പ്രളയം, പേമാരി വ്യാജ വിഡിയോ വ്യാപകം; ഉത്തരമില്ലാതെ വാട്സാപ്പ്

കേരളത്തില്‍ ശക്തമായ പേമാരിയും പ്രളയവും തുടരുമ്പോൾ വാട്സാപ്പിലും ഫെയ്സ്ബുക്കിലും വ്യാജ വിഡിയോകളുടെയും ചിത്രങ്ങളുടെയും ഒഴക്കാണ്. വർഷങ്ങൾ മുൻപ് പകർത്തിയതും മറ്റു സംസ്ഥാനങ്ങളിലെ, രാജ്യങ്ങളിലെ വിഡിയോകളും കേരളത്തിലേതെന്ന് പറഞ്ഞാണ് പ്രചരിപ്പിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾ ഇതെല്ലാം വിശ്വസിച്ച് കൂടുതൽ പേർക്ക് പങ്കുവെച്ച് ഭീതി കൂട്ടുന്നു. വാട്സാപ്പിലെ വ്യാജ വിഡിയോകളെ സൂക്ഷിക്കണമെന്ന് സൈബർ സെല്ലുകള്‍ പോലും മുന്നറിയിപ്പ് നൽകുന്നുണ്ട്.

വ്യാജനെ തടയുന്നതിൽ ഫെയ്സ്ബുക് പരാജയം

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡോണാൾഡ് ട്രംപിനെ അധികാരത്തിലേറ്റാൻ ഫെയ്സ്ബുക് ഉപയോക്താക്കളുടെ വ്യക്തിഗത ഡേറ്റ ദുർവിനിയോഗം ചെയ്തെന്ന ആരോപണങ്ങളെ തുടർന്ന് വ്യാജ വാർത്തകൾക്ക് തടയിടാനുള്ള ശ്രമങ്ങൾ ഇതുവരെ ഉദ്ദേശിച്ച ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്നതാണ് വസ്തുത. ഏതൊരവസ്ഥയും നേരിടാൻ ഒരുക്കമാണെന്നും പ്രതിരോധത്തിലാകുന്ന അവസ്ഥ ഇനിയുണ്ടാകില്ലെന്നും ഫെയ്സ്ബുക് സിഇഒ സക്കർബർഗ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വരാൻ പോകുന്ന വലിയ ഭീഷണിയായ വ്യാജ വിഡിയോകളെ നേരിടാൻ ഫെയ്സ്ബുക്കെന്നല്ല, ഒരു സമൂഹമാധ്യമവും തയ്യാറായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. 

ഫെയ്സ്ബുക് ഡീപ്ഫേക്സ് വിഡിയോകളുടെ ലോകം

ഡീപ്ഫേക്സ് എന്ന പേരിൽ അറിയപ്പെടുന്ന കൃത്രിമ വിഡിയോകൾ ഒറിജിനലിനെ വെല്ലുന്നവയാണ്. കൃത്രിമ വിഡിയോകൾ ഉണ്ടാക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്നതിനാൽ ഇവ തിരഞ്ഞെടുപ്പുകളെ തന്നെ സ്വാധീനിക്കുന്ന അവസ്ഥ സംജാതമാകാൻ അധിക കാലം വേണ്ടി വരില്ലെന്നാണ് വിദഗ്ധ അഭിപ്രായം. ആരുടെയും മുഖമോ ശബ്ദമോ ഒരു വിഡിയോയിലേക്ക് ചേർത്താനായി ഒരു തരം മെഷീൻ ലേണിങ് ആയ ഡീപ് ലേണിങ് ഉപയോഗിക്കുന്നതിനെയാണ് ഡീപ്ഫേക്സ് എന്നു വിശേഷിപ്പിക്കുന്നത്. പ്രോണോഗ്രാഫി വിഡിയോകൾക്കായിരുന്നു ഇത് കൂടുതലായി ഉപയോഗിച്ചിരുന്നതെങ്കിലും സമീപകാലത്ത് ചിത്രം മാറിവരികയാണ്. യുഎസ് പ്രസിഡന്‍റ് ട്രംപിനെ മുൻ പ്രസിഡന്‍റ് ഒബാമ അസഭ്യം പറയുന്ന ഒരു വിഡിയോ ബസ്ഫീഡ് അടുത്തിടെ പുറത്തുവിട്ടതോടെയാണ് പുതിയ സാങ്കേതിക വിദ്യയിലെ അപകടം പലരും മണത്തത്. ഹോളിവുഡ് സംവിധായകൻ ജോർഡൻ പീലെയുടെ ഒരു ഫൂട്ടേജിലേക്ക് ഒബാമയുടെ മുഖം ഡീപ്ഫേക്സ് സാങ്കേതിക വിദ്യ വഴി സൂപ്പർഇംപോസ് ചെയ്താണ് യഥാർഥത്തിൽ ആ വിഡിയോ നിർമിച്ചത്. ഡീപ്ഫേക്സ് എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കാനായിരുന്നു ഈ പരീക്ഷണം.

ഫോട്ടോഷോപ്പിലൂടെ മെനഞ്ഞ ചിത്രങ്ങളും വ്യാജവാർത്തകളും യുഎസ് തിരഞ്ഞെടുപ്പിൽ സൃഷ്ടിച്ച സ്വാധീനത്തെക്കാളേറെ വലുതായിരിക്കും കൃത്രിമ വിഡിയോകളുടേത്. വിഡിയോയിൽ കാണുന്നതെല്ലാം സത്യമാണെന്ന ധാരണ ശക്തമായി വരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. പെട്ടെന്ന് തിരിച്ചറിയാനാകാത്ത വ്യാജ വിഡിയോകളുടെ കുത്തൊഴുക്കിന് ഏറിവന്നാൽ 12 മാസം വരെ കാത്തിരുന്നാൽ മതിയെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. നിർമിത ബുദ്ധി ഉപയോഗിച്ച് ഓരോ ഉപയോക്താവിന്‍റെ താത്പര്യവും മനസിലാക്കി വ്യാജ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാകും. ഇതുതന്നെയാണ് യുഎസ് തിരഞ്ഞെടുപ്പിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ട രീതി. 

കൃത്രിമ വിഡിയോ കണ്ടെത്താൻ വഴിയില്ല

അമിത ലൈംഗികതയുള്ള വിഡിയോകൾ തിരിച്ചറിയാനും തടയാനും മിക്ക സമൂഹമാധ്യമങ്ങളിലും നിലവിൽ സംവിധാനമുണ്ടെങ്കിലും കൃത്രിമ വിഡിയോകളുടെ കാര്യത്തിൽ ഇത്തരത്തിലുള്ള സംവിധാനങ്ങളൊന്നും തന്നെ നിലവിലില്ല. ഡീപ്ഫേക്സ് ഏതുരീതിയിലാണ് മാരകമാകുക എന്നതു സംബന്ധിച്ച വിലയിരുത്തൽ പോലും സമൂഹമാധ്യമങ്ങൾ ആരംഭിച്ചിട്ടില്ലെന്നതാണ് വാസ്തവമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.