Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങനെ വാട്സാപ്പ് ഫെയ്സ്ബുക്കായി, ആ വാക്കിന് ഇനി വിലയില്ല!

whatsapp-main

ഫെബ്രുവരി 19, 2014, സാൻഫ്രാൻസിസ്‌കോ. ഫെയ്‌സ്ബുക്കിനു ഭീഷണിയായേക്കാവുന്ന വാട്‌സാപ്പിനെ ഏറ്റെടുത്ത ശേഷം മാർക്ക് സക്കർബർഗ് ലോകത്തോട് ഇങ്ങനെ പറഞ്ഞു: ‘ഫെയ്‌സ്ബുക് കുടുംബത്തിൽ അംഗമായിരിക്കുമ്പോഴും വാട്‌സാപ്പ് സ്വയംനിയന്ത്രിതവും സ്വതന്ത്രവുമായി തുടരും. വാട്‌സാപ്പിന്റെ പ്രവർത്തനങ്ങളിൽ ഫെയ്‌സ്ബുക് ഇടപെടില്ല. ഒറ്റ പരസ്യം പോലുമില്ലാതെ വാട്‌സാപ്പ് സേവനങ്ങൾ നിങ്ങൾക്കു തുടർന്നും ആസ്വദിക്കാം’.

ഫെയ്‌സ്ബുക് എന്ന ഭീമന്റെ ഭാഗമായിരിക്കുമ്പോൾ തന്നെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ വേണ്ടി സ്വതന്ത്രമായി നിലകൊള്ളാൻ തീരുമാനിച്ച വാട്‌സാപ്പ് സ്ഥാപകൻ യാൻ കൂമിന്റെ ചങ്കൂറ്റത്തെ ലോകം വാഴ്ത്തി. ടെലഗ്രാം ഉൾപ്പെടെയുള്ള എൻക്രിപ്റ്റഡ് മെസഞ്ചറുകൾ എത്തിയെങ്കിലും വാട്സാപ്പിനെ ലോകം കൈവിട്ടില്ല. അനുദിനം വളർന്നുകൊണ്ടിരുന്ന വാട്സാപ്പിൽ ഉപയോക്താക്കളുടെ എണ്ണം 100 കോടി കഴിഞ്ഞു. എന്നെങ്കിലും ഒരിക്കൽ വാട്സാപ്പ് എല്ലാം ഫെയ്സ്ബുക്കിനു മുന്നിൽ അടിയറ വയ്ക്കുമെന്നു കരുതിയവർക്കു തെറ്റിയില്ല.

whatsapp-web-logo

പലതും വാഗ്ദാനം ചെയ്യുകയും ആവർത്തിച്ചാവർത്തിച്ച് ആണയിടുകയും ചെയ്തിരുന്ന വാട്‌സാപ്പ് രണ്ടു വർഷം കഴിഞ്ഞപ്പോൾ കാലുമാറിയിരിക്കുകയാണ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയിരുന്ന വാട്‌സാപ്പ് ഇനിയങ്ങോട്ട് പ്രാധാന്യം നൽകുന്നത് ഫെയ്‌സ്ബുക്കിന്റെ പരസ്യക്കച്ചവടത്തിനായിരിക്കും.

30 ദിവസത്തിനകം വിയോജിപ്പ് അറിയിക്കാത്ത എല്ലാ ഉപയോക്താക്കളുടെയും വിവരങ്ങൾ ഫെയ്‌സ്ബുക്കിന് മറിച്ചുകൊടുക്കാനാണ് വാട്‌സാപ്പിന്റെ പുതിയ തീരുമാനം. മുൻപ് ഉപയോക്താക്കളുടെ ഫോൺ നമ്പർ മാത്രം ഉപയോഗിച്ചിരുന്ന വാട്‌സാപ്പ് പുതിയ സ്വകാര്യതാനയത്തിലൂടെ കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കുമെന്നും പുതിയ സ്വകാര്യതാ നയത്തിൽ പറയുന്നു. ഒരു പ്രൊഫൈൽ ഉണ്ടാക്കിയാൽ അത് ഡിലീറ്റ് ചെയ്യാൻ ഉപയോക്താവിന് അവകാശമില്ലാത്ത ഫെയ്‌സ്ബുക്കിന്റെ പക്കലാണ് നമ്മുടെ ഫോൺ നമ്പരും പ്രൊഫൈൽ വിവരങ്ങളും ഫോട്ടോയും ഉൾപ്പെടെയുള്ള വിവരങ്ങൾ എത്തിപ്പെടുന്നത്.

നിങ്ങളുടെ വാട്‌സാപ്പ് പ്രൊഫൈലിലെ വിവരങ്ങൾ ഫെയ്‌സ്ബുക്ക് സ്ഥാപനങ്ങൾക്കു യഥേഷ്ടം ഉപയോഗിക്കാൻ കൈമാറുന്നതിൽ എതിർപ്പുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാൻ വാട്സാപ്പ് ഉപയോക്താക്കൾക്ക് നൽകിയിരിക്കുന്ന ഒരേയൊരു അവസരം പ്രയോജനപ്പെടുത്തി ഉചിതമായ തീരുമാനമെടുക്കേണ്ട സമയമാണ്. പുതിയ സ്വകാര്യതാ നയം അംഗീകരിക്കുമ്പോഴോ വാട്സാപ്പ് സെറ്റിങ്സിൽ നിന്നോ നിങ്ങളുടെ തിരഞ്ഞെടുപ്പു നടത്താം.  

related stories