Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിലിടാൻ മരണം പകർത്തുന്നവർ

selfie

ലോകം ഇന്ന് സെൽഫി ദിനമായി ആഘോഷിക്കുകയാണ്. ഇത് സെൽഫിയുടെ ലോകമാണ്. എന്തിനും ഏതിനും സ്മാർട്ഫോണെടുത്ത് സെൽഫി പകർത്തുന്നത് യുവജനതക്കിടയിൽ ഹോബിയാണ്. മരിച്ചാലും ജനിച്ചാലും സെൽഫി. ഇത്തരം ഭ്രാന്തുകൾ നിരവധി തവണ ചർച്ചയായിട്ടുണ്ട്. പലരും യുവാക്കളുടെ സെൽഫി ഭ്രാന്തിനെ രൂക്ഷമായി വിമർശിക്കുന്നു.

എന്തിനെയും ഏതിനെയും ന്യൂജനറേഷനുമായി ഉപമിക്കുന്ന നമുക്ക് സെല്‍ഫിയെയും മറ്റൊരു ന്യൂജനറേഷന്‍ ഭ്രാന്തായി കണക്കാക്കാം. സ്വന്തം ചിത്രം മൊബൈല്‍ ക്യാമറയോ വെബ് ക്യാമറയോ ഉപയോഗിച്ച് സ്വയം എടുക്കുന്ന ചിത്രങ്ങളാണ് സെല്‍ഫികള്‍ എന്നു പറയുന്നത്. ആഘോഷമായാലും മരണമായാലും ഇനി തനിച്ചിരിക്കുകയാണെങ്കിലും സെല്‍ഫി പകർത്തുന്നത് ചിലർക്ക് ഹരമാണ്. എന്നാൽ ഇതുകാണുന്ന ചിലർക്ക് വെറുപ്പിക്കലുമാണ്.

ഫെയ്സ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങി സോഷ്യല്‍ മീഡിയകളില്‍ ഓരോ മണിക്കൂറിലും പതിനായിരക്കണക്കിനു സെല്‍ഫി ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്. ശരിക്കും പറഞ്ഞാല്‍ സോഷ്യൽമീഡിയ ലോകത്ത് സെല്‍ഫി ഒരു സംസ്‌കാരമായി മാറിയിരിക്കുന്നു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുള്ള സ്മാര്‍ട് ഫോണുകളുടെ കടന്നുകയറ്റമാണ് സെൽഫി സജീവമാക്കിയത്. തങ്ങളുടെ മനസിലെ സന്തോഷം, നിൽക്കുന്ന സ്ഥലം കാണിക്കാനുള്ള ആവേശം, എന്നിവ മറ്റുള്ളവരിലേക്ക് എത്തിക്കാനാണ് സെല്‍ഫി പകർത്തുന്നത്. എന്നാൽ ചില സെൽഫി പകർത്തലുകൾ അതിരുവിടുമ്പോൾ ദുഃഖവുമായി മാറുന്നു.

ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്ന സെൽഫികളെല്ലാം വിമർശിക്കപ്പെടുന്നതാണ്. മരണവീട്ടിൽ, ശവപ്പെട്ടിക്കു സമീപത്തിരുന്ന സെൽഫി പകർത്തി ആവേശം കൊള്ളുന്നവരെയാണ് പല സ്ഥലങ്ങളിലായി കണ്ടത്. ചിലർക്കിത് ആരാധന കൊണ്ടു ചെയ്യുന്നതാവാം. എന്നാൽ ചിലർക്കെങ്കിലും ഈ രംഗം ഏറെ വേദനിപ്പിച്ചതായി സോഷ്യൽമീഡിയകളിൽ വായിക്കാനായി. ഉറ്റവർ നഷ്ടപ്പെട്ട വേദനയിൽ ബന്ധുക്കൾ പൊട്ടിക്കരയുമ്പോൾ അവിടെ സെൽഫി പകർത്തുന്നത് അരോചകം തന്നെ.

അതേസമയം, പല സെല്‍ഫികളും മരണത്തിലേക്കും നീങ്ങുന്ന അവസ്ഥയാണിന്ന്. സെല്‍ഫി മരണങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇത്രയും ബോധവത്കണം ഉണ്ടായിട്ടും കൂടുതല്‍ സാഹസിക സെല്‍ഫി പകർത്താൻ യുവതി– യുവാക്കൾ ശ്രമിക്കുന്നത് എന്തുക്കൊണ്ടാകാം.

പ്രധാനമായും ലൈക്കുകളുടെ എണ്ണം വര്‍ധിപ്പിക്കലാണ് ഇത്തരം സാഹസിക സെല്‍ഫികളെടുക്കാന്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒപ്പം അപകടകരമായ സെല്‍ഫികളെടുത്ത് സുഹൃത്തുക്കള്‍ക്കിടയില്‍ ‌പേരെടുക്കലും ലക്ഷ്യമാണ്.

ഇതിനിടെ സെല്‍ഫികള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നൊരു പഠനവും വന്നിരുന്നു. സെൽഫിയിൽ സുന്ദരനും സുന്ദരിയുമാകാൻ പ്ലാസ്റ്റിക് സര്‍ജറികൾ വരെ നടത്തുന്നവരുണ്ട്. എന്നാൽ സെല്‍ഫിയുടെ കാര്യത്തിൽ സെലിബ്രിറ്റികളും പിന്നിലല്ല.

related stories