Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'രക്ത രക്ഷസ്'‍; ബ്രിട്ടിഷുകാർ ഫെയ്‌സ്ബുക്കിനെ ‘കൊന്നു’ കൊലവിളിച്ചു

uk-parliamentary-facebook

ഫെയ്‌സ്ബുക് തലവന്‍ മാര്‍ക് സക്കര്‍ബര്‍ഗ് അമേരിക്കന്‍ കോണ്‍ഗ്രസ് കമ്മറ്റിക്കു മുന്നില്‍നിന്ന് എളുപ്പത്തില്‍ ഊരിപ്പോയത് കമ്മറ്റി അംഗങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കാര്യമായി വിവരമൊന്നും ഇല്ലാത്തതിനാലാണെന്ന് ആരോപണമുണ്ട്. ബ്രിട്ടനിലെ പാര്‍ലമെന്ററി കമ്മറ്റിക്കു മുൻപില്‍ സമാനമായ രീതിയിലുള്ള ഒരു ചോദ്യം ചെയ്യലിനെ നേരിടാന്‍ സക്കര്‍ബര്‍ഗിനോടു ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം തനിക്കു താത്പര്യമില്ലെന്നു പറഞ്ഞ് ഒഴിവാകുകയും പകരം, കമ്പനിയുടെ പ്രധാന ടെക്‌നോളജി ഓഫീസർ മൈക് സ്‌ക്രോപ്‌ഫെറെ (Schroepfer) അയയ്ക്കുയും ചെയ്തു. 

ഫെയ്‌സ്ബുക്, ഗൂഗിള്‍ മുതലായ കമ്പനികള്‍ക്കു മൂക്കുകയര്‍ ഇടാനുള്ള ശ്രമത്തിലാണ് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനുമടക്കമുള്ള നാടുകള്‍. സ്‌ക്രോപ്‌ഫെറെ ചോദ്യം ചെയ്ത കമ്മറ്റിയിലെ ഒരു മെംപര്‍ ഫെയ്‌സ്ബുക്കിനെ വിശേഷിപ്പിച്ചത് 'giant vampire squid' (ഭീമാകാരനായ രക്തദാഹമുള്ള സ്‌ക്വിഡ്. സ്‌ക്വിഡ് ഒരു കടല്‍ ജീവിയാണ്.) എന്നാണ്. സ്വകാര്യ വ്യക്തികളുടെ ഡേറ്റാ ഖനനം ചെയ്യുന്നു എന്നതാണ് ഈ സാമൂഹ്യമാധ്യമ ഭീമനെതിരെയുള്ള പ്രധാന ആരോപണം. അമേരിക്കന്‍ കോണ്‍ഗ്രസ് സക്കര്‍ബര്‍ഗിനെ ചോദ്യം ചെയ്യാന്‍ നിയമിച്ച കമ്മറ്റിയിലെ പല അംഗങ്ങള്‍ക്കും ഡേറ്റാ ചോർച്ചയുടെ ദൂഷ്യവശങ്ങള്‍ അറിയില്ലായിരുന്നു എന്നതു തന്നെ ശരാശരി ഉപയോക്താവിന് അതേപ്പറ്റി എന്ത് അറിവുണ്ട് എന്നതിലേക്കുള്ള ചൂണ്ടുപലകയാണ്.

കമ്മറ്റിയുടെ ചെയര്‍മാന്‍ ഡെയ്മിയന്‍ കോളിന്‍സ് 11 പേജുള്ള ചോദ്യങ്ങളുമായാണ് എത്തിയത്. ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ പുതിയ മുഖം തിരിച്ചറിയല്‍ സിസ്റ്റത്തെക്കുറിച്ചും ഫെയ്‌സ്ബുക് ഉപയോഗിക്കാത്ത അവസരങ്ങളിലും ഉപയോക്താക്കളുടെ ചെയ്തികള്‍ നോക്കിക്കാണുന്നതിനെക്കുറിച്ചും ആയിരുന്നു.

