‘ഫെയ്സ്ബുക്കിന് തെറ്റുപറ്റി, ഇനി അങ്ങനെ സംഭവിക്കില്ല, നിങ്ങളുടെ ഡേറ്റ സംരക്ഷിക്കും’

തന്റെ കമ്പനിക്കു തെറ്റുപറ്റിയതായി ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. നാലു ദിവസത്തെ മൗനം വെടിഞ്ഞാണ് അദ്ദേഹം ഇതു സമ്മതിച്ചത്. ഉപയോക്താവിന്റെ ഡേറ്റ സംരക്ഷിക്കാന്‍ ഫെയ്സ്ബുക്കിനു ബാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ചെയ്തില്ലെങ്കില്‍ തങ്ങള്‍ക്ക് നിങ്ങളെ 'സേവിക്കാനുള്ള അവകാശമില്ല,' എന്നും അദ്ദേഹം പറഞ്ഞു. കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചു കോടിയോളം ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ ദുരുപയോഗം ചെയ്തുവെന്ന ഗുരുതരമായ ആരോപണത്തിനു ശേഷം ആദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്.

സുപ്രധാനമായ ചില നടപടികള്‍ തങ്ങള്‍ 2014ല്‍ എടുത്തിരുന്നുവെന്നും എന്നാല്‍ അത് ഒരു കൊല്ലം എടുത്തു നിലവില്‍ വരാനെന്നും അതുകൊണ്ടാണ് കേംബ്രിഡ്ജ് അനലിറ്റിക്ക പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് സ്വകാര്യ ഡേറ്റയിലേക്കു നുഴഞ്ഞു കയറാനായതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ കൂടുതലായി പലതും ചെയ്യാനുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

ഒരു ഓഡിറ്റിനു സമ്മതിക്കാത്ത ആപ്പുകളെ ഒഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ ഒരു ആപ്പ് മൂന്നു മാസത്തേക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ അയാളുടെ ഡേറ്റയിലേക്ക് പിന്നെ ആപ്പിന് കടക്കാനാവില്ല. ആപ്പുകള്‍ക്ക് എടുക്കാവുന്ന ഡേറ്റ, ഉപയോക്താവിന്റെ പേര് പ്രൊഫൈല്‍ ഫോട്ടോ, ഇമെയിൽ എന്നവിയായി നിജപ്പെടുത്തും. കൂടുതല്‍ വേണമെങ്കില്‍ ആപ് നിര്‍മാതാവ് ഫെയ്‌സ്ബുക്കുമായി ധാരണയിലെത്തണം. ഉപയോക്താവിന്റെ അനുമതിയും വാങ്ങണം, തങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളെ കുറിച്ച് സക്കര്‍ബര്‍ഗ് പറഞ്ഞതാണ് ഇങ്ങനെ.

അതേസമയം, തന്നെ കമ്പനികള്‍ ബലിയാടാക്കുകയാണ് എന്നാണ് കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു വേണ്ടി ഡേറ്റ പരിശോധിച്ചുവെന്ന ആരോപണം നേരിടുന്ന അലക്‌സാണ്ടര്‍ കോഗന്‍ പറഞ്ഞത്. ഫെയ്‌സ്ബുക്കും കേംബ്രിഡ്ജ് അനലിറ്റിക്കയും നിയമപരമായ കാര്യമാണ് ചെയ്യുന്നതെന്നു പറഞ്ഞതു കൊണ്ടാണ് താന്‍ അതിനു മുന്‍കൈ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് ലോകമെമ്പാടുമുള്ള രാഷ്ട്രീയക്കാരുടെയും വിമര്‍ശനം ഏറ്റുവാങ്ങുന്നു. അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിനെ ജയിപ്പിക്കാൻ ഫെയ്സ്ബുക്ക് ഡേറ്റ ഉപയോഗപ്പെടുത്തിയത് വൻ വാവാദമായിട്ടുണ്ട്.