ഫെയ്സ്ബുക്ക് നോട്ടിഫൈ അപ്ലിക്കേഷന്‍ നിര്‍ത്തുന്നു

ഫെയ്സ്ബുക്ക് ന്യൂസ് നോട്ടിഫിക്കേഷന്‍ ആപ്ലിക്കേഷന്‍ ' നോട്ടിഫൈ' നിര്‍ത്തലാക്കാന്‍ പോവുന്നെന്ന് റിപ്പോർട്ട്. ഫെയ്സ്ബുക്ക് തന്നെയാണ് പുഷ് നോട്ടിഫിക്കേഷന്‍ വഴി ഉപഭോക്താക്കളെ ഇക്കാര്യം അറിയിച്ചു കൊണ്ടിരിക്കുന്നത്. ഏകദേശം എഴുപതു പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും വിവരങ്ങളും ഫെയ്സ്ബുക്ക് ഈ ആപ്പില്‍ നല്‍കിയിരുന്നു.

ഏഴുമാസം മുൻപാണ് ഫെയ്സ്ബുക്ക് ഈ സൗകര്യം അവതരിപ്പിച്ചത്. നവംബറില്‍ ഈ ആപ്ലിക്കേഷന്‍ തുടങ്ങുമ്പോള്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഫെയ്സ്ബുക്ക് ഇത് എടുത്തു മാറ്റുമ്പോള്‍ ഇതിനായി ഉപയോഗിച്ച ടെക്‌നോളജി മറ്റു ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തും. 'നോട്ടിഫൈ എന്ന ആപ്ലിക്കേഷന്റെ ചില ഭാഗങ്ങള്‍ ഞങ്ങള്‍ മറ്റു ഫെയ്സ്ബുക്ക് ഉല്‍പ്പന്നങ്ങള്‍ക്കായി നീക്കിവയ്ക്കുകയാണ്. അതിനാല്‍ ഇനി ഈ അപ്ലിക്കേഷന്‍ ഉണ്ടായിരിക്കുന്നതല്ല 'ഇതാണ് ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സന്ദേശം.

നോട്ടിഫൈ ആപ്പ്‌ സ്റ്റോറില്‍ നിന്നും ഉടനെ നീക്കം ചെയ്യും. മെസഞ്ചര്‍ പോലെയുള്ള മറ്റു ഫെയ്സ്ബുക്ക് സംവിധാനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഇതിന്റെ ടെക്‌നോളജി ഉപയോഗപ്പെടുത്തും. ലൈവ് വാര്‍ത്തകള്‍ ഉപഭോക്താക്കളെ അറിയിക്കാന്‍ മെസഞ്ചറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനും ഫെയ്സ്ബുക്കിനു പദ്ധതിയുണ്ട്.

മെസഞ്ചറില്‍ പരീക്ഷണങ്ങള്‍ക്കായി ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിക്കുന്നു എന്നൊരു പ്രചരണം ആദ്യമേ ശക്തമായി നിലവിലുണ്ട്. ഇതിന്റെ കൂടെ മെസഞ്ചറില്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഈ പ്രചരണം കൂടുതല്‍ ശക്തിപ്പെടും. എന്നാല്‍ നോട്ടിഫൈ യെക്കാളും കൂടുതല്‍ യൂസര്‍ ബേസ് ഉള്ളതിനാല്‍ വിവരങ്ങള്‍ കൂടുതല്‍ പേരില്‍ എത്തുമെന്ന മേന്മയുമുണ്ട്.