Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിൽ നിന്ന് ഒളിച്ചോട്ടം: യുവതീയുവാക്കളുടെ‌ എണ്ണം കൂടി

social-media-using-girl

രാഷ്ട്രീയ, വർഗീയ ചർച്ചകളുടെയും വിവാദങ്ങളും വാർത്തകളുടെയും വ്യാജവാർത്തകളുടെയും പടക്കളമായ ഫെയ്സ്ബുക്കിൽ നിന്ന് കൗമാരക്കാരക്കാർ ഒഴിഞ്ഞുപോകുന്നതായി റിപ്പോർട്ട്. യുഎസിലെ കൗമാരക്കാർക്കിടയിൽ നടത്തിയ പഠനത്തിൽ ഫെയ്സ്ബുക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതേ സമയം, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നിവയിൽ കൗമാരക്കാരുടെ പ്രാതിനിധ്യം കൂടുകയും ചെയ്തിരിക്കുന്നു. പഠനം അനുസരിച്ച് 80 ശതമാനത്തിലേറെ കൗമാരക്കാർ ഇൻസ്റ്റഗ്രാമും സ്നാപ്ചാറ്റും ഉപയോഗിക്കുമ്പോൾ ഫെയ്സ്ബുക് ഉപയോഗിക്കുന്ന കൗമാരക്കാർ കേവലം 36 ശതമാനമാണ്. 2016ൽ 60 ശതമാനത്തിലേറെ കൗമാരക്കാർ ഫെയ്സ്ബുക് ഉപയോഗിച്ചിരുന്നിടത്താണ് പുതിയ കണക്കുകൾ.

മുതിർന്നവരുടെ അധിനിവേശത്തെ തുടർന്ന് യുവതീയുവാക്കൾ ഫെയ്സ്ബുക് വിട്ടുപോകുന്ന പ്രവണത ഏതാനും വർഷങ്ങളായി നിലവിലുണ്ട്. കോളജ് വിദ്യാർഥികളെ ലക്ഷ്യം വച്ച് വർഷങ്ങൾക്കു മുൻപ് തുടങ്ങിയ സോഷ്യൽ നെറ്റ്‍വർക്കിൽ പുതിയ തലമുറ ആകർഷകമായി ഒന്നും കാണുന്നില്ല എന്നാണ് നിരീക്ഷണം. ഫെയ്സ്ബുക് വിട്ടുപോകുന്നവർ ഫെയ്സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലാണ് കുടിയേറുന്നത് എന്നത് കമ്പനിയെ സംബന്ധിച്ച് ആശ്വാസകരമാണെങ്കിലും സോഷ്യൽ നെറ്റ്‍വർക്ക് എന്ന നിലയ്ക്ക് ഫെയ്സ്ബുക് നേരിടുന്ന വെല്ലുവിളികൾ കമ്പനിയെ ആശങ്കയിലാഴ്‍ത്തുന്നുണ്ട്. വർഷങ്ങൾക്കു മുൻപ് ഗൂഗിളിന്റെ ഓർകുട്ടിന് സംഭവിച്ചതാണ് ഫെയ്സ്ബുക്കിനെ കാത്തിരിക്കുന്നത് എന്ന് മുൻപ് തന്നെ ഇന്റർനെറ്റ് നിരീക്ഷകരും ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

2019 ആകുമ്പോഴേക്കും ഫെയ്സ്ബുക് തകർച്ചയിലെത്തും എന്ന് വർഷങ്ങൾക്കു മുൻപ് തന്നെ നിരീക്ഷകർ പ്രവചിച്ചിരുന്നെങ്കിലും അത്തരമൊരു ഭീഷണി നിലവിൽ മുന്നിലില്ല.  മുതിർന്നവർ വളരെ സജീവമായി തുടരുന്നതും വാർത്താമാധ്യമങ്ങളുടെയും പ്രമുഖരുടെയും സാന്നിധ്യവും ഫെയ്സ്ബുക്കിന്റെ കരുത്താണ്. മുഖ്യധാരാ മാധ്യമങ്ങളുടെ സ്വഭാവത്തിലേക്ക് ഫെയ്സ്ബുക് എത്തുന്നതിനിടെയാണ് ചെറുപ്പക്കാർ പുതിയ സോഷ്യൽ നെറ്റ്‍വർക്കുകളിലേക്ക് മാറുന്നത് എന്നത് ശ്രദ്ധേയമാണ്.

related stories