വാട്സാപ്പ് ബിസിനസ് ആപ്പ് പുറത്തിറങ്ങി, എല്ലാം ഫ്രീ, തുടക്കം ആൻഡ്രോയ്ഡിൽ

മുൻനിര സോഷ്യൽ നെറ്റ്‌വർക്കിങ് കമ്പനിയായ ഫെയ്സ്ബുക്കിനു കീഴിലുള്ള വാട്സാപ്പിന്റെ പുതിയ പദ്ധതിക്ക് തുടക്കമായി. 'വാട്സാപ്പ് ഫോർ ബിസിനസ്' എന്ന ആശയം നടപ്പില്‍ വരുത്താനായി നിരവധി വര്‍ഷമായി പ്രവര്‍ത്തിക്കുകയായിരുന്നു കമ്പനി. ഇതിന്റെ പ്രാരംഭ പദ്ധതിയ്ക്കുള്ള ആപ്പാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്.

ചെറുകിട, ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് വാട്സാപ്പ് ബിസിനസ് ആപ്പിന്റെ പ്രാരംഭ പദ്ധതി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പദ്ധതി ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. തുടർന്ന് നിരവധി പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കിയതിനു ശേഷമാണ് വാട്സാപ്പ് ബിസിനസ് ആപ്പിന്റെ ചെറിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ബുക്ക് മൈഷോ, മെയ്ക്ക് മൈ ട്രിപ് എന്നീ കമ്പനികളുമായി സഹകരിച്ചാണ് ഇന്ത്യയിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ വാട്സാപ്പ് ബിസിനസ് ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. നിലവിൽ ഇന്തൊനീഷ്യ, ഇറ്റലി, മെക്സികോ, ബ്രിട്ടൺ, യുഎസ് എന്നിവിടങ്ങളിൽ മാത്രമാണ് വാട്സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കാൻ സാധിക്കുക. വൈകാതെ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വാട്സാപ്പ് ബിസിനസ് ആപ്പ് ലഭിക്കുമെന്നാണ് കരുതുന്നത്. ആൻഡ്രോയ്ഡിന് പുറമെ ഐഒഎസ് പതിപ്പ് കൂടി വരും.

ചെറുകിട കമ്പനികൾക്ക് അവരുടെ ഉപഭോക്താക്കളുമായുള്ള ഇടപാടുകൾ എളുപ്പമാക്കുന്നതിന് വാട്സാപ്പ് ബിസിനസ് ആപ്പ് സഹായിക്കും. കൂടാതെ വാട്സാപ്പിലെ 1.3 ബില്ല്യൻ ഉപയോക്താക്കളുമായി ആശയവിനിമയം നടത്താനും ബിസിനസ് ആപ്പ് വഴി സാധിക്കും. ബിസിനസ് വിവരണം, ഇമെയിൽ അല്ലെങ്കിൽ സ്റ്റോർ വിലാസങ്ങൾ, വെബ്സൈറ്റ് എന്നിവ പോലുള്ള ഉപയോഗപ്രദമായ വിവരങ്ങൾ ഉപയോക്താക്കൾക്ക് കൈമാറാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും.

വാട്സാപ്പ് ബിസിനസ് ആപ്പിലെ സ്മാർട് മെസേജിങ് ടൂളുകൾ ഉപയോഗിച്ച് ഉപഭോക്താക്കളുമായി പെട്ടെന്ന് സംവദിക്കാൻ സാധിക്കും. ഇതിലൂടെ സമയം ലാഭിക്കാം. പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകാം, ബിസിനസ് സംബന്ധിച്ച് ഉപഭോക്താക്കളെ പരിചയപ്പെടുത്തുന്ന സന്ദേശങ്ങൾ അയക്കാം, നിങ്ങൾ തിരക്കിലാണെന്ന് അറിയിക്കുന്ന സന്ദേശങ്ങൾ കൈമാറാം. തുടങ്ങി എല്ലാ ഫീച്ചറുകളും വാട്സാപ്പ് ബിസിനസ് ആപ്പിലുണ്ട്. അതേസമയം, ശല്യമായ മെസേജുകള്‍ ബ്ലോക്ക് ചെയ്യാനും വാട്സാപ്പ് ഉപയോക്താക്കൾക്ക് അവസരമുണ്ട്.

