പോൺ ഒളിപ്പിക്കാൻ വാട്സാപ്പ് ‘വിദ്യ’, ഒഴിവാകുന്നത് വൻ തലവേദന

വാട്‌സാപ്പില്‍ ചപ്പും ചവറുമെല്ലാം വന്നുകൊണ്ടിരിക്കുമല്ലോ. അവ ഡൗണ്‍ലോഡു ചെയ്താല്‍ ഗ്യാലറിയിലുമെത്തും. ആരെങ്കിലും യാദൃശ്ചികമായി ഗ്യാലറി നോക്കിപ്പോയാല്‍ അത് നിങ്ങള്‍ക്ക് ചിലപ്പോള്‍ നാണക്കേടുണ്ടാക്കാം. മാതാപിതാക്കളുടെ ഫോണ്‍ കുട്ടികളോ, കുട്ടികളുടേത് മാതാപിതാക്കളൊ പരിശോധിച്ചാല്‍ ഇങ്ങനെ സംഭവിച്ചേക്കാം. എന്നാൽ ഉപയുക്തമല്ലാത്ത ഉള്ളടക്കമുള്ള ഫോട്ടോകളും വിഡിയോയും മറ്റും നിയന്ത്രിക്കാന്‍ ഇനി സാധിച്ചേക്കും. 

ഫോട്ടോയും വിഡിയോയും ഡൗണ്‍ലോഡു ചെയ്യാതെ വിട്ടാല്‍ ഇപ്പോഴും പ്രശ്‌നം തീരും. പക്ഷേ, അതു വെറുതെയൊന്ന് കണ്ടേക്കാമെന്നു വയ്ക്കുമ്പോഴാണ് പ്രശ്‌നം തുടങ്ങുന്നത്. പല തവണയാകുമ്പോള്‍ ഗ്യാലറിയില്‍ നിന്ന് ഡിലീറ്റു ചെയ്യാന്‍ മറന്നു പോയേക്കാം. ഇതിനാണ് പരിഹാരം വരുന്നത്. പുതിയ ഫീച്ചറിന്റെ പേര് മീഡിയ വിസിബിലിറ്റി എന്നാണ്. വാട്‌സാപ്പില്‍ വരുന്ന എന്തു കണ്ടെന്റാണ് തന്റെ ഫോണിന്റെ ഗ്യാലറിയിലെത്തേണ്ടതെന്ന് ഉപയോക്താവിനു തീരുമാനിക്കാം. 

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡില്‍ ടെസ്റ്റിങ് നടക്കുന്ന ബീറ്റാ പതിപ്പില്‍ (വാട്‌സാപ്പ് 2.18.195) ഈ ഫീച്ചര്‍ ലഭ്യമാണ്. അടുത്ത അപ്‌ഡേറ്റില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കിയേക്കുമെന്നാണ് കരുതുന്നത്. ഗ്യാലറിയിലേക്ക് കണ്ടന്റ് ഡൗണ്‍ലോഡ് ചെയ്യണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍.

ഈ ഫീച്ചര്‍ ആക്ടിവേറ്റു ചെയ്യാന്‍ ഒരു കോണ്‍ടാക്ട് അല്ലെങ്കില്‍ പ്രത്യേക ചാറ്റ് തിരഞ്ഞെടുക്കുക. അതിനു ശേഷം സ്‌ക്രീനിനു മുകളില്‍ വലതുവശത്തുള്ള മൂന്നു കുത്തുകളില്‍ സ്പര്‍ശിക്കുക. 'വ്യൂ കോണ്‍ടാക്ട്' തിരഞ്ഞെടുക്കുക. ഇവിടെ കസ്റ്റം നോട്ടിഫിക്കേഷനു (Custom notifications) താഴെയായി 'ഈ ചാറ്റിലെ പുതിയതായി ഡൗണ്‍ലോഡു  ചെയ്ത കണ്ടെന്റ് ഫോണിന്റെ ഗ്യലറിയില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? ('Do you want to show newly downloaded media this chat in your phone's gallery? ') എന്നു ചോദിച്ചിരിക്കുന്നു. ഇവിടെ ഡീഫോള്‍ട്ട്, യെസ്, നോ എന്നീ മൂന്ന് ഓപ്ഷനുകളാണുള്ളത്. ഇതില്‍ ഡീഫോള്‍ട്ടിലോ, എസിലോ ഇട്ടു കഴിഞ്ഞാല്‍ എല്ലാ കണ്ടന്റും ഗ്യാലറിയിലെത്തും. എന്നാല്‍ നോ തിരഞ്ഞെടുത്താല്‍ ആ ചാറ്റിലെ മീഡിയ കണ്ടന്റ് ഗ്യാലറിയിലേക്ക് ഡൗണ്‍ലോഡാവില്ല. 

എന്നാല്‍ ഇത് ഓട്ടോ ഡൗണ്‍ലോഡില്‍ നിന്ന് വ്യത്യസ്തവുമാണ്. ഓട്ടോ ഡൗണ്‍ലോഡ് ഡിസേബിൾ ചെയ്താല്‍ ചാറ്റിലുള്ള മീഡിയ കണ്ടന്റ് ഒന്നും ഡൗണ്‍ലോഡ് ചെയ്യില്ല. എന്നാല്‍, എനേബിൾ ചെയ്തു കഴിഞ്ഞാല്‍ ഫയലുകളെല്ലാം ഗ്യാലറിയില്‍ എത്തുകയും ചെയ്യും. മീഡിയാ വിസിബിലിറ്റി ഫീച്ചര്‍ പ്രകാരം നിങ്ങള്‍ക്ക് കണ്ടന്റ് ഡൗണ്‍ലോഡ് ചെയ്ത് കാണാമെങ്കിലും അത് ഗ്യാലറിയില്‍ എത്തില്ല.