Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പിലെ പുതിയ ‘ഫീച്ചർ’ തലവേദനയാകും, അശ്ലീലം സ്വീകരിക്കുന്നവര്‍ക്ക്!

Whatsapp

നിലവില്‍ വാട്‌സാപ്പില്‍ വിഡിയോയോ സന്ദേശങ്ങളോ വന്നാല്‍ നോട്ടിഫിക്കേഷനായി മാത്രമേ കാണിക്കൂ. കൂടുതല്‍ അറിയണമെങ്കില്‍ ഫോണിന്റെ ലോക്ക് തുറന്നു പോകണം. എന്നാല്‍ അപ്‌ഡേഷനോടെ വരുന്ന വിഡിയോകളുടെ ചെറു പ്രിവ്യു ഫോണ്‍ ലോക്കായിരിക്കുമ്പോള്‍ തന്നെ കാണാനാകും. ഏത് വിഡിയോയും പ്രിവ്യു കണ്ട് ഡൗൺലോഡ് ചെയ്യണോ എന്നത് തീരുമാനിക്കാനും കഴിയും. വിഡിയോ ഡൗൺലോഡിലുള്ള ആവർത്തനം ഒഴിവാക്കാൻ ഈ ഫീച്ചർ ഉപകാരപ്രദമാകുമെന്നാണ് സൂചന.

എന്നാൽ വാട്‌സാപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍ പണിയാകാൻ സാധ്യതയുണ്ട്. പൊതുവേദികളില്‍ നിങ്ങള്‍ അപമാനിതരാകാനുള്ള സാധ്യതയാണ് പുതിയ വാട്‌സാപ് അപ്‌ഡേഷന്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍ ലോക്കായി ഇരുന്നാലും വരുന്ന വിഡിയോകള്‍ കാണുന്ന വിധമാണ് വാട്‌സാപിന്റെ അപ്‌ഡേഷന്‍.

സുഹൃത്തുക്കള്‍ തമ്മിലും മറ്റും അശ്ലീല വിഡിയോകള്‍ അയയ്ക്കുന്നവര്‍ക്ക് വലിയ പൊല്ലാപ്പായി മാറും ഈ അപ്‌ഡേഷന്‍. വാട്‌സാപിന്റെ ഈ അപ്‌ഡേഷനെക്കുറിച്ച് WABetaInfo ആണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വാട്സാപ്പിന്റെ iOS 2.18.102.5 വെര്‍ഷനിലായിരിക്കും വിഡിയോ പ്രിവ്യു അപ്‌ഡേഷനുണ്ടാകുകയെന്നും അവര്‍ വ്യക്തമാക്കുന്നു. ആപ് സ്റ്റോറുകളില്‍ വൈകാതെ ഇത് ലഭ്യമായി തുടങ്ങും.

ഇത്തരം പുഷ് നോട്ടിഫിക്കേഷനുകള്‍ പാരയാകുമെന്ന് കരുതുന്നവര്‍ക്ക് രക്ഷപ്പെടാനും മാര്‍ഗ്ഗമുണ്ട്. നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സില്‍ പോയി മാറ്റങ്ങള്‍ വരുത്തിയാലാണ് അത് സാധ്യമാവുക. ലഭിക്കുന്ന സന്ദേശങ്ങളുടെ പ്രിവ്യു കാണേണ്ടതില്ലെന്ന് നോട്ടിഫിക്കേഷന്‍ സെറ്റിംങ്‌സില്‍ വ്യക്തമാക്കിയാല്‍ പൊല്ലാപ്പില്‍ നിന്നും രക്ഷപ്പെടാം.

അപ്പോള്‍ ഇനി വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ സൂക്ഷിച്ചോളൂ. വിഡിയോ മെസേജുകളുടെ പ്രിവ്യു വരുന്നുണ്ടെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ മറക്കണ്ട.

related stories