ഓൺലൈൻ അവിഹിതത്തിന് ഇന്നും 40,000 പേർ, ചോർന്നിട്ടും ഭയക്കാതെ...

സാങ്കേതിക വിദ്യകളും ഇന്റർനെറ്റ് ഡിവൈസുകളും വ്യാപകമായതോടെ മനുഷ്യന്റെ സുഹൃത് ബന്ധങ്ങൾ അതിർവരമ്പുകൾ ഇല്ലാതായി. 2015 ൽ ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വലിയ വിവാദത്തിലായ ആഷ്‌ലി മാഡിസൺ വെബ്സൈറ്റിൽ ഇപ്പോഴും സന്ദര്‍ശകരുടെ തിരക്കാണ്. ഹാക്കിങ്ങിലൂടെ എല്ലാ രഹസ്യങ്ങളും പുറത്തുവന്നെങ്കിലും ഓൺലൈൻ ഉപയോക്താക്കളുടെ അവിഹിത ബന്ധം തേടിയുള്ള മാഡിസണിലേക്കുള്ള സഞ്ചാരം തുടരുകയാണ്.

2015ൽ ഹാക്കിങ്ങിന് ശേഷവും ഓരോ വര്‍ഷവും ആഷ്‌ലി മാഡിസണിൽ 20,000 പുതിയ അംഗങ്ങൾ പണം കൊടുത്തു സർവീസ് വാങ്ങുന്നു. ഓരോ ദിവസവും ആഷ്‌ലി മാഡിഷണിൽ അവിഹിത ബന്ധം തേടിയെത്തുന്നത് ശരാശരി 40,000 പേരാണ്. ഹാക്കിങ് സംഭവത്തിനു ശേഷം വെബ്സൈറ്റ് ഡേറ്റാബേസിന്റെ സുരക്ഷ പതിമടങ് വർധിപ്പിച്ചെന്നാണ് ആഷ്‌ലി മാഡിസൺ പ്രസിഡന്റ് റൂബൺ പറഞ്ഞത്.

മാഡിസണിൽ സ്ഥിരമായി സന്ദർശനം നടത്തുന്ന 3.7 കോടി ജനങ്ങളുടെ പട്ടികയാണ് ഹാക്കർമാർ പുറത്തുവിട്ടത്. സാങ്കേതിക ചരിത്രത്തിൽ തന്നെ ആദ്യമായായിരുന്നു ഇത്രയും അധികം പേരുടെ രഹസ്യവിവരങ്ങൾ ചോർത്തി ഹാക്കർമാർ പുറത്തുവിടുന്നത്. നിരവധി രാജ്യങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ മുഖംമൂടി വലിച്ചുകീറുന്നതായിരുന്നു ഈ വലിയ ഹാക്കിങ്.

അവിഹിത ബന്ധക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ് ആഷ്‌ലി മാഡിസൺ. വിവാഹം കഴിഞ്ഞിട്ടും മറ്റ് അവിഹിത ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രോൽസാഹിപ്പിക്കുന്ന ഒരു വെബ്സൈറ്റിലെ സ്വകാര്യ ഡാറ്റയാണ് പുറത്തായത്. കാനഡ ആസ്ഥാനമായുള്ള ആഷ്‌ലി മാഡിസൺ വെബ്സൈറ്റിലെ നിത്യസന്ദർശകരിൽ ഭൂരിഭാഗവും ബ്രിട്ടണിൽ നിന്നുള്ളവരാണ്. ജീവിതം ഒന്നേയുള്ളൂ, എന്നാപ്പിന്നെ അതൊന്ന് ആഘോഷമാക്കിക്കൂടേ... എന്ന മുദ്രാവാക്യവുമായാണ് വെബ്സൈറ്റിന്റെ പ്രവർത്തനം. ഇതിൽ വീണുപോയത് മിക്ക രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും ഭരണകർത്താക്കളുമാണ്. ഇവരുടെ വ്യക്തി വിവരങ്ങൾ പുറത്തുവന്നതോട ചില രാജ്യങ്ങളുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്ന ഭീതിയിലായിരുന്നു.

മിലിറ്ററി ഉദ്യോഗസ്ഥർ, എംപിമാർ എന്നിവരുടെ വ്യക്തി വിവരങ്ങൾ പുറത്തായത് രാജ്യസുരക്ഷയെ തന്നെ പ്രതിസന്ധിയിലാക്കി. എംപിമാരുടെ രഹസ്യജീവിത റിപ്പോർട്ടുകൾ പുറത്തായത് പൊതുജനങ്ങൾക്കിടയിൽ വലിയ ചർച്ചയായി. 37 ദശലക്ഷം പേരുടെ വിവരങ്ങളാണ് ഹാക്കർമാർ അന്നു പുറത്തുവിട്ടത്. വിലാസം, വയസ്സ്, ഫോൺ നമ്പറുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, സ്വകര്യജീവിത അനുഭവങ്ങൾ എന്നിയല്ലാം ഹാക്കർമാർ പുറത്തുവിട്ടിട്ടുണ്ട്.

അഡൽറ്റ് വെബ്സൈറ്റിൽ അംഗമായാൽ നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്കാരെ തിരഞ്ഞെടുക്കാം. അവരുടെ കൂടെ കറങ്ങാം, ചാറ്റ് ചെയ്യാം, യുക്തം പോലെ എന്തുമാകാം. മറ്റൊരാളു പോലും അറിയുകയുമില്ല. എല്ലാം വെബ്സൈറ്റിലെ നിങ്ങളുടെ അക്കൗണ്ടിൽ ഭദ്രം. എന്നാൽ സന്തോഷകരമായ ദാമ്പത്യം നയിക്കുന്നവരെ ‘വഴിപിഴപ്പിക്കുന്ന’ ഈ വെബ്സൈറ്റുകൾ പൂട്ടിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടാൻ തയാറായിക്കോ എന്നതായിരുന്നു ഹാക്കർമാരുടെ ഭീഷണി.