Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിടിച്ചടക്കി, മോഷ്ടിച്ചു, പണമായിരുന്നു ലക്ഷ്യം; ഫെയ്സ്ബുക്കിലെ പിന്നാമ്പുറ രേഖകൾ പുറത്ത്

mark-zuckerberg

ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗങ്ങൾ സമൂഹമാധ്യമ ഭീമന്‍ ഫെയ്‌സ്ബുക്കില്‍ നിന്നു പിടിച്ചെടുത്ത ഇമെയിലുകള്‍ പുറത്തുവിട്ടു. 250 പേജുകളുള്ള രേഖകൾ ഫെയ്സ്ബുക് ഉപയോഗിക്കുന്നവർ വായിച്ചിരിക്കേണ്ടതാണ്. കമ്പനിയുടെ യഥാര്‍ഥ ലക്ഷ്യങ്ങളും തന്ത്രങ്ങളും മനസ്സിലാക്കാന്‍ അനുവദിക്കുന്ന ഇവ ഫെയ്‌സ്ബുക്കിന്റെ വിമര്‍ശകര്‍ക്ക് കമ്പനിയെ അടിക്കാന്‍ കിട്ടിയ ഏറ്റവും നല്ല വടിയാണ്. സമൂഹത്തിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നു ഭാവിക്കുമ്പോഴും പണമുണ്ടാക്കലും എതിരാളികളെ ഇല്ലാതാക്കലും ഉപയോക്താക്കളുടെ ഡേറ്റ ഖനനവും ഏതു വിധേനയും കമ്പനിയുടെ വളര്‍ച്ച നടക്കണം എന്നതുമൊക്കെയാണ് കമ്പനിയുടെ മുഖ്യ ലക്ഷ്യങ്ങള്‍. ഇക്കാര്യങ്ങൾ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നവയാണ് കമ്പനിയുടെ ഉദ്യോഗസ്ഥര്‍ പരസ്പരം അയച്ച മെയിലുകള്‍. ഫെയ്സ്ബുക്കിനെ നേരിടാൻ വിമര്‍ശകര്‍ക്ക് ഇന്നേവരെ കിട്ടിയ ഏറ്റവും നല്ല ആയുധവും ഉപയോക്താക്കള്‍ക്ക് കമ്പനിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ ലഭിച്ച അവരസരവുമാണിത്.

മാര്‍ക് സക്കര്‍ബര്‍ഗ് മേധാവിയായ ഫെയ്‌സ്ബുക്കിന്റെ ആദ്യ കാല ജോലിക്കാര്‍ അവരുടെ മീറ്റിങ് അവസാനിപ്പിക്കുക ആധിപത്യമുറപ്പിക്കല്‍ (domination) എന്ന മന്ത്രം ഉരുവിട്ടുകൊണ്ടായിരുന്നത്രെ. ഫെയ്‌സ്ബുക്കിന്റെ സ്വാര്‍ഥ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു ഇത് അര്‍ഥമാക്കുന്നത്. ലോകത്തെ ഒരുമിപ്പിക്കുക ('bringing the world closer together') എന്ന തങ്ങളുടെ മുദ്രാവാക്യം ഒരു പുകമറ മാത്രമായിരുന്നുവെന്ന് പുറത്തായ മെയിലുകള്‍ വെളിവാക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ അവര്‍ എത്രമാത്രം അനുകമ്പയില്ലാതെയാണ് പെരുമാറിയിരുന്നതെന്നും വെളിപ്പെടുത്തുന്നു.

മറ്റെന്തിനെക്കാളുമുപരി തങ്ങളുടെ വളര്‍ച്ചയ്ക്കായി ബോധപൂര്‍വ്വം യത്‌നിച്ച കമ്പനിയെ കാണാമെന്ന് ഒരു സ്വകാര്യത ഗവേഷകനായ അഷ്‌കന്‍ സോള്‍ട്ടാനി (Ashkan Soltani) നിരീക്ഷിച്ചു.

