മെസേജുകളിൽ നുഴഞ്ഞുകയറ്റം, വെട്ടിത്തിരുത്ത്; വാട്സാപ്പിന് സുരക്ഷാ വീഴ്ച

വ്യാജ സന്ദേശങ്ങൾ വാട്സാപ്പിനെ വേട്ടയാടുന്നതിനിടെ ഫെയ്സ്ബുക്കിന്‍റെ അധീനതയിലുള്ള സമൂഹമാധ്യമത്തിലെ സുരക്ഷ പിഴവുകൾ തുറന്നുകാട്ടി ഇസ്രയേലിലെ സൈബർ സുരക്ഷാ ഗവേഷണ കേന്ദ്രം രംഗത്ത്. ഗ്രൂപ്പുകളിലേക്കും വ്യക്തികൾക്കും അയക്കുന്ന സന്ദേശങ്ങളിലേക്ക് നുഴ‍ഞ്ഞു കയറി ഇതിൽ മാറ്റങ്ങൾ വരുത്താൻ മൂന്നാമതൊരാൾക്ക് അനായാസം കഴിയുമെന്നാണ് കണ്ടെത്തൽ. വിശ്വാസമുള്ള സ്രോതസിൽ നിന്നുള്ള തെറ്റിദ്ധാരണ സൃഷ്ടിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ഇതുവഴി കഴിയും. 

രണ്ടു വ്യക്തികൾ തമ്മിൽ കൈമാറുന്ന സന്ദേശങ്ങൾ മറ്റൊരാൾക്ക് കാണാനോ ഉപയോഗിക്കാനോ കഴിയാത്ത വിധം എൻഡ് ടു എൻഡ് എന്‍ക്രിപ്ഷൻ വ്യക്തിഗത, ഗ്രൂപ്പ് സന്ദേശങ്ങൾക്ക് ഒരുക്കിയിട്ടുണ്ടെന്നാണ് വാട്സാപ്പ് അവകാശപ്പെടുന്നത്. ഇത് മറികടക്കുക എന്നത് ഗുരുതരമായ പ്രശ്നമാണെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

'കോട്ട്' സവിശേഷത ഉപയോഗിച്ച് ഗ്രൂപ്പ് സംഭാഷണത്തിൽ സന്ദേശം അയച്ച വ്യക്തിയെ സംബന്ധിച്ച വിവരങ്ങൾ തന്നെ മാറ്റാനാകുമെന്ന് ഇസ്രയേൽ ഗവേഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു ഗ്രൂപ്പിൽ അംഗമാകാത്ത വ്യക്തിക്കും ഇത്തരത്തിൽ തിരിമറി നടത്താനാകും. മറ്റൊരാൾ അയച്ച സന്ദേശത്തിൽ മാറ്റം വരുത്താനും ഹാക്കർമാർക്ക് സാധിക്കും. ഗ്രൂപ്പിലെ ഒരു വ്യക്തിക്ക് സ്വകാര്യ സന്ദേശം അയച്ച് ഇതിന് മറുപടി വരുമ്പോൾ ഗ്രൂപ്പിലെ എല്ലാവർക്കും കാണാവുന്ന പൊതുസന്ദേശമായി മാറ്റാനാകും.

വാട്സാപ്പിനെ ഈ ന്യൂനതകൾ അറിയിച്ചിട്ടുള്ളതായി ഗവേഷണ കേന്ദ്രം വ്യക്തമാക്കി. പ്രശ്നം സൂക്ഷ്മമായി നിരീക്ഷിച്ചുവെന്നും ഒരു ഇ–മെയിൽ സന്ദേശം മാറ്റം വരുത്തുന്നതിന് തുല്യമാണിതെന്നും എന്നാൽ എൻഡ് ടു എൻഡ് എന്‍ക്രിപ്ഷനെ ഇത് ബാധിക്കില്ലെന്നും വാട്സാപ്പ് അറിയിച്ചു.