വ്യാജ പോസ്റ്റുകൾ: വാട്സാപ്പിന് ഇന്ത്യയിൽ നിയന്ത്രണം വരും

വ്യാജ വാർത്തകളുടെയും പോസ്റ്റുകളുടെയും പ്രചരണം തടയുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമമായ വാട്സാപ്പിനുമേൽ കൂടുതൽ പിടിമുറുക്കാൻ കേന്ദ്രം ആലോചിക്കുന്നു. വ്യാജ പ്രചരണങ്ങൾ ആൾക്കൂട്ട കൊലപാതകങ്ങളിലേക്കു വരെ നീങ്ങിയ സാഹചര്യത്തിൽ വാട്സാപ്പിന് കേന്ദ്രം നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിനു ലഭിച്ച മറുപടിയിൽ സർക്കാർ ഒട്ടും തൃപ്തരല്ല. വീണ്ടുമൊരു നോട്ടീസ് അയക്കുന്നതിനുള്ള സാധ്യകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥൻമാരുടെ ഒരു സംഘത്തെ ഐടി മന്ത്രാലയം ചുമതലപ്പെടുത്തി. 

ഏതെല്ലാം സാങ്കേതിക നടപടിക്രമങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് വാട്സാപ്പിന് കൃത്യമായ നിർദേശം നൽകാൻ കഴിയുന്ന വിധം ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനാണ് ഇവർക്ക് നൽകിയിട്ടുള്ള നിർദേശം. ആവശ്യമെങ്കിൽ പുറമെ നിന്നുള്ള സാങ്കേതിക വിദഗ്ധരുമായും സംഘം കൂടിക്കാഴ്ച നടത്തും. 

പരസ്യ ആവശ്യങ്ങൾക്കായി പ്രത്യേക ഗ്രൂപ്പുകളും ഓരോ പരസ്യവും ഏറ്റവും കൂടുതൽ സ്വീകാര്യമാകാനിടയുള്ള ഉപയോക്താക്കളെയും കൃത്യമായി കണ്ടെത്താൻ വാട്സാപ്പിന് കഴിയുമെങ്കിൽ വ്യാജ വാർത്തകളും പ്രകോപനപരമായ സന്ദേശങ്ങളും അയക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും സമാന രീതിയിൽ തന്നെ കണ്ടെത്താൻ കഴിയണമെന്നാണ് കേന്ദ്രത്തിന്‍റെ നിരീക്ഷണം.

വ്യാജവാർത്തകളുടെ കാര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതുവരെ വാട്സാപ്പ് പേയ്മെന്‍റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയേക്കില്ലെന്നാണ് സൂചന.