എമിറേറ്റ്‌സ് എ-380 വിമാനം ഹൈവേയില്‍ ഇറങ്ങിയോ‍? വിഡിയോ കാണാം

എമിറേറ്റ്‌സ് വിമാനം ഹൈവേയില്‍ ഇറങ്ങുമോ? അതും എമിറേറ്റ്‌സിന്റെ വമ്പന്‍ വിമാനങ്ങളിലൊന്നായ എ 380. അത്തരത്തിലുള്ള ഒരു വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നത്. യാത്രക്കിടെ ഒരു കാറില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

നേരെ മുന്നിലുള്ള റോഡിന് മുകളിലെ പാലം വഴിയാണ് എ380 വിമാനം പോകുന്നത്. ലാന്റ് ചെയ്തതിന് ശേഷം വിമാനം പാര്‍ക്ക് ചെയ്യാനായി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് വിവരം. ഹൈവേക്ക് മുകളിലായിട്ടായിരുന്നു എ380യുടെ പാര്‍ക്കിങ് സ്ഥലം. ഇതാണ് തെറ്റിദ്ധാരണക്കിടയാക്കിയത്.

അതേസമയം, നിരവധി വിമാനത്താവളങ്ങളില്‍ ഹൈവേകള്‍ക്ക് മുകളിലായി ഇത്തരത്തിലുള്ള ടാക്‌സിവേകള്‍ ഉണ്ടെന്നാണ് എമിറേറ്റ്‌സ് വക്താവ് തന്നെ അറിയിച്ചത്.

യുട്യൂബില്‍ തന്നെ തിരയുമ്പോള്‍ ഇത്തരം വിഡിയോകള്‍ കണ്ടെത്താനും സാധിക്കുന്നുണ്ട്. ആംസ്റ്റഡാം, സിംഗപൂര്‍, ജിബ്രാള്‍ട്ടര്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ ഇത്തരം വിമാന പാര്‍ക്കിങ് സംവിധാനങ്ങളുണ്ട്.

ആകെ 516 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കൂറ്റന്‍ വിമാനമാണ് എ 380. ആറ് ഭൂഖണ്ഡങ്ങളിലെ അമ്പതോളം നഗരങ്ങളിലേക്ക് എമിറേറ്റ്‌സിന്റെ എ 380 വിമാനം സര്‍വ്വീസ് നടത്തുന്നുണ്ട്. 2008 ജൂലൈയിലാണ് എമിറേറ്റ്‌സ് ആദ്യ എ 380 വിമാനം സ്വന്തമാക്കിയത്.

റോഡ് ബ്ലോക്ക് ചെയ്ത് വിമാനത്തിന് വഴിയൊരുക്കി ജിബ്രാള്‍ട്ടര്‍

തിരക്കേറിയ റോഡ് ബ്ലോക്ക് ചെയ്ത് വിമാനത്തിന് പോകാൻ വഴിയൊരുക്കുന്ന കാഴ്ചയാണ് ജിബ്രാള്‍ട്ടര്‍ എയർപോർട്ടിൽ കാണാൻ സാധിക്കുക. വിമാന ലാൻഡ് ചെയ്യാനും പാർക്കിങ്ങിനും സ്ഥലപരിമിതിയുള്ള എയർപോർട്ടാണ് ജിബ്രാള്‍ട്ടര്‍. ഇവിടത്തെ പ്രധാന റോഡിനു മധ്യത്തിലൂടെയാണ് റൺവെ പോകുന്നത്. വിമാനം വരുന്നതിന് മുൻപെ റോഡ് ബ്ലോക്ക് ചെയ്യും. പിന്നീട് വിമാനം പോയി മിനിറ്റുകൾ കഴിഞ്ഞാണ് റോഡ് തുറന്നുകൊടുക്കുക.