വാട്സാപ്പിൽ വരുന്നു, അത്യുഗ്രൻ ഫീച്ചറുകൾ

ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷനായ വാട്സാപ്പിൽ പുതിയ അത്യുഗ്രൻ ഫീച്ചറുകൾ വരുന്നു. ഇതിന്റെ പ്രാഥമിക പരീക്ഷണങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. ആൻഡ്രോയ്ഡ് ബീറ്റാ പതിപ്പിലാണ് ഇപ്പോൾ പരീക്ഷണം നടക്കുന്നത്. ഐഒഎസ് പതിപ്പിൽ ഈ ഫീച്ചറുകൾ നേരത്തെ ഉൾപ്പെടുത്തി പരീക്ഷിക്കുന്നുണ്ട്.

ഓരോ വാട്സാപ്പ് ഉപയോക്താവും ഒരിക്കലെങ്കിലും ആശിച്ചപോയ രണ്ടു ഫീച്ചറുകളാണ് പ്രധാനമായും വരുന്നത്. അയച്ച മെസേജുകളും ഫയലുകളും തിരിച്ചുവിളിക്കുക, അല്ലെങ്കിൽ അയച്ച മെസേജുകൾ എഡിറ്റ് ചെയ്യുക എന്നീ ഫീച്ചറുകളാണ് വാട്സാപ്പിന്റെ അടുത്ത പതിപ്പിൽ വരാൻ പോകുന്നത്. പലപ്പോഴും അയച്ച മെസേജിൽ തെറ്റുകളുണ്ടെങ്കിൽ, അല്ലെങ്കിൽ കിട്ടുന്നവരെ വേദനിപ്പിക്കുന്ന സന്ദേശങ്ങളാണെങ്കിൽ പിൻവലിക്കാനും എഡിറ്റ് ചെയ്യാനും ആഗ്രഹിച്ചു പോകാറുണ്ട്. എന്നാൽ കൈവിട്ട വാട്സാപ്പ് മെസേജുകൾ നീക്കം ചെയ്യാനോ എഡിറ്റ് ചെയ്യാനോ ഇപ്പോൾ ഓപ്ഷൻ ഇല്ല.

അയച്ച വാട്സാപ്പ് മെസേജ് എഡിറ്റ് ചെയ്യുന്നതിന്റെ വിഡിയോ നേരത്തെ ട്വിറ്ററിൽ വന്നിരുന്നു. വാട്സാപ്പിന്റെ ആൻഡ്രോയ്ഡ് 2.17.25, 2.17.26 ബീറ്റാ പതിപ്പുകളിലായി ഈ ഫീച്ചറുകൾ വരുന്നെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് ചാറ്റിലും ഈ ഫീച്ചർ ഉപയോഗപ്പെടുത്താനാകും. വാട്‌സാപ്പില്‍ അവസാനം അയച്ച സന്ദേശങ്ങളാണ് എഡിറ്റ് ചെയ്യാന്‍ കഴിയുക. എന്നാല്‍ നേരത്തെ അയച്ചിട്ടുള്ള മെസേജുകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കില്ല.

മെസേജ് സ്വീകരിക്കുന്നയാളുടെ വാട്‌സാപ്പ് ഇന്റര്‍നെറ്റുമായി കണക്ട് ചെയ്താലേ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് വാട്സാപ്പ് അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ ഫീച്ചറുകൾ എന്നു വരുമെന്നത് സംബന്ധിച്ചും വ്യക്തതയില്ല. പുതിയ ഫീച്ചറുകൾ പരീക്ഷണാടിസ്ഥാനത്തിൽ ചിലർക്ക് നൽകിയിട്ടുണ്ടെന്ന് മാത്രമാണ് അറിയുന്നത്. ഇതിനു പുറമെ മറ്റുചില ഫീച്ചറുകളും വരുമെന്നാണ് അറിയുന്നത്.