അപ്രതീക്ഷിത വിലക്ക്, പോൺ വിറ്റ് പണമുണ്ടാക്കിയവരെ പുറത്താക്കി; മാറ്റവുമായി ടംബ്ലർ

മൈക്രോബ്ലോഗിങും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങും ഒരുമിച്ചു കൊണ്ടുപോയിരുന്ന വിഖ്യാത സൈറ്റായ ടംബ്ലര്‍ (Tumblr) അശ്ലീലതയ്ക്ക് പുതിയ നിര്‍വചനം കൊണ്ടുവന്നു. ഇതോടെ അവിടെ ഇത്തരം കണ്ടെന്റ് കൃഷി ചെയ്തു ജീവിച്ചുപോന്ന ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ അപ്രതീക്ഷിതമായി ഒഴിഞ്ഞുപോകല്‍ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ടംബ്ലറിന്റെ മേധാവി ഡെയ്‌വിഡ് കാര്‍പ് പുതിയ വിലക്കേര്‍പ്പെടുത്തിയത്. അഞ്ചു വര്‍ഷം മുൻപ് ഇത്തരം കണ്ടന്റു കൊണ്ട് കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞയാളാണ് ഇപ്പോള്‍ മാറ്റിപ്പറഞ്ഞിരിക്കുന്നതെന്നതാണ് അമ്പരപ്പ് കൂട്ടാന്‍ കാരണമായിരിക്കുന്നത്.

ടംബ്ലര്‍ പോണ്‍ ബാന്‍ ചെയ്തിരിക്കുന്നത് അശ്ലീലവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കൊണ്ടോ, സ്വന്തം കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൊണ്ടോ അല്ല, മറിച്ച് ഒണ്‍ലൈനില്‍ എന്തു കാണണമെന്നു തീരുമാനിക്കുന്ന ചില തമ്പുരാന്മാരെ പ്രീതിപ്പെടുത്താനാണ് എന്നതാണ് ടെക് ജേണലിസ്റ്റുകള്‍ പറയുന്നത്. ഇതാകട്ടെ ഇത്തരം കണ്ടെന്റെല്ലാം മൊത്ത വ്യാപാരികളിലൂടെയേ ഇനി വില്‍ക്കാനാകൂവെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് എല്ലാം കുറച്ചു കൈകളിലേക്ക് ഒതുങ്ങുന്നു.

ആപ്പിളിന്റെ ഇടപെടല്‍

കുട്ടികളുടെ അശ്ലീലത കണ്ടുവെന്നു പറഞ്ഞ് ഐഒഎസ് ആപ്‌സ്റ്റോറില്‍ നിന്ന് ടംബ്ലറിന്റെ ആപ് ആപ്പിള്‍ വലിച്ചു പുറത്തിട്ടതാണ് പോണ്‍ ബാന്‍ ചെയ്യാന്‍ അടുത്തകാലത്തുണ്ടായ പ്രധാന പ്രകോപനം. കുട്ടികളുടെ അശ്ലീലത കണ്ടെത്തിയ അപ്പോള്‍ത്തന്നെ ടംബ്ലര്‍ നീക്കം ചെയ്‌തെങ്കിലും ആപ്പിള്‍ അതുകൊണ്ടു തൃപ്തിപ്പെട്ടില്ല. പോണ്‍ വേണ്ടവര്‍ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിച്ചോളൂ ('folks who want porn can buy an Android phone') എന്നായിരുന്നല്ലോ ആപ്പിളിന്റെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ വിഖ്യാതമായ പ്രഖ്യാപനം. (ആപ്പിള്‍ ഉപകരണങ്ങളില്‍ പോണ്‍ ബ്രൗസു ചെയ്യുന്നത് കമ്പനിക്ക് തടയാനാവില്ലെന്നത് ഉറപ്പാണ്. പക്ഷേ, ആപ്‌സ്റ്റോറുകളിലെ ആപ്പുകളില്‍ പോണ്‍ വന്നാല്‍ ആപ്പിളിന് ഇടപെടാം. ഗൂഗിള്‍ പ്ലേയില്‍ ടംബ്ലര്‍ ആപ് ഇപ്പോഴും ലഭ്യമാണ്. എന്തായാലും ആപ്പിളിന്റെ പോണ്‍ വിരുദ്ധ നിലപാടു തന്നെയാണ് ടംബ്ലറിന് പുറത്തേക്കുള്ള വഴി കാണിക്കാനിടയാക്കിയത്. കൂടാതെ, ഐഒഎസിനു വെളിയിലേക്കും പുറത്താക്കലിന്റെ പ്രത്യാഘാതങ്ങള്‍ നീളാമെന്നറിയാവുന്ന ടംബ്ലര്‍ മാനേജ്‌മെന്റ് പെട്ടെന്നു തന്നെ മോഡറേറ്റര്‍മാരെ നിയമിച്ചു. അവരാകട്ടെ, പ്രശ്‌നമില്ലാത്ത കണ്ടെന്റും വലിച്ചു പുറത്തിട്ടു. ഇതിലൂടെ നിരവധി ഉപയോക്താക്കള്‍ പ്രശ്‌നത്തിലായി.

