വിമാനം മൂക്കുകുത്തി താഴേക്ക്; വ്യാജ വിഡിയോ കണ്ടത് ഒരു കോടി പേർ

സോഷ്യൽമീഡിയ വ്യാജ വിഡിയോകളുടെയും ചിത്രങ്ങളുടെയും കേന്ദ്രമാണ്. ഫിലിപ്പെയിൻസിലെ ചുഴലിക്കാറ്റിനിടെ അതിസാഹസികമായി ലാൻഡ് ചെയ്യുന്ന വിമാനത്തിന്റെ വ്യാജ വിഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

എന്താണ് സംഭവിച്ചതെന്നോ? സംഭവം സത്യമാണെന്നോ പോലും നോക്കാതെ നിരവധി പേരാണ് ട്വിറ്ററിലും ഫെയ്സ്ബുക്കിലും വാട്സാപ്പിലും പങ്കുവെച്ചത്. മണിക്കൂറുകൾക്കുള്ളിൽ ഒരു കോടി പേരാണ് വ്യാജ വിഡിയോ കണ്ടത്. ഒരു ലക്ഷം പേർ പങ്കുവെക്കുകയും ചെയ്തു. രണ്ടു ലക്ഷത്തോളം വിഡിയോടു പ്രതികരിക്കുകയും ചെയ്തു.

ചുഴലിക്കാറ്റിൽ കുടുങ്ങിയ ബോയിങ്–737 വിമാനം മൂക്കുകുത്തി താഴേക്ക് വീഴുന്ന വിഡിയോ ഭൂരിഭാഗം പേരും സത്യമാണെന്നാണ് വിശ്വസിച്ചത്. ചിലർ പൈലറ്റിനെ വാഴ്ത്തുന്നുണ്ട്. യാത്രക്കാർക്ക് എന്തു സംഭവിച്ചിരിക്കുമെന്ന് വരെ ആശങ്ക പങ്കുവെച്ചുള്ള കമന്റുകളും കാണാം.

തമാശയ്ക്കായി ചിലർ നിർമിച്ച ആനിമേഷൻ വിഡിയോയാണ് പ്രചരിച്ചത്. 44 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ രണ്ടു ഭാഗമായാണ് ഷെയർ ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യത്തിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നത് കാണാം. രണ്ടാം ഭാഗത്തിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് പെട്ടെന്ന് യാത്രക്കാരെ രക്ഷിക്കുന്നതാണ്.