പത്തോ അതില്‍ കുറവോ ആളുകള്‍ ജോലിക്കാരായുള്ള ചെറിയ കമ്പനികള്‍ക്ക് അവരുടെ ബിസിനസ് മാനേജ് ചെയ്യുന്നതിന് വേണ്ടിയും ഈ ആപ്പ് ഉപയോഗിക്കാം. എജന്റുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേപോലെ പ്രയോജനപ്രദം. ഡോക്ടര്‍മാര്‍ മുതല്‍ ചെറുകിട കച്ചവടക്കാര്‍ വരെ എല്ലാവരും ഇപ്പോള്‍ അവരവരുടെ ഉപഭോക്താക്കളെ നിയന്ത്രിക്കാനായി വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്. തികച്ചും ഔദ്യോഗികമായ ഒരു ഇമെയിലില്‍ സംസാരിക്കുന്നതിനു പകരം വാട്‌സാപ്പില്‍ സംസാരിക്കാമെന്ന് ചുരുക്കം.

വാട്സാപ്പ് ബിസിനസ് ആപ്പ് എന്താണ്?

ചെറുകിട, ഇടത്തരം കച്ചവടക്കാർക്ക് അവരുടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് സഹായിക്കുന്നതാണ് വാട്സാപ്പ് ബിസിനസ് ആപ്പ്.

വാട്സാപ്പ് ബിസിനസ് ആപ്പ് ലോഗോ

വാട്സാപ്പ് ബിസിനസ് ആപ്പിന്റെ ലോഗോയിൽ ഒരു 'B' കാണിക്കും. വാട്സാപ്പ് ഉപയോക്താക്കൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് ബി ലോഗോ ചേർത്തിരിക്കുന്നത്. മെസേജ് വരുമ്പോൾ തന്നെ ബിസിനസ് സന്ദേശം ആണെന്ന് മനസ്സിലാക്കാം.

വെരിഫൈഡ് പ്രൊഫൈലുകൾ, പെട്ടെന്ന് മറുപടി

വാട്സാപ്പ് മെസഞ്ചറിൽ തന്നെ കൂടുതൽ ഫീച്ചറുകൾ അതാണ് വാട്സാപ്പ് ബിസിനസ് ആപ്പ്. കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന ഫീച്ചറുകളെല്ലാം പഴയ വാട്സാപ്പിനു സമാനമാണ്. പെട്ടെന്നുള്ള മറുപടികൾ, ഗ്രീറ്റിങ് സന്ദേശങ്ങൾ, ബിസിനസ് വിവരങ്ങൾ, മറ്റു വിവരങ്ങൾ എല്ലാം അറിയിക്കാനാകും. വെരിഫൈഡ് പ്രൊഫൈലുകൾക്ക് മാത്രമാണ് വാട്സാപ്പ് ബിസിനസ് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുക.

ബുക്ക്മൈ ഷോ, മെയ്ക് മൈ ട്രിപ് എന്നിവർ പരീക്ഷിച്ചു

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തുടങ്ങിയ വാട്സാപ്പ് ബിസിനസ് ആപ്പിന്റെ പൈലറ്റ് പ്രോഗ്രാം ഇന്ത്യയിലും പൂർ‌ത്തിയാക്കി. ബുക്ക് മൈ ഷോയും മെയ്ക് മൈ ട്രിപ്പും വാട്സാപ്പ് ബിസിനസ് ബീറ്റാ പതിപ്പ് ഉപയോഗിച്ച് ഈ ഫീച്ചർ പരിശോധിച്ചു.

ആൻഡ്രോയ്ഡിൽ മാത്രം

വാട്സാപ്പ് ബിസിനസ് ആപ്പ് നിലവിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. അതേസമയം, മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് ആപ്ലിക്കേഷൻ പരീക്ഷണത്തിലാണ്. എന്നാൽ എന്ന് വരുമെന്ന് വാട്സാപ്പ് അറിയിച്ചിട്ടില്ല.

വാട്സാപ്പ് ബിസിനസ് ആപ്പ് ഫ്രീ

വാട്സാപ്പ് ബിസിനസ് ആപ്പ് പ്രാരംഭ പദ്ധതി പൂർണമായും സൗജന്യമാണ്. ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഒപ്പം നിയന്ത്രിത ഉള്ളടക്കമോ ഫീച്ചറുകളിലോ ആക്സസ് ചെയ്യുന്നതിന് പണം നൽകേണ്ടതില്ല.