വാട്സാപ്പിൽ അടിച്ചു സ്റ്റിക്കറാക്കാം, സ്വന്തം ഫോട്ടോ പോലും!

സ്വന്തം ചിത്രങ്ങൾ വച്ച് വാട്സാപ്പിൽ സ്റ്റിക്കറുകൾ നിർമിക്കാൻ ഒരു ആപ്പ്. വാട്സാപ്പിന്റെ ഏറ്റവും പുതിയതും ആകർഷകവുമായ അപ്ഡേറ്റിലുള്ള സ്റ്റിക്കറുകൾ ഫോർവേഡ് ചെയ്തു മടുത്തവർക്കു സ്വന്തമായി അവ തയാറാക്കാനുള്ള അവസരമാണ് ആപ് നൽകുന്നത്. വാട്സ് സ്റ്റിക്കേഴ്സ് (WhatsStickers-Create Personal Whatsapp Stickers) എന്ന ആപ്പുമായി എത്തുന്നത് തൃശൂർ ഇരിങ്ങാലക്കുട ആറാട്ടുപുഴ സ്വദേശികളായ നാൽവർ സംഘം, ബിഗ് ബ്രദേഴ്സ് ആണ്. 

വാട്സാപ് സ്റ്റിക്കറുകൾ സമൂഹമാധ്യമ ലോകത്തു പെട്ടെന്നു തന്നെ ഹിറ്റ് ആയെങ്കിലും സ്വന്തമായി ഇവ നിർമിക്കാൻ പ്രയാസമായിരുന്നു. ഫോട്ടോഷോപ്പ് പോലെയുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചു നിർമിക്കുന്ന ഇമേജുകൾ പിന്നീട് മറ്റ് ആപ്പുകളുടെ സഹായത്തോടെ സ്റ്റിക്കറുകൾ ആക്കി വാട്സാപ്പിൽ ഉൾപ്പെടുത്താൻ ഏറെ സമയവും വേണ്ടി വന്നിരുന്നു. ഈ പരിമിതികളെ മറികടന്ന് സ്റ്റിക്കറുകൾ അനായാസം നിർമിക്കാനും ഉപയോഗിക്കാനുമുള്ള സൗകര്യമാണു പുതിയ ആപ്പിലുള്ളത്. സ്വയം നിർമിക്കുന്ന സ്റ്റിക്കറുകൾ ഒറ്റ ടച്ചിൽ വാട്സാപ്പിന്റെ സ്റ്റിക്കർ വിഭാഗത്തിലേക്കു ചേർക്കാമെന്ന മെച്ചവുമുണ്ട്. സാങ്കേതികവിദ്യയിൽ പരിമിത ജ്ഞാനമുള്ളവർക്കു പോലും അനായാസം സ്റ്റിക്കറുകൾ നിർമിക്കാം. വിവിധ ഭാഷകളിൽ പലതരം ഫോണ്ടുകളും ഇമോജികളും ഒക്കെ ചിത്രങ്ങളും ഒക്കെ ആവശ്യനുസരണം ഉപയോഗിക്കാം. റെഡിമേഡ് സ്റ്റിക്കറുകളുടെ വൻനിരയും ആപ്പിലുണ്ട്.  

ആദ്യമായി ആപ് ഉപയോഗിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങളുടെ വിഡിയോ യൂ ട്യൂബിലും ഇവർ നൽകിയിട്ടുണ്ട്. മുളങ്ങ് പുളിക്കൽ യതീന്ദ്രരാജ്, പറപ്പൂക്കര വടക്കുംമഗലത്ത് രോഹിത് മനോമോഹൻ, ചെമ്മണ്ട ഇല്ലിക്കൽ പ്രബീൻ പ്രഹ്ളാദൻ, മുളങ്ങ് കൊറ്റിക്കൽ വീട്ടിൽ അഖിൽ ശേഖരൻ എന്നിവരാണ് ബിഗ് ബ്രദേഴ്സിലെ അംഗങ്ങൾ. ട്രോൾ ഇമേജ് എഡിറ്റർ ഉൾപ്പെടെ ഇവരുടെ മുൻ ആപ്പുകളും സൂപ്പർ ഹിറ്റാണ്. പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ രണ്ടേകാൽ ലക്ഷത്തിലേറെ ഡൗൺലോഡുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ വാട്സ് സ്റ്റിക്കേഴ്സ് നേടിക്കഴിഞ്ഞു.