പ്രധാന നാലു ആരോപണങ്ങള്‍ ഇവയാണ്

1. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഫെയ്‌സ്ബുക് ഉപയോഗിച്ചിരുന്നവരുടെ ഡേറ്റ അവരറിയാതെ ചോര്‍ത്താന്‍ വഴികണ്ടുപിടിച്ചു

കമ്പനിയുടെ വളര്‍ച്ച ലക്ഷ്യത്തിലെത്തിക്കാനുളള ടീം (growth team) ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ എല്ലാ എസ്എംഎസ് സന്ദേശങ്ങളും കോള്‍ ഹിസ്റ്ററിയും ചോര്‍ത്തണമെന്ന് അവര്‍ 2015ല്‍ ആവശ്യപ്പെട്ടു. ഈ ഡേറ്റയെല്ലാം ഫെയ്‌സ്ബുക്കിന്റെ സെര്‍വറുകളിലേക്ക് അപ്‌ലോഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇതിലൂടെ വിവാദമായ പുതിയൊരു ഫീച്ചര്‍ കൊണ്ടുവരാന്‍ കമ്പനി ആഗ്രഹിച്ചു. 'People You May Know'. എന്നാല്‍ ആന്‍ഡ്രോയിഡിലും ഇതിന് ഉപയോക്താവിന്റെ സമ്മതം വാങ്ങണമെന്ന് നിബന്ധനയുണ്ട്. ഇതു ഉപയോക്താക്കളോടു ചോദിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ഒരു പറ്റം ഫെയ്‌സ്ബുക് എക്‌സിക്യൂട്ടീവുമാര്‍ ഭയന്നു. ജനങ്ങള്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തു പ്രചരിപ്പിക്കും. അത് കമ്പനിക്ക് വിനാശകരമായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെ പ്രൈവസി പ്രോഗ്രാമിന്റെ തലവന്‍ യുള്‍ ക്വോണ്‍ (Yul Kwon) ആണ് ഇതിനൊരു പരിഹാരം കണ്ടത്. കോള്‍ ലോഗ്‌സ് വായിക്കാനുള്ള അനുവദം ചോദിക്കുക, മറ്റു ഡേറ്റ വേണ്ട. ആന്‍ഡ്രോയിഡ് പെര്‍മിഷന്‍സ് ഡയലോഗ് കാണിക്കാതെ, ഉപയോക്താക്കളെ പറ്റിക്കുന്ന കാര്യം വെളിവാക്കുന്ന യുളിന്റെ മെയിലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതിലൊന്ന്. 

എന്നാല്‍, ജനങ്ങള്‍ അനുവദിച്ചാല്‍ മാത്രമെ അവരുടെ കോള്‍ ലോഗും മെസേജും പരിശോധിക്കുന്നുള്ളു എന്നാണ് ഇതേക്കുറിച്ച് ഫെയ്‌സ്ബുക് അവസാനം നല്‍കിയ പ്രതികരണം. എന്താണെന്നു മനസ്സിലാക്കാതെ പെര്‍മിഷന്‍ നല്‍കുന്നവരുടെ അവസ്ഥ ആലോചിച്ചു നോക്കാവുന്നതാണ്.

2. എതിരാളികള്‍ ഡേറ്റ എടുക്കുന്നത് അവസാനിപ്പിക്കണമെന്ന് സക്കര്‍ബര്‍ഗ് നേരിട്ട് ഓര്‍ഡര്‍ നല്‍കി

ഉദാഹരണത്തിന് ട്വിറ്റര്‍ വിഡിയോ ഷെയറിങ്ങിനായി വൈന്‍ (Vine) എന്ന ഫീച്ചര്‍ കൊണ്ടുവന്നു. ആറു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ഷെയർ ചെയ്യലായിരുന്നു ലക്ഷ്യം. ഇത് ആദ്യകാലത്ത് ഫെയ്‌സ്ബുക് സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനും അവസരമുണ്ടായിരുന്നു. ഇത് സക്കര്‍ബര്‍ഗിന്റെ അനുമതിയോടെ ഫെയ്‌സ്ബുക് ഇല്ലാതാക്കി എന്നാണ് ആരോപണം. പിന്നീട് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം ഈ ഫീച്ചര്‍ കൊണ്ടുവന്നു. 2016ല്‍ വൈന്‍ അടച്ചു പൂട്ടി.

