Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പിലെ പുതിയ ഫീച്ചർ നേട്ടങ്ങൾ എന്താണ് ?

Whatsapp-se-une

കാലത്തിനനുസരിച്ച് കോലം മാറിയില്ലെങ്കില്‍ എത്ര നല്ല ആപ്പാണെന്നു പറഞ്ഞിട്ടും കാര്യമില്ല. ആ സത്യം തിരിച്ചറിഞ്ഞു കൊണ്ട് വാട്‌സാപ്പ് പുതിയ ചില മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ്. കുറെ മാറ്റങ്ങള്‍ നിലവില്‍ വന്നു കഴിഞ്ഞു. ഇത്തരത്തിലുള്ള പുതിയ പത്തു മാറ്റങ്ങളെ പരിചയപ്പെടൂ.

1. കോള്‍ ബാക്ക്

പലപ്പോഴും വാട്‌സാപ്പില്‍ കോള്‍ വന്നാല്‍ നമ്മള്‍ അറിയാറില്ല. കോള്‍ ബാക്ക് ഓപ്ഷന്‍ വേണമെന്ന് ഉപഭോക്താക്കള്‍ മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. വാട്‌സാപ്പിന്റെ v2.16.189 വെര്‍ഷനില്‍ ഇതിനുള്ള സൗകര്യമുണ്ട്. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ മാത്രമേ ഇത് ലഭ്യമാകൂ. പ്ലേ സ്റ്റോറില്‍ നിന്നും ഇത് കിട്ടില്ല. ആപ്പിന്റെ പുതിയ ബീറ്റ വേര്‍ഷന്‍ കിട്ടണമെങ്കില്‍ എപികെ മിറർ വെബ്സൈറ്റില്‍ നിന്നും എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യണം.

2. വോയ്‌സ് മെയില്‍

ചാറ്റ് ബോക്‌സിലെ മൈക്ക് ഐക്കണ്‍ പ്രസ് ചെയ്തു പിടിച്ചാല്‍ വോയ്‌സ് മെയില്‍ അയക്കാം. ഇതും കിട്ടണമെങ്കില്‍ എപികെ മിറർ വെബ്സൈറ്റില്‍ നിന്നും apk ഫയല്‍ ഡൗണ്‍ലോഡ് ചെയ്യണം.

3. ക്വോട്ട് ചെയ്യാം

മെസേജുകളില്‍ നിന്നും ഒരുഭാഗം എടുത്ത് ക്വോട്ട് ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ ആപ്പില്‍ നിലവിലുണ്ട്. മേസേജുകള്‍ക്ക് മറുപടി നല്‍കാനാണ് ഇത് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഒരു മെസേജ് സെലക്റ്റ് ചെയ്യുമ്പോള്‍ തന്നെ മറുപടി നല്‍കാനുള്ള ഓപ്ഷന്‍ മേലെ ഭാഗത്ത് വരും. ആവശ്യമുള്ള മറുപടി കൂടി ഇതിന്റെ കൂടെ ടൈപ് ചെയ്ത് 'Send' ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതി. ഗ്രൂപ്പ് ചാറ്റുകളിലും സിംഗിള്‍ ചാറ്റുകളിലും ഒരേപോലെ പ്രവര്‍ത്തിക്കുന്ന ഈ ഫീച്ചറിന്റെ പ്രിവ്യൂ കാണാനുള്ള ഓപ്ഷനുമുണ്ട്.

4. പുതിയ ഫോണ്ടുകള്‍

ഒരേ ഫോണ്ട് തന്നെ കണ്ടു ബോറടിച്ചെങ്കില്‍ വഴിയുണ്ട്. പുതിയ ഫോണ്ടുകളില്‍ ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന്‍ വാട്‌സാപ്പ് അവതരിപ്പിച്ചു. ഫോണ്ട് മാറ്റാന്‍ മൂന്നുതവണ '(`)' ഈ ചിഹ്നം പുതിയ ഫോണ്ടില്‍ ആക്കേണ്ട വാചകത്തിന് മുന്‍പെയും പിന്‍പെയും കൊടുക്കേണ്ട ആവശ്യമുണ്ട്. ഇതിത്തിരി ബുദ്ധിമുട്ട് തന്നെയാണ്. വിന്‍ഡോസിലെ Fixedsys typeface നു സമാനമാണ് ഇത്.

5. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ

വാട്‌സാപ്പിലെ എല്ലാ മേസേജുകള്‍ക്കും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അയക്കുന്ന വ്യക്തിയും സ്വീകരിക്കുന്ന നമ്പറും മാത്രം മെസേജുകള്‍ വായിക്കുന്നു എന്നുറപ്പു വരുത്താനാണിത്. വാട്‌സാപ്പ് കോളുകള്‍ക്കും ഇത് ബാധകമാണ്. രണ്ടുപേര്‍ സംസാരിക്കുന്നത് മൂന്നാമതൊരാള്‍ക്ക് ചോര്‍ത്താനാവില്ല.

6. മ്യൂസിക് ഷെയറിംഗ്

ആപ്പിള്‍ മ്യൂസിക് സ്റ്റോറില്‍ നിന്നും സ്വന്തം ഫോണില്‍ സേവ് ചെയ്തു വച്ചിരിക്കുന്ന ലിസ്റ്റില്‍ നിന്നുമെല്ലാം ഇഷ്ടമുള്ള പാട്ടുകള്‍ ഷെയര്‍ ചെയ്യാം. iOS ഡിവൈസുകളില്‍ ആയിരിക്കും ആദ്യം ഈ ഫീച്ചര്‍ പ്രത്യക്ഷപ്പെടുക.

7. വാട്‌സാപ്പ് മെന്‍ഷൻ

വരാന്‍ പോകുന്ന മറ്റൊരു ഫീച്ചറാണ് വാട്‌സാപ്പ് മെന്‍ഷന്‍. ഫെയ്സ്ബുക്കില്‍ ചെയ്യുന്ന പോലെ '@' ഉപയോഗിച്ച് ഒരാളെ മെന്‍ഷന്‍ ചെയ്ത് മറുപടി നല്‍കാന്‍ ഇതിലൂടെ ആവും. മെന്‍ഷന്‍ ചെയ്ത പേര് വേറെ നിറത്തില്‍ കാണിക്കും. ഒരു ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാനുള്ള ക്ഷണവും ഉടനെ വരും. ഇതിനായുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉടനെ ക്ഷണിക്കപ്പെടുന്ന വ്യക്തി ഗ്രൂപ്പില്‍ അംഗമായി മാറും.

8. ജിഫ് സപ്പോർട്ട്

ഈ സൗകര്യം ആദ്യമെത്തുന്നത് ഐഒഎസ് ആപ്പിലായിരിക്കും. വിചാറ്റ്, ലൈൻ തുടങ്ങിയ ആപ്ലിക്കേഷന്‍സില്‍ ഇത് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

9. വലിയ ഇമോജി

വാട്‌സാപ്പില്‍ ഉടന്‍ തന്നെ വലിയ ഇമോജികള്‍ അയക്കാന്‍ സാധിക്കും. ഐഒഎസ് 10 ലായിരിക്കും ഇത് ആദ്യം വരിക.

10. വിഡിയോ കോളിംഗ്

കഴിഞ്ഞ മേയ് മാസത്തില്‍ ആന്‍ഡ്രോയിഡിന്റെ ബീറ്റ വേര്‍ഷനില്‍ വിഡിയോ കോളിംഗ് സൗകര്യം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അപ്രത്യക്ഷമാവുകയാണ് ഉണ്ടായത്. ഗൂഗിള്‍ പ്ലേയില്‍ Android update (v2.16.80) ലൂടെ ഈ ഫീച്ചര്‍ വീണ്ടും തിരിച്ചു വരുമെന്നറിയുന്നു.