68 ലക്ഷം അക്കൗണ്ടുകളിലെ സ്വകാര്യ ഫോട്ടോകള്‍ ചോർന്നു; വെട്ടിലായത് ഫെയ്സ്ബുക്

ഫെയ്സ്ബുക്കിൽ സംഭവിച്ച അതിപ്രാധാന്യമുള്ള സാങ്കേതിക പ്രശ്നത്തെ തുടർന്ന് (photo API bug) ഏകദേശം 68 ലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ ഫോട്ടോകള്‍ പുറത്തായി. തേഡ്പാര്‍ട്ടി ആപ്പുകള്‍ വഴിയാണ് സ്വകാര്യ ചിത്രങ്ങൾ പുറത്തുപോയതെന്ന് ഫെയ്‌സ്ബുക്കിന്റെ ഡെവലപ്പര്‍ ബ്ലോഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നക്കാരനായ ബഗ്ഗിനെ തളച്ചെങ്കിലും ഈ വര്‍ഷം സെപ്റ്റംബര്‍ 13 മുതല്‍ 25 വരെ പ്രവര്‍ത്തിച്ച അത് തേഡ് പാര്‍ട്ടി ആപ്പുകളെ ഉപയോക്താക്കളുടെ സ്വകാര്യ ഫോട്ടോകളിലേക്ക് കടക്കാന്‍ അനുവദിച്ചുവെന്നാണ് ഫെയ്‌സ്ബുക് പറയുന്നത്. അപ്‌ലോഡു ചെയ്യപ്പെട്ട, എന്നാല്‍ പോസ്റ്റു ചെയ്യാത്ത ഫോട്ടോകളും യൂസറുടെ ടൈംലൈനിനു വെളിയില്‍ ഷെയർ ചെയ്ത സ്വകാര്യ ചിത്രങ്ങളുമാണ് ഈ വിധിത്തില്‍ പുറത്തായതായി കമ്പനി പറയുന്നത്.

തേഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് അവരുടെ ഫോട്ടോ അക്‌സസു ചെയ്യാന്‍ ഉപയോക്താക്കള്‍ക്കു സാധിക്കും. പക്ഷേ, പൊതുവെ ഇത് അവരുടെ ടൈംലൈനില്‍ പബ്ലിഷു ചെയത ചിത്രങ്ങളില്‍ ഒതുങ്ങുകയാണ് പതിവ്. എന്നാല്‍, ടൈംലൈന്‍ ഫോട്ടോകള്‍ക്ക് അപ്പുറത്തേക്ക് പ്രവേശിക്കാന്‍ ബഗ് അവസരമൊരുക്കിയെന്നാണ് ഫെയ്‌സ്ബുക് പറയുന്നത്. ഫെയ്‌സ്ബുക്കിലേക്ക് അപ്‌ലോഡ് ചെയ്ത, എന്നാല്‍ പബ്ലിഷ് ചെയ്യാതിരുന്ന ചിത്രങ്ങളും ഇങ്ങനെ തുറന്നു കാണിക്കപ്പെട്ടുവെന്നും കമ്പനി പറയുന്നു.

ഏകദേശം 68 ലക്ഷം ഉപയോക്താക്കളുടെ ചിത്രങ്ങള്‍ 876 ഡെവലപ്പര്‍മാര്‍ ഉണ്ടാക്കിയ 1500 ആപ്പുകള്‍ക്ക് അക്‌സസ് ചെയ്യാന്‍ സാധ്യമായിരിക്കാമെന്നാണ് ഫെയ്‌സ്ബുക് പറയുന്നത്. കാര്യമായി ബാധിച്ചിരിക്കാവുന്ന ഉപയോക്താക്കളെ അവർ വിവരമറിയിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു. ഒരു ഹെല്‍പ് പേജും കമ്പനി തുറന്നിട്ടുണ്ട്. ഉപയോക്താവിന്റെ സ്വകാര്യ ഫോട്ടോകളിലേക്ക് ഏതെങ്കിലും ആപ് കടന്നു കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണിത്. ആപ് ഡെവലപ്പര്‍മാരുടെ ടൂളുകളെ ബഗ് ബാധിച്ചിരുന്നോ എന്നും പരിശോധിക്കാന്‍ അവര്‍ക്കു വേണ്ടിയും ഒരു ടൂള്‍ അടുത്തയാഴ്ച പുറത്തിറക്കുമെന്നും കമ്പനി പറയുന്നു.

ഫെയ്‌സ്ബുക് ഫോട്ടോകള്‍ അക്‌സസു ചെയ്യാന്‍ അനുമതി നല്‍കിയിരുന്ന ആപ്പുകളിലേക്ക് ലോഗ്-ഇന്‍ ചെയ്ത് ഏതെല്ലാം ഫോട്ടോകളാണ് കാണാന്‍ അനുവദിച്ചു കിടക്കുന്നതെന്നു ഉപയോക്താക്കളോട് പരിശോധിക്കാനും കമ്പനി ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കിനെ ബാധിച്ച സ്വകാര്യതാ വിവാദങ്ങളില്‍ ഏറ്റവും പുതിയതാണിത്. കേംബ്രിഡ്ജ് അനലിറ്റിക്കാ വിവാദത്തില്‍ 8.7 കോടി ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്നാണ് ആരോപണം. 

യൂറോപ്പില്‍ കാത്തിരിക്കുന്നത് 1 ബില്ല്യന്‍ ഡോളര്‍ ഫൈന്‍

അതേസമയം, സ്വകാര്യതാ ലംഘനത്തിന്റെ പേരില്‍ ഐറിഷ് ഡേറ്റാ പ്രൊട്ടക്‌ഷന്‍ കമ്മിഷന്‍ (Irish Data Protection Commission) ഫെയ്‌സ്ബുക്കിന് 1 ബില്ല്യന്‍ ഡോളര്‍ പിഴയിട്ടേക്കാം. ആളുകളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കമ്പനിക്കായില്ല എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. സ്വകാര്യ ഫോട്ടോ പുറത്തായി എന്ന വാര്‍ത്ത കമ്പനി പുറത്തുവിട്ടതിനു തൊട്ടു പിന്നാലെയാണ് അന്വേഷണം നടത്തുന്ന കാര്യം കമ്മിഷന്‍ അറിയിച്ചത്. യൂറോപ്പിലെ ജിഡിപിആര്‍ ( General Data Protection Regulation (GDPR) നിയമത്തിന്റെ ബലത്തിലാണ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നിയമം അനുശാസിക്കുന്നത് ലംഘനം നടന്നാല്‍ 26 മില്ല്യന്‍ ഡോളറോ, കമ്പനിയുടെ വാര്‍ഷിക വരുമാനത്തിന്റെ 1 ശതമാനമോ, ഏതാണു കൂടുതലെന്നു കണ്ടെത്തി ചുമത്താനാണ് നീക്കം.

എന്നാല്‍, തങ്ങള്‍ ഐറിഷ് കമ്മിഷനുമായി അടുത്തു ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.