വിമാനത്തിനു കീഴെ ‘തീക്കളി’; ഒരു നിമിഷം മതി വൻ ദുരന്തം സംഭവിക്കാൻ

ഭർത്താവിന്‍റെ തലയിൽ ഒറ്റകൈ മാത്രം കുത്തി തലകുത്തുന്ന യുവതി – കായികാഭ്യാസ പ്രകടനങ്ങളിൽ കണ്ടു പരിചയിച്ച ഒരു സ്ഥിരം നമ്പർ‌ എന്ന് കരുതിയാൽ തെറ്റി. പറന്നിറങ്ങാനൊരുങ്ങുന്ന ഒരു വിമാനത്തിന്‍റെ ചക്രങ്ങളെ തൊട്ടുതൊട്ടില്ലെന്ന മട്ടിലാണ് യുവതിയുടെ നിൽപ്പെന്നു കൂടി പറഞ്ഞാലെ ചിത്രം പൂർണമാകുകയുള്ളൂ. കരീബിയയിലെ സെയിന്‍റ് മാർട്ടിൻ ബീച്ചിൽ നിന്നുള്ള ഈ ദൃശ്യത്തിന് പിന്നിൽ പ്രവർത്തിച്ച ഉക്രൈൻ സ്വദേശികളായ ദമ്പതികൾ ഇപ്പോൾ കടുത്ത വിമർശനത്തിന്‍റെ തീചൂളയിലാണ്. സ്വന്തം ജീവനും മറ്റു നൂറോളം പേരുടെ ജീവനും അപകടത്തിലാക്കിയുള്ള കൈവിട്ട കളിയായിരുന്നു ഇതെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ റൺവേകളിൽ ഒന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിൻസസ് ജൂലിയാന രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാനായി താഴ്ന്നു പറന്നിരുന്ന വിമാനത്തിന് കീഴെയായിരുന്നു ദമ്പതികളുടെ അഭ്യാസ പ്രകടനം. ഭർത്താവ് ചിത്രം സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് രൂക്ഷമായ വിമർശനങ്ങളുയർന്നത്. 

എന്നാല്‍ സുരക്ഷിതമായ അകലം പാലിച്ചാണ് ഇത്തരമൊരു സാഹസിക അഭ്യാസം നടത്തിയതെന്നാണ് 36കാരനായ കൊളിസ്നിചെങ്കോ അവകാശപ്പെടുന്നത്. തന്‍റെ ഭാര്യയുടെ കാൽപാദവും വിമാനവും തമ്മിൽ മീറ്ററുകളുടെ അകലം ഉണ്ടായിരുന്നുവെന്നും എല്ലാം പരിപൂർണ നിയന്ത്രണത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിനോദസഞ്ചാരികളുടെ തലയ്ക്ക് മുകളിലൂടെ വിമാനം പറന്നിറങ്ങുന്ന സെയിന്‍റ് മാർട്ടിൻ ബീച്ച് ലോകപ്രശസ്തമായ ഉല്ലാസ കേന്ദ്രമാണ്. വിമാനങ്ങൾ പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴുമുള്ള ശക്തമായ കാറ്റ് ഗുരുതരമായ പരിക്കേൽപ്പിക്കാൻ ശക്തമാണെന്നും അതീവ ജാഗ്രത വേണമെന്നും വിനോദസഞ്ചാരികളെ ഓർമിപ്പിക്കുന്ന ബോർഡുകളും ഇവിടെ കാണാം.