Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പിന് പൂട്ടൊരുക്കി ഇന്ത്യ; 69എ നിയമം നടപ്പിലാക്കി നിയന്ത്രിക്കും

Whatsapp

ഫെയ്സ്ബുക്കിന്റയു വാട്സാപ്പിന്റെയും നിയന്ത്രണമില്ലാത്ത പോക്ക് രാജ്യത്ത് നിരവധി പ്രശ്നങ്ങളാണ് അടുത്തകാലങ്ങളിൽ ഉണ്ടാക്കിയത്. ഇവ നിയന്ത്രിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പലകോണുകളിൽ നിന്നും ആവശ്യവും ഉയരുന്നുണ്ട്. ഇതിന്റെ ഭാഗമായി അടിയന്തിര ഘട്ടങ്ങളിൽ വാട്സാപ്പ്, ഫെയ്സ്ബുക്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളെ നേരിട്ട് വിലക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്‍റെ സജീവ പരിഗണനയിലെന്നാണ് പുതിയ റിപ്പോർട്ട്.

ദേശീയ സുരക്ഷയോ പൊതു ക്രമസമാധാനമോ വെല്ലുവിളി നേരിടുന്ന ഘട്ടങ്ങളിൽ സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യമാണ് സർക്കാർ പരിഗണനയിലുള്ളത്. വ്യാജ സന്ദേശങ്ങൾ ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിച്ച സാഹചര്യത്തിൽ വാട്സാപ്പ് സ്വീകരിച്ച നടപടികളിലുള്ള അതൃപ്തിയും ഇത്തരമൊരു നീക്കത്തിന് പ്രേരകമായിട്ടുണ്ടെന്നാണ് സൂചന.

ഐടി നിയമം 69എ അനുസരിച്ച് മൊബൈൽ ആപ്ലിക്കേഷനുകൾ ബ്ലോക്കുചെയ്യാൻ സ്വീകരിക്കേണ്ട സാങ്കേതിക നടപടിക്രമങ്ങളെക്കുറിച്ച് ടെലികോം മന്ത്രാലയം ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടി കഴിഞ്ഞു. കംപ്യൂട്ടർ അനുബന്ധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവരങ്ങൾ പൊതുജനങ്ങളിലെത്തുന്നതു തടയാനുള്ള നടപടി സ്വീകരിക്കാൻ അധികാരം നൽകുന്ന വകുപ്പാണിത്.

ടെലികോം സേവനദാതാക്കൾ, ഇന്‍റർനെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎസ്പിഎഐ), സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) തുടങ്ങിയവരോടാണ് ജൂലൈ 18ന് നൽകിയ കത്തിലൂടെ ടെലികോം മന്ത്രാലയം അഭിപ്രായം ആരാഞ്ഞത്.

അവശ്യഘട്ടങ്ങളിൽ ഇന്‍റർനെറ്റിലൂടെയുള്ള വിവര കൈമാറ്റം തടയുന്നതിന് കേന്ദ്ര സർക്കാരിനോ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥനോ അധികാരം നൽകുന്ന വകുപ്പാണ് 69എ. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കൽ, രാജ്യ രക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദം, പൊതു സമാധാനം എന്നീ ഘടകങ്ങള്‍ക്ക് ഭീഷണിയുയരുമ്പോഴാകും സവിശേഷ അധികാരം പ്രയോഗിക്കുക.

വാട്സാപ്പിലൂടെ വരുന്ന സന്ദേശങ്ങളുടെ സ്വഭാവവും ഉത്ഭവ സ്ഥാനം കണ്ടെത്തലും സംബന്ധിച്ച കാര്യങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഫെയ്സ്ബുക് ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഈ വസ്തുതകളാണ് പരമപ്രധാനമെന്ന നിലയിൽ മുന്നോട്ടുവച്ചിരുന്നതെന്നും ഐടി മന്ത്രാല വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സ്വന്തം പ്ലാറ്റ്ഫോം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നതിൽ നിന്നും മാറിനിൽക്കാൻ വാട്സാപ്പിന് കഴിയില്ലെന്നും പ്രകോപനപരമായ സന്ദേശങ്ങൾ അയക്കുന്നവരെ കണ്ടെത്താനുള്ള ഉത്തരവാദിത്തം അവർക്കുണ്ടെന്നുമാണ് ഐടി മന്ത്രാലയത്തിന്‍റെ നിലപാട്. ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വ്യാജ വാർത്താപ്രചാരകരുടെ സഹായിയായി വാട്സാപ്പിനെ കണക്കിലെടുക്കാൻ നിർബന്ധിതമാകുമെന്നും നിയമനടപടികൾക്ക് വിധേയമാകേണ്ടിവരുമെന്നും വാട്സാപ്പിന് അയച്ച രണ്ടാമത്തെ സന്ദേശത്തിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

related stories