ഈ ചോദ്യങ്ങള്‍ക്കു പുറമെ, ലണ്ടനില്‍ ഫെയ്‌സ്ബുക് പ്രതിനിധിയെ കാത്തിരുന്നത് കമ്പനിയടെ മറ്റു ഡേറ്റാ ഖനന രീതികളെയും വ്യാജ പ്രൊഫൈലുകളെയും ആപ്പ് ഡവലപ്പര്‍മാരുടെ കടന്നുകയറ്റത്തെക്കുറിച്ചും രാഷ്ട്രീയക്കാരുടെ പരസ്യത്തെപ്പറ്റിയും കേംബ്രിജ് അനലിറ്റിക്കയെ കുറിച്ചും മറ്റുമുള്ള ചോദ്യങ്ങളായിരുന്നു. വ്യാജ അക്കൗണ്ടുകള്‍ കുറഞ്ഞുവെന്നു പറഞ്ഞപ്പോള്‍ ഒരു മെംപര്‍ ചോദിച്ചത് അങ്ങനെയാണെങ്കില്‍ തന്നെപോലെ, തടിയനായ ഒരു മധ്യവയസ്‌കന് എന്തിനാണ് സുന്ദരികളുടെ ഫെയ്‌സ്ബുക് പ്രൊഫൈലുകളില്‍ നിന്ന് ഇന്‍വിറ്റേഷനുകള്‍ വന്നുകൊണ്ടേയിരിക്കുന്നത് എന്നാണ്. 

ബ്രിട്ടിഷ് കമ്മറ്റി 14 മാസത്തെ അന്വേഷണമാണ് നടത്തുന്നത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ പോലെ ബ്രിട്ടനും ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത തരത്തിലുള്ള അന്വേഷണമാണ് നടത്തുന്നതെന്നാണ് പറയുന്നത്. പുതിയ സ്വകാര്യതാ നിയമം അമേരിക്കന്‍ കമ്പനികളായ ഗൂഗിളും ഫെയ്‌സ്ബുക്കും ഡേറ്റാ ശേഖരിക്കുന്നതിനെതിരെ പരമാവധി വഘ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

ഫെയ്‌സ്ബുക് പ്രതിനിധിയാകട്ടെ ചോദ്യങ്ങളോടു സക്കര്‍ബര്‍ഗ് അമേരിക്കയില്‍ നടത്തിയതിനു സമാനമായ പ്രതികരണങ്ങളാണ് നല്‍കിയത്. സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിലും മറ്റും തങ്ങള്‍ക്ക് ഇനിയും ധാരാളം ചെയ്യാനുണ്ട്. എന്നാല്‍ ഈ കാര്യങ്ങളില്‍ തങ്ങള്‍ നല്ല പുരോഗതിയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്, തുടങ്ങിയ പ്രതികരണങ്ങളാണ് അദ്ദേഹം നടത്തിയത്.  

ഇപ്പോള്‍ നടത്തുന്ന അന്വേഷണം ഗൗരവതരത്തിലുള്ള ഒന്നാണെന്നും, കമ്മറ്റിയുടെ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമെ കണ്ടെത്തലുകള്‍ പുറത്തു വിടൂവെന്നും പറയുന്നു. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതിലും കമ്മറ്റി ഉത്കണ്ഠ രേഖപ്പെടുത്തി. 

മറ്റൊരു അഭിമുഖ സംഭാഷണത്തില്‍ കമ്മറ്റി ചെയര്‍മാന്‍ കോളിന്‍സ് പറഞ്ഞത് എന്തുമാത്രം ഡേറ്റയാണ് ഫെയ്‌സ്ബുക് ശേഖരിക്കുന്നതെന്നത് തന്നെ അദ്ഭുതപ്പെടുത്തി എന്നാണ്.

related stories