ഗൂഗിളിന്റേയും ഫെയ്സ്ബുക്കിന്റേയും ആ 'കള്ളപ്പണി' ആപ്പിള്‍ ചെയ്യില്ല

ഫെയ്സ്ബുക്കും ഗൂഗിളും അടക്കമുള്ള വന്‍കിട കമ്പനികള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ പരസ്യമായി എതിര്‍ത്ത് ആപ്പിള്‍ സിഇഒ ടിം കുക്ക്. എച്ച്ബിഒയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഓണ്‍ലൈന്‍ മേഖലയിലെ സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗത്തിനെതിരെ ടിം കുക്ക് തുറന്നടിച്ചത്. ഫെയ്സ്ബുക്കിനേയും ഗൂഗിളിനേയും ലക്ഷ്യം വെച്ചുള്ളതാണെങ്കിലും കമ്പനികളുടെ പേരുകള്‍ പറയാതെയായിരുന്നു കുക്കിന്റെ പ്രതികരണം.

'തികച്ചും സ്വകാര്യമായ പല വിവരങ്ങളും ശേഖരിക്കുന്നത് കൂടുതല്‍ മെച്ചപ്പെട്ട സേവനം നിങ്ങള്‍ക്ക് നല്‍കാനാണെന്നാണ് പല കമ്പനികളും പ്രചരിപ്പിക്കുന്നത്. ഇത് തികച്ചും അസംബന്ധമാണ്. എനിക്ക് ആ കമ്പനികളെ വിശ്വാസമില്ല. അവര്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്' എന്നായിരുന്നു ആപ്പിള്‍ മേധാവി പറഞ്ഞത്. 

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ കാര്യത്തില്‍ തുടക്കം മുതലേ കര്‍ശനമായ നിലപാടെടുത്തിട്ടുള്ള കമ്പനിയാണ് ആപ്പിള്‍. ഏതെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും അത് എന്തിനാണ് ഉപയോഗിക്കുന്നതെന്നും ആപ്പിള്‍ വ്യക്തമാക്കാറുണ്ട്. ഐഫോണ്‍ ആപ്ലിക്കേഷനുകളില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ എന്തെല്ലാമാണ് ശേഖരിക്കുന്നതെന്നും അത് എന്തിനെല്ലാമാണ് ഉപയോഗിക്കുന്നതെന്നും വ്യക്തമാക്കാന്‍ ഈ വര്‍ഷമാദ്യം ഡെവലപ്പര്‍മാരോട് ആപ്പിള്‍ ആവശ്യപ്പെട്ടിരുന്നു. 

സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആപ്പിളിനോളം സുതാര്യമല്ല ഗൂഗിളും ഫെയ്സ്ബുക്കും അടക്കമുള്ള കമ്പനികള്‍. അഞ്ച് കോടിയോളം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുൻപാണ് പുറത്തുവന്നത്. മറ്റൊരു നാല് കോടിയോളം ഉപയോക്താക്കളുടെ അക്കൗണ്ട് ലോഗിൻ വിവരങ്ങളും ചോർന്നെന്ന് ഫെയ്സ്ബുക്ക് സംശയം പ്രകടിപ്പിച്ചതോടെ ഒൻപത് കോടി അക്കൗണ്ടുകളാണ് പ്രശ്നത്തിലായത്. 

ഫെയ്സ്ബുക്കിലേതിന് സമാനമായ സുരക്ഷാ വീഴ്ച്ച ഒരിക്കലും ആപ്പിളില്‍ സംഭവിക്കില്ലെന്ന് കുക്ക് വ്യക്തമാക്കി. നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന വ്യവസായമല്ല ഞങ്ങള്‍ നടത്തുന്നത്. എത്രത്തോളം കുറവ് വിവരങ്ങള്‍ ഉപയോക്താക്കളില്‍ നിന്ന് ശേഖരിക്കാമോ എന്നാണ് വെല്ലുവിളിയായി ഞങ്ങള്‍ കാണുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ തന്നെ രഹസ്യ ഭാഷയിലാക്കിയാണ് സൂക്ഷിക്കുന്നതെന്നും കുക്ക് പറയുന്നു. 

ഉപയോക്താക്കളുടെ വിവരങ്ങള്‍ കൂടി ഉപയോഗിച്ചാല്‍ ആപ്പിളിന്റെ പല ഉൽപ്പന്നങ്ങളും കൂടുതല്‍ വിജയിക്കുമെന്ന് പല ആപ്പിള്‍ വിമര്‍ശകരും പറയുന്നുണ്ട്. ഉദാഹരണത്തിന് ആപ്പിളിന്റെ സിരിക്ക് ഉപയോക്താക്കളുട വിവരങ്ങള്‍ കൂടി ഉപയോഗിച്ചാല്‍ അലക്‌സയെ മറികടക്കാനാകുമെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ തങ്ങളുടെ സ്വകാര്യതാ നയത്തില്‍ തൊട്ടുള്ള കളിയൊന്നും തന്റെ കാലത്തോ ഭാവിയിലോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ടിം കുക്ക് വ്യക്തമാക്കി.