ശശികല ഇപ്പോഴെ തോറ്റിരിക്കുന്നു, ഇനി മൽസരിക്കേണ്ടതുണ്ടോ?

രാജ്യത്തെ ഭൂരിഭാഗം സോഷ്യൽമീഡിയ ഉപയോക്താക്കളും ഇപ്പോൾ തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി വിഷയമാണ് ചർച്ച ചെയ്യുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ഫെയ്സ്ബുക്ക്, ട്വിറ്റർ ഒന്നടങ്കം ശശികല മുഖ്യമന്ത്രിയാകുമോ, ആയാൽ എന്തു സംഭവിക്കും തുടങ്ങി വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. എന്നാൽ സോഷ്യൽമീഡിയയിൽ 75 ശതമാനം പേരും ശശികലയെ അംഗീകരിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

തമിഴ്നാട് രാഷ്ട്രീയ വിഷയവുമായി ബന്ധപ്പെട്ടുള്ള ഓരോ ട്വീറ്റും ശശികലക്കു എതിരാണെന്നതാണ് വസ്തുത. ഒരിക്കൽ പോലും ജനമധ്യത്തിൽ ഇറങ്ങിയിട്ടില്ലാത്ത ശശികല മുഖ്യമന്ത്രിയാകുന്നതോടെ തമിഴ്നാട്ടിൽ വൻ ദുരന്തമാകുമെന്നാണ് ചിലർ കുറിച്ചിട്ടത്. ഓൺലൈൻ വോട്ടെടുപ്പിൽ ഇപ്പോൾ തന്നെ പരാജയപ്പെട്ട ശശികലക്ക് ഒരിക്കലും തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്നാണ് സോഷ്യൽമീഡിയ നിരീക്ഷണം.

അതേസമയം, രോഷപ്രകടനത്തിനൊപ്പം ട്രോളുകളുടെയും ഒഴുക്കാണ്. തമിഴ് സിനിമകളിലെ ചിത്രങ്ങൾ ഉപയോഗപ്പെടുത്തിയും മറ്റുമുള്ള നിരവധി ട്രോളുകളാണ് ട്വിറ്റർ, ഫെയ്സ്ബുക്ക്, വാട്സാപ്പ് വഴി പ്രചരിക്കുന്നത്.