ട്രോളിലൂടെ ‘ചങ്ക് ബ്രോകൾ’ ഏറ്റെടുത്തു; രാജ്യത്ത് ‘കേമൻ’ കേരള പൊലീസ്

അംഗബലം കൊണ്ടും ട്രോൾ കൊണ്ടും കേരള പൊലീസിനെ വെല്ലാൻ ഇനി രാജ്യത്തെ ഒരു സേനയ്ക്കുമാകില്ല. ഫെയ്സ്ബുക്കിലെ ‘ചങ്ക് ബ്രോകൾ’ അടിച്ചു കൂട്ടിയ ലൈക്ക് കൊണ്ട് ഏറ്റവും കൂടുതൽ ലൈക്ക് നേടിയ രാജ്യത്തെ ഒന്നാം സ്ഥാനക്കാരായ പൊലീസ് സേനയായി കേരള പൊലീസ്. ലൈക്ക് കൂട്ടാൻ ട്രോളുകളുടെ സഹായവും തേടി. ബെംഗളൂരു സിറ്റി പൊലീസിന്റെ 6.46 ലക്ഷം ലൈക്കുകളെ മറികടന്നാണു കേരള പൊലീസ് രാജ്യത്തെ ഒന്നാമനായി മാറിയത്. ഇനി എല്ലാ മലയാളികൾക്കും പറയാം ഫെയ്സ് ബുക്കിൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ പൊലീസ് പേജ് നമ്മുടെ സ്വന്തം കേരള പൊലീസ്.

ചരിത്രനേട്ടത്തിനു നന്ദി പറഞ്ഞു കേരള പൊലീസ് സംഘം ഫെയ്സ്ബുക്കിൽ എത്തി. ആശയ സംവേദനത്തിന്റെ നവ മാധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യാൻ കേരള പൊലീസ് നടത്തുന്ന പരിശ്രമങ്ങൾക്കു നിങ്ങൾ നൽകുന്ന പിന്തുണയും കരുത്തുമാണ് ഈ നേട്ടത്തിനു പിന്നില്ലെന്നു കേരള പൊലീസ് പറയുന്നു. പൊലീസിന്റെ മാർഗനിർദേശങ്ങളും മുന്നറിയിപ്പുകളും കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി ഈ പേജ് കൂടുതൽ ജനകീയമാക്കുന്നതിനു സഹകരണം പ്രതീക്ഷിക്കുന്നതായാണു കേരള പൊലീസ് തങ്ങളുടെ പേജിൽ പറയുന്നത്.

ഫെയ്സ്ബുക് പേജിലെ പോസ്റ്റ്

രാജ്യത്തെ മികച്ച പൊലീസ് സേനകളിൽ ഒന്നായ കേരള പൊലീസ് മറ്റൊരു അഭിമാനകരമായ നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ഫെയ്സ്ബുക്കിലെ ഏറ്റവും കൂടുതൽ ലൈക്ക്‌ നേടിയ ഇന്ത്യയിലെ No. 1 പൊലീസ് പേജ് എന്ന ഖ്യാതി ഇനി മുതൽ കേരള പൊലീസിന് സ്വന്തം. ബെംഗളൂരു സിറ്റി പൊലീസിന്റെ 6.26 ലക്ഷത്തെ മറികടന്ന് നാം മുന്നിലെത്തിരിക്കുകയാണ്.

ആശയ സംവേദനത്തിന്റെ നവ മാധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യാൻ കേരള പൊലീസ് നടത്തുന്ന പരിശ്രമങ്ങൾക്ക് നിങ്ങൾ നൽകുന്ന പിന്തുണയും കരുത്തുമാണ് ഈ നേട്ടത്തിനു പിന്നിൽ.
കേരള പോലീസിനെ നെഞ്ചിലേറ്റിയ പ്രിയപ്പെട്ടവർക്ക് നന്ദി. കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ നമുക്ക് കൈകോർക്കാം...

മൂന്നുകോടിയിൽപരം ജനങ്ങളുള്ള കേരളത്തിൽ പോലീസിന്റെ മാർഗ്ഗ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി ഈ പേജ് കൂടുതൽ ജനകീയമാക്കുന്നതിന് പ്രിയപ്പെട്ട ചങ്കുകളുടെ സഹകരണം തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്...