Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിന്റെ സൗജന്യ സേവനങ്ങൾ ഇനി ഇന്ത്യ ഒട്ടാകെ

internet-faceboo

നെറ്റ് ന്യൂട്രാലിറ്റി വിവാദത്തിൽ ആടിയുലഞ്ഞ ഫെയ്സ്ബുക്കിന്റെ സൗജന്യ ഇന്റർനെറ്റ് പദ്ധതിയായ ഇന്റർനെറ്റ് ഡോട് ഓർഗ്/ ഫ്രീ ബേസിക്സ് അതിന്റെ പ്രവർത്തനം ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കുന്നു. ഫെയ്സ്ബുക്കിന്റെ സ്ഥാപകൻ മാർക്ക് സക്കർബെർഗാണ് ഈ വിവരം തന്റെ പ്രൊഫൈലിലൂടെ ലോകത്തെ അറിയിച്ചത്. ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയെ ഈ ഉദ്യമത്തിലൂടെ കണക്റ്റ് ചെയ്യുകയാണെന്ന് മാർക്ക് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ജോലി, ആശയവിനിമയം എന്നിങ്ങനെ എല്ലാ മേഖലകളിലും പൊതുജനങ്ങൾക്കു സൗജന്യ സേവനം നല്കുക എന്നതാണ് ഫെയ്സ്ബുക്കിന്റെ ഉദ്ദേശമെന്നു മാർക്ക് വ്യക്തമാക്കി. റിലയൻസ് നെറ്റ്വർക്കിൽ ആണ് ഈ സേവനം ലഭ്യമാവുക. തെരഞ്ഞെടുക്കപ്പെട്ട സേവനങ്ങൾ പണം അടയ്ക്കാതെ ഉപയോക്താവിന് ഉപയോഗിക്കാം.

ഒരു മാസം മുൻപ് ഐഐറ്റി ഡൽഹിയിൽ വെച്ച് ഇതേ സംബന്ധിച്ച സൂചനകൾ മാർക്ക് നല്കിയിരുന്നു. ലോകത്തുള്ള എല്ലാവരെയും പരസ്പരം കണക്ട് ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ഇന്ത്യയെ കണക്ട് ചെയ്യാതെ ലോകം കണക്ട് ചെയ്യാൻ സാധ്യമല്ല എന്നാണു മാർക്ക് അഭിപ്രായപ്പെട്ടത്‌ . വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, താൻ നെറ്റ് ന്യൂട്രാലിറ്റിയെ പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞെങ്കിലും, ഫ്രീ ബേസിക്സ് പോലെയുള്ള സീറോ റേറ്റിംഗ് സേവനങ്ങൾ നെറ്റ് ന്യൂട്രാലിറ്റിക്കു വിരുദ്ധമല്ല എന്ന കാഴ്ചപ്പാടാണ് പ്രകടിപ്പിച്ചത്.

ഇന്ത്യയിലെ ഫ്രീ ബേസിക്സ് വിതരണവുമായി ബന്ധപ്പെട്ടു മാർക്ക് പോസ്റ്റ്‌ ചെയ്തത് മഹാരാഷ്ട്രയിൽ നിന്നുള്ള ഗണേഷ് നിംബാൽകർ എന്ന കർഷകന്റെയും ഭാര്യയുടെയും ചിത്രമാണ്. ഫ്രീ ബേസിക്സ് അദ്ദേഹത്തെ കൃഷിയിൽ സഹായിച്ചെന്നും, കൂടുതൽ വിളവും വിലയും കിട്ടാൻ ഇത് കാരണം ആയെന്നും ചൂണ്ടിക്കാട്ടുന്നു. വരൾച്ച രൂക്ഷമായ സ്ഥലത്തായിരുന്നു പരമ്പരാഗത കൃഷി രീതികളുമായി ഗണേഷ് മുന്നോട്ടു പോയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം മുതൽ ഫ്രീ ബേസിക്സിലെ AccuWeather, Reuters Market Light പോലെയുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തിയപ്പോൾ കൃഷിയിൽ ഗുണപരമായ മാറ്റം ഉണ്ടായെന്നും സൂചിപ്പിക്കുന്നു.

ഐ ഐ റ്റി ഡൽഹിയിൽ മാർക്ക് എത്തിയ സമയത്തും സമാനമായ രീതിയിൽ ഒരു കർഷകനെ ഫെസ്യ്ബുക്കിലൂടെ പരിചയപ്പെടുത്തിയിരുന്നു. അന്ന് ഐഐടിയിലെ ചോദ്യോത്തര പരിപാടിക്ക് ശേഷം നേരെ കാണാൻ പോയത് ഈ കർഷകനെയാണ്- പേര്, ആസിഫ് മുജാവർ. ആസിഫ് മഹാരാഷ്ട്രയിലെ ഒരു സോയാബീൻ കർഷകൻ ആണ്. ആസിഫിന്റെ മക്കളെ വളർത്തുന്നതിന് ഫെയ്സ്ബുക്കിന്റെ ഇന്റർനെറ്റ്‌ ഡോട്ട് ഓർഗ് എന്ന സംവിധാനം എങ്ങനെ ഉപയോഗപ്പെടുത്തിയെന്നതിനെക്കുറിച്ചാണ് മാർക്ക് അന്ന് ഫെയ്സ്ബുക്കിൽ എഴുതിയത്.

എന്നാൽ ആസിഫിന്റെയും ഗണേഷിന്റെയും കഥകൾ ഇന്റർനെറ്റ്‌ ഡോട്ട് ഓർഗിന്റെ തട്ടിപ്പിന് മറ നല്കാൻ ആണെന്നാണ്‌ നെറ്റ് ന്യൂട്രാലിറ്റി ആക്ടിവിസ്റ്റുകളുടെ പ്രതികരണം. നെറ്റ് ന്യൂട്രാലിറ്റി വിഷയവുമായി ബന്ധപെട്ട ചോദ്യങ്ങൾ സൗകര്യപൂർവ്വം ഒഴിവാക്കി, ഇത്തരം ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി തടി രക്ഷപ്പെടുത്തുകയാണ് സക്കർബർഗ് എന്നാണ് പലരുടെയും അഭിപ്രായം. ഭാരതി എയർടെലും ഫെയ്സ്ബുക്കും സംയുക്തമായി ചേർന്ന് 17 ആഫ്രിക്കാൻ രാജ്യങ്ങളിൽ സമാനമായ സേവനങ്ങൾ ലഭ്യമാക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.