ഫെയ്സ്ബുക്കിന്റെ മെസഞ്ചർ കൊള്ളക്കെതിരെ ബ്ലാക്ബെറി, പൂട്ടിക്കാൻ കോടതിയിലേക്ക്

ഫെയ്സ്ബുക്കും വാട്സാപ്പും ജനിക്കും മുൻപ് ഇൻസ്റ്റന്റ് മെസ്സേജിങ് വിപ്ലവം വഴി ലോകത്തെ വിസ്മയിപ്പിച്ച ബ്ലാക്ബെറി മെസഞ്ചർ അഥവാ ബിബിഎം കോപ്പിയടിച്ചെന്ന പരാതിയുമായി ഫെയ്സ്ബുക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയ്ക്കെതിരേ ബ്ലാക്ബെറി കോടതിയിൽ. വാട്സാപ്പ് ഉൾപ്പടെയുള്ള ആധുനിക മെസ്സഞ്ചറുകളുടെ അടിസ്ഥാന സാങ്കേതികവിദ്യ ബ്ലാക്ബെറിക്ക് പേറ്റന്റുള്ളതാണെന്നിരിക്കെ പേറ്റന്റ് കേസുമായി ബ്ലാക്ബെറി നിയമയുദ്ധം ആരംഭിക്കുന്നത് വാട്സാപ്പ് ഉൾപ്പെടെയുള്ളവയുടെ നിലനിൽപു തന്നെ പ്രതിസന്ധിയിലാക്കും. നഷ്ടപരിഹാരമല്ല, പേറ്റന്റ് ലംഘിക്കുന്ന ആപ്പുകൾ അടച്ചുപൂട്ടിക്കാനാണ് ബ്ലാക്ബെറി ശ്രമിക്കുന്നത്. 

117 പേജുകളിലായി പരന്നു കിടക്കുന്ന പേറ്റന്റ് ലംഘന ആരോപണങ്ങൾ ഫെയ്സ്ബുക്കിനു വലിയ തിരിച്ചടിയാണ്. ഫെയ്സ്ബുക്കിലും ഫെയ്സ്ബുക് ഉടമസ്ഥതയിലുള്ള വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ഉപയോഗിക്കുന്ന നിരവധി സങ്കേതങ്ങൾ പരാതിയിൽ ബ്ലാക്ബെറി എണ്ണിപ്പറയുന്നുണ്ട്. സുഹൃത്തുക്കളെ ടാഗ് ചെയ്യാനുള്ള സംവിധാനം, മെസ്സേജുകളുടെ ടൈം സ്റ്റാംപ് തുടങ്ങി ഇന്ന് സോഷ്യൽ നെറ്റ്‍വർക്കുകളുടെയും മെസ്സെജിങ് സേവനങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങളായി മാറിക്കഴിഞ്ഞ പലതും ബ്ലാക്ബെറി വികസിപ്പിച്ചെടുത്ത് പേറ്റന്റ് നേടിയിട്ടുള്ളതാണ്. കേസ് കോടതിയിലെത്തുന്നതോടെ ഇന്റർനെറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പേറ്റന്റ് കേസുകളിലൊന്നാകും അത്. ആദ്യകാല മൊബൈൽ ഫോൺ നിർമാതാക്കളായ നോക്കിയ, മോട്ടറോള, ബ്ലാക്ബെറി എന്നീ കമ്പനികളുടെ പക്കലാണ് ഏറ്റവുമധികം പേറ്റന്റുകൾ ഉള്ളത്. 

ആപ്പിളും മോട്ടറോളയും, മൈക്രോസോഫ്റ്റും ഗൂഗിളും, ആപ്പിളും സാംസങ്ങും തമ്മിൽ നടന്നിട്ടുള്ള പേറ്റന്റ് യുദ്ധങ്ങൾ കോടാനുകോടി രൂപയുടെ നഷ്ടപരിഹാരത്തിലാണ് കലാശിച്ചിട്ടുള്ളത്. പേറ്റന്റ് ലംഘനത്തിന്റെ പേരിൽ ഫെയ്സ്ബുക്കുമായി വർഷങ്ങളായി നടന്നുവന്ന ചർച്ചകളിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കേസുമായി മുന്നോട്ടു പോകുന്നതെന്ന് ബ്ലാക്ബെറി വിശദീകരിക്കുന്നു. എന്നാൽ, സ്വന്തം മേസ്സേജിങ് സംവിധാനങ്ങളുടെ ദുരവസ്ഥയ്ക്ക് മറ്റുള്ളവരുടെ മേൽ പഴിചാരാനാണ് ബ്ലാക്ബെറിയുടെ ശ്രമമെന്നാണ് ഫെയ്സ്ബുക്കിന്റെ വിശദീകരണം.