ശരിക്കും നോക്കിയെ... അലാസ്ക എയറിന്റെ ഈ ചിത്രത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ?

സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും പോസ്റ്റ്മോർട്ടം ചെയ്യുന്നത് പതിവ് കാഴ്ചയാണ്. ചില ചിത്രങ്ങൾ ഒറിജിനലിനെ വെല്ലുന്ന രീതിയിൽ എഡിറ്റ് ചെയ്തും പോസ്റ്റ് ചെയ്യാറുണ്ട്. അത്തരം ചിത്രങ്ങൾ സോഷ്യല്‍മീഡിയകളിൽ ഹിറ്റാകുകയും ചെയ്യും.

ദിവസങ്ങൾക്ക് മുൻപ് അലാസ്ക എയറിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയക്കാർ പോസ്റ്റ്മോർട്ടം ചെയ്തുക്കൊണ്ടിരിക്കുന്നത്. ഡ്രോണിന്റെ സഹായത്തോടെ പകർത്തിയ ചിത്രം ഒറിജിനൽ അല്ലെന്നും മാറ്റങ്ങൾ വരുത്തിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നുമാണ് മിക്കവരും ആരോപിക്കുന്നത്. എന്നാൽ ചിത്രം ഒറിജിനൽ തന്നെയാണെന്നാണ് ഫൊട്ടോഗ്രാഫർ റെബേക്കാ പാറ്റീ പറയുന്നത്.

ബിക്കിനി വേഷത്തിൽ ഹവായ് ബീച്ചില്‍ വിശ്രമിക്കുന്ന രണ്ട് യുവതികളുടെ ചിത്രമാണ് റെബേക്കാ പാറ്റീ എന്ന സ്ത്രീ ഡ്രോണിന്റെ സഹായത്തോടെ പകർത്തിയത്. ഈ ചിത്രമാണ് അലാസ്ക എയര്‍ലൈന്‍ പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രത്തിൽ ഒരാളുടെ കാൽപാടുകൾ മാത്രമാണ് കാണുന്നത്. ഇതോടെ ഫോട്ടോ വ്യാജമാണെന്ന വാദവുമായി നിരവധി പേരെത്തുകയായിരുന്നു. 

രണ്ടു പേർ ബീച്ചിൽ വിശ്രമിക്കുമ്പോൾ ഒരു ജോടി കാല്‍പ്പാടുകൾ മാത്രം എങ്ങനെ പതിഞ്ഞുവെന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ ഒരാളുടെ കാൽപാടുകളെ പിന്തുടർന്നാണ് ബീച്ചിലേയ്ക്ക് നടന്നതെന്നാണ് ഫൊട്ടോഗ്രഫർ വാദിക്കുന്നത്. ചർച്ചകൾ സജീവമായതോടെ ചിത്രം ഹിറ്റായി.