മോദി കൂടുതൽ പേർ പിന്തുടരുന്ന ലോകനേതാവ്; ഇന്‍സ്റ്റാഗ്രാമിലും തരംഗം

ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാമിൽ ലോക നേതാക്കളിൽ ഏറ്റവും കൂടുതൽ ഫോളവേഴ്സുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. 14.8 ദശലക്ഷം പേരാണ് മോദിയെ പിന്തുടരുന്നത്. ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോ, യുഎസ് പ്രസിഡന്‍റ് ട്രംപ് എന്നിവരാണ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനക്കാർ. ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകള്‍ക്കു കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പ്രതികരണങ്ങൾ ലഭിച്ച നേതാവും മോദി തന്നെയാണ്. ഈ വർഷം മോദി നടത്തിയ 80 പോസ്റ്റുകൾക്കും വിഡിയോകൾക്കുമായി 8,73,302 പ്രതികരണങ്ങളാണ് ലഭിച്ചിട്ടുള്ളത്. 

ലോക നേതാക്കളിൽ ഒരു പോസ്റ്റിനു ഏറ്റവും കൂടുതൽ ലൈക്ക് സ്വന്തമാക്കിയ വ്യക്തിയും ഇന്ത്യൻ പ്രധാനമന്ത്രി തന്നെയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‍ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും വിവാഹിതരായതിനെ തുടർന്നു വധൂവരൻമാരോടൊപ്പം മോദി പോസ്റ്റു ചെയ്ത ഫോട്ടോയാണ് ഹിറ്റായി മാറിയത്. 1,834,707 ഹേർട്ട്സ് ആണ് ഈ ചിത്രത്തിനു ലഭിച്ചത്. ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന മൂന്നു പേരുടെ ഫോട്ടോയെന്ന പ്രത്യേകതയും ഈ സ്വീകാര്യതക്കു പിന്നിലുണ്ട്. മൂവർക്കും ചേർന്നു 55 ദശലക്ഷം ഫോളവേഴ്സാണ് ഇൻസ്റ്റാഗ്രാമിലുള്ളത്. 

ഏറ്റവും കൂടുതൽ ലൈക്കുകളുടെ കാര്യത്തിൽ രണ്ടാമതെത്തിയ ഫോട്ടോയും മോദിയുടേതു തന്നെയാണ്. ലോക വാണീജ്യ ഫോറത്തിൽ പങ്കെടുക്കാനായി ഡാവോസിലെത്തിയപ്പോൾ മഞ്ഞു മൂടിയ പശ്ചാത്തലത്തിൽ ഒരു ബസ് സ്റ്റോപ്പിൽ നിൽക്കുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോയായിരുന്നു ഇത്. 16,35,978 ലൈക്കുകളാണ് ഈ ഫോട്ടോയ്ക്കു ലഭിച്ചത്.