വാട്സാപ്പിലെ വോയ്‌സ് മെസേജ് റെക്കോഡിങ് ഫീച്ചർ പാരയാകും, ബന്ധങ്ങൾക്ക് ഭീഷണി

വാട്‌സാപ്പില്‍ വോയ്‌സ് മെസേജ് അയക്കുന്നവരൊക്കെ മൈക്ക് ബട്ടണ്‍ ദീര്‍ഘമായി ഞെക്കിപിടിക്കുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാകും. ഇതിനൊരു പരിഹാരവുമായാണ് വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നത്. മൈക്ക് ബട്ടണ്‍ 0.5 സെക്കന്റ് അമര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമെറ്റിക്കലി വോയ്‌സ് റെക്കോഡാകുന്ന അപ്‌ഡേഷനാണ് വാട്‌സാപ്പ് പരീക്ഷിക്കുന്നത്. ഒറ്റനോട്ടത്തില്‍ കൊള്ളാമെന്നു തോന്നുമെങ്കിലും ഈ പരീക്ഷണം അവര്‍ക്ക് പാരയാകാനാണ് സാധ്യത. 

നമ്മള്‍ പോലുമറിയാതെ സംഭാഷണങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയക്കാനുള്ള സാധ്യതയാണ് ഈ ഫീച്ചറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. വ്യക്തിപരമായ ബന്ധങ്ങളുടെ തകര്‍ച്ചക്ക് ഈ ഫീച്ചര്‍ വഴിവെക്കുമെന്ന് ഉറപ്പിക്കാം. വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കി സ്വയം കുഴി തോണ്ടാന്‍ ആരും ആഗ്രഹിക്കാത്തതിനാല്‍ വാട്‌സാപ്പിന്റെ ഈ ഫീച്ചര്‍ അപ്‌ഡേഷന്‍ പരാജയമാകാനാണ് സാധ്യത. 

നിലവില്‍ വാട്‌സാപ്പില്‍ ദീര്‍ഘമായി ശബ്ദ സന്ദേശമയക്കുക എളുപ്പമല്ല. മെസേജ് ബോക്‌സിനോടു ചേര്‍ന്നുള്ള മൈക്ക് ബട്ടണ്‍ അമര്‍ത്തി പിടിച്ചാല്‍ മാത്രമാണ് ശബ്ദം റെക്കോഡാവുക. ഇതിനിടെ എപ്പോഴെങ്കിലും കൈ തെറ്റുകയോ മറ്റോ ചെയ്താല്‍ അതുവരെ റെക്കോഡ് ചെയ്തത് മുഴുവന്‍ വെള്ളത്തിലാവുകയും ചെയ്യും. ഈ പോരായ്മ പരിഹരിക്കാനാണ് ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് ഓഡിയോ ലോക് ഫീച്ചര്‍ അവതരിപ്പിച്ചത്. 

അടുത്തു തന്നെ അവതരിപ്പിക്കുന്ന ഈ ഫീച്ചര്‍ പ്രകാരം മൈക്ക് ബട്ടണില്‍ 0.5 സെക്കന്റ് ഞെക്കിപിടിച്ചാല്‍ സ്വൈപ്പ് ചെയ്താല്‍ ലോക്കാകുമെന്ന സന്ദേശം വരും. അതുപ്രകാരം ലോക്ക് ചെയ്താല്‍ പിന്നീട് കാന്‍സല്‍ ചെയ്യുകയോ സെന്‍ഡ് ചെയ്യുകയോ ചെയ്യും വരെ ആപ്ലിക്കേഷന്‍ ശബ്ദങ്ങള്‍ റെക്കോഡു ചെയ്തുകൊണ്ടേയിരിക്കും. ഇത് അബദ്ധത്തില്‍ സംഭവിക്കാനുള്ള സാധ്യതയാണ് ഈ ഫിച്ചറിനെ സംശയത്തിലാക്കുന്നത്. ആശങ്കകള്‍ പരിഹരിച്ചായിരിക്കും വാട്‌സാപ്പ് ഈ ഫീച്ചര്‍ അവതരിപ്പിക്കുകയെന്ന പ്രതീക്ഷയിലാണ് ടെക് ലോകം.