന്നു തെറ്റിദ്ധരിക്കരുത്. സ്കൈപ് ലൈറ്റ് ആപ്പിന്റെ പുതിയ പതിപ്പിലാണ് ആധാർ ലിങ്കിങ് സാധിക്കുന്നത്. വിശ്വാസ്യത ഉറപ്പാക്കി ആശയവിനിമയം സുതാര്യമാക്കുക എന്ന നല്ല ഉദ്ദേശ്യമാണ് സ്കൈപിന്റെ ആധാർ ലിങ്കിങ് പദ്ധതിക്കു പിന്നിലുള്ളത്. 

സോഷ്യൽ മീഡിയ വഴി നടക്കുന്ന തട്ടിപ്പുകളെ അതിജീവിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് മൈക്രോസോഫ്റ്റ് ഇതുവഴി ലക്ഷ്യമിടുന്നത്. സ്കൈപ് ലൈറ്റ് ഉപയോഗിക്കുന്ന ബിസിനസ്, തൊഴിൽ സ്ഥാപനങ്ങൾക്ക് ഇടപാടുകാർ യഥാർഥ വ്യക്തികളാണോ എന്നുറപ്പിക്കാനും വിശ്വാസ്യത ഉറപ്പു വരുത്താനും ഇതുവഴി സാധിക്കും. താൽപര്യമില്ലെങ്കിൽ ആധാർ ലിങ്ക് ചെയ്യാതെയും സ്കൈപ് ലൈറ്റ് ഉപയോഗിക്കാം.