3. സ്വകാര്യത ആപ് ഉപയോഗിച്ച് എതിരാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു

2013ല്‍ ഫെയ്‌സ്ബുക് ഒണാവോ (Onavo) എന്ന ഇസ്രായേലി കമ്പനിയെ വാങ്ങി. അതിന്റെ ഒണാവോ പ്രൊട്ടക്ട് ഫീച്ചര്‍ ഉപയോഗിച്ച് ബ്രൗസിങ് രീതികള്‍ മനസ്സിലാക്കാന്‍ കമ്പനിക്കായി. പ്രത്യക്ഷത്തില്‍ ഉപയോക്താക്കളുടെ ബ്രൗസിങ് സ്വകാര്യമാക്കാമെന്നാണ് ഒണാവോ കണക്ട് അവരോടു പറയുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക് അടക്കമുളള എല്ലാ ആപ്പുകളിലൂടെയും നടത്തുന്ന ചെയ്തികളിലേക്ക് ഒളിഞ്ഞു നോക്കാന്‍ അനുവദിക്കുന്നതായിരുന്നു ഇത്. ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഫെയ്‌സ്ബുക്കിനു തിരിച്ചു നല്‍കുകയായിരുന്നു ആപ് ചെയ്തിരുന്നുത്. ഈ വിവരങ്ങള്‍ പഠിച്ച് ഫെയ്‌സ്ബുക് എക്‌സിക്യൂട്ടീവുമാര്‍ എതിരാളികളെക്കുറിച്ച് നല്ല ധാരണ ഉണ്ടാക്കിയെടുത്തിരുന്നു. ഉപയോക്താക്കള്‍ ഒരോ ആപ്പും ഉപയോഗിക്കുന്നതിനെക്കുറിച്ച് നല്ല ധാരണ ലഭിക്കാന്‍ ഇതിലൂടെ സാധ്യമായി. 

കമ്പനി വാട്‌സാപ് വാങ്ങാന്‍ കരണമായത് ഇതാണെന്നാണ് ആരോപണം. വാട്‌സാപ് ഒരു ദിവസം ഏകദേശം 8.2 ബില്ല്യന്‍ മെസേജുകള്‍ അയയ്ക്കുന്നുണ്ടെന്നും, അതേസമയം ഫെയ്‌സ്ബുക് 3.2 ബില്ല്യന്‍ സന്ദേശങ്ങള്‍ മാത്രമെ അയ്ക്കുന്നുള്ളുവെന്നുമുള്ള കണ്ടെത്തലാണ് വാട്സാപ് വാങ്ങാന്‍ സക്കര്‍ബര്‍ഗ് തീരുമനിച്ചതെന്ന് പറയുന്നു. 14 ബില്ല്യന്‍ ഡോളര്‍ കൊടുത്താണ് വാട്‌സാപ് വാങ്ങുന്നത്. 2013ല്‍ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കു കടക്കുന്നുവെന്നു പറഞ്ഞ് ആപ്പിള്‍ ഒണാവോ കണക്ടിനെ ആപ് സ്റ്റോറില്‍ നിന്നു പുറത്താക്കുകയും ചെയ്തു.

4. സമൂഹമാധ്യമങ്ങളില്‍ ജനങ്ങള്‍ ഷെയർ ചെയ്യുന്നത് ഫെയ്‌സ്ബുക്കിലൂടെയാകണം

ഒരോ ഉപയോക്താവിന്റെയും സമൂഹജീവിതത്തിന്റെ കേന്ദ്രം ഫെയസ്ബുക് ആയിരിക്കണമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. ആപ് ഡെവലപ്പര്‍മാരും ഡേറ്റ ഫെയ്‌സ്ബുക്കിന് അയച്ചു കൊടുക്കണമെന്ന നിബന്ധനയും സക്കര്‍ബര്‍ഗ് കൊണ്ടുവന്നു.

വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രമുമൊക്കെ അടക്കമുള്ള ബിസിനസ് താത്പര്യങ്ങള്‍ മുന്‍നിർത്തി പ്രവര്‍ത്തിക്കുന്ന സമൂഹമാധ്യമങ്ങള്‍ സ്വകാര്യതയ്ക്ക് എത്രവലിയ ഭീഷണിയാണെന്നു മനസ്സിലാക്കാന്‍ ഇത്രയൊക്കെ മതിയെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, പുറത്തുവന്ന ഇമെയിലുകള്‍ കാര്യങ്ങളുടെ ഒരു വശം മാത്രമാണ് പറയന്നതെന്നാണ് ഫെയ്‌സ്ബുക് വിശദീകരണക്കുറിപ്പ് ഇറക്കിയത്.

related stories