ആപ്പിളിന്റെ ഈ നീക്കത്തിലൂടെ ടംബ്ലറിന് ലക്ഷക്കണക്കിന് ഉപയോക്താക്കളെ നഷ്ടമാകുമെന്ന കാര്യം ഉറപ്പായി. കൂടാതെ പുറത്താക്കപ്പെടുന്ന, അശ്ലീലം വിറ്റു ജീവിക്കുന്ന ലൈംഗികതൊഴിലാളികളും മറ്റും ഇനി ഇതിന്റെ മൊത്ത വ്യാപാരികളെ സമീപിച്ചാലെ കൃഷി മുന്നോട്ടു കൊണ്ടുപോകാനാകൂ എന്ന നിലയും വന്നു. പടിഞ്ഞാറന്‍ നാടുകളില്‍ കലയും അശ്ലീലതയും തമ്മില്‍ നേര്‍ത്ത അതിര്‍വരമ്പാണ് ഉള്ളതെന്നും ഈ അവസരത്തില്‍ ഓര്‍ക്കണം.

2013ല്‍ ടംബ്ലറിനെ യാഹൂ 1.1 ബില്ല്യന്‍ ഡോളറിന് ഏറ്റെടുക്കുകയായിരുന്നു. ആ കാലത്ത് പോണോഗ്രാഫി ഉണ്ടെങ്കില്‍ നിങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ പോണ്‍ കണ്ടാല്‍ മുഖ്യ പരസ്യദാതാക്കള്‍ വിട്ടുനില്‍ക്കുമെന്ന് വിമര്‍ശകര്‍ ടംബ്ലറിന് മുന്നറിയിപ്പു നല്‍കിയിരുന്നു. അന്ന് യാഹൂ മേധാവി മരിസാ മേയര്‍ അതിനോട് വിയോജിപ്പു പ്രകടിപ്പിക്കുകയായിരുന്നു. ടംബ്ലര്‍ മേധാവി കാര്‍പ്പും പറഞ്ഞത് പ്രഗല്‍ഭന്മാരായ ഫോട്ടോഗ്രാഫര്‍മാര്‍ നഗ്ന ചിത്രങ്ങളും മറ്റും പോസ്റ്റു ചെയ്യുമ്പോള്‍ ചെന്ന് അശ്ലീലതയുടെ വര വരച്ച് അവരെ പുറത്താക്കാന്‍ പറ്റില്ലെന്നാണ്.

ടംബ്ലര്‍ തിങ്കളാഴ്ച പുറത്തിറക്കിയ മാനദന്ഡങ്ങള്‍ പ്രകാരം ഇനി മുതല്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രീകരണം, ലൈംഗികാവയവങ്ങളുടെ പ്രദര്‍ശനം ഇവയൊക്കെ ഒഴിവാക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, ചില ഉപയോക്താക്കള്‍ പറയുന്നത് തങ്ങള്‍ പോസ്റ്റു ചെയ്തിരുന്ന, മറയോടെയുള്ള നഗ്നതാ പ്രദര്‍ശനവും, അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചുള്ള പോസുകൾ പോലും ടംബ്ലര്‍ എടുത്തു കളഞ്ഞിരിക്കുന്നു എന്നാണ്. ഡിസംബര്‍ 17നു മുൻപ് ഇത്തരം കണ്ടെന്റെല്ലാം കെട്ടിപ്പെറുക്കി സ്ഥലം കാലിയാക്കിക്കോളണമെന്നാണ് ടംബ്ലര്‍ അവര്‍ക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

അശ്ലീല കണ്ടെന്റ് ഇനി വരരുതെന്ന നിലപാട് സെക്‌സ് വര്‍ക്കര്‍മാരെയും കണ്ടെന്റ് സൃഷ്ടാക്കളെയും വിഷമത്തിലാക്കിയിരിക്കുകയാണ്. അശ്ലീല സൈറ്റുകളായ പോണ്‍ഹബ് മുതലായവയെ സമീപിക്കാനേ ഇനി അവര്‍ക്കു സാധ്യതയുള്ളുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലൈംഗിക സ്വാതന്ത്ര്യമുള്ള രാജ്യങ്ങളില്‍ ടംബ്ലര്‍ ഏര്‍പ്പെടുത്തിയതു പോലെയുള്ള വിലക്കുകള്‍ അത് ജീവനോപാധിയായി കൊണ്ടുനടക്കുന്നവര്‍ക്ക് വിഷമങ്ങള്‍ സൃഷ്ടിക്കും. റെഡിറ്റിലും, ട്വിറ്ററിലും ഭാഗ്യപരീക്ഷണങ്ങള്‍ നടത്താനാണ് ചിലരുടെ തീരുമാനം. എന്നാല്‍, ഈ പ്ലാറ്റ്‌ഫോമുകളും അശ്ലീലം പ്രോത്സാഹിപ്പിക്കുന്ന നിലപാടില്ലാത്തവയാണ് എന്നത് അവരെ വിഷമത്തിലാക്കുന്നു. കുടിയിറക്കപ്പെട്ടവര്‍ ഒത്തു ചേര്‍ന്ന് സ്വന്തം വിതരണ ശൃംഖല തുടങ്ങലായിരിക്കും സാധ്യതയുള്ള ഒരു കാര്യമെന്നും പറയുന്നു.