‘ശല്യക്കാരൻ’ സക്കർബർഗിനെ വാട്ട്സാപ് അന്നേ ഒഴിവാക്കി യതായിരുന്നു; എന്നിട്ടും ഈ ചതി...

ആരാണു ചതിച്ചത്? പരമ്പര-2

1900 കോടി ഡോളർ!! വാട്ട്സാപ്പിനെ ഈ തുകയ്ക്ക് ടെക്നോ ഭീമൻ ഫെയ്സ്ബുക്ക് ഏറ്റെടുക്കുന്നുവെന്ന വാർത്തയ്ക്കു മുന്നില്‍ ലോകം അന്തംവിട്ടിരുന്നു പോയെന്നതു സത്യം. ഫെയ്സ്ബുക്കിന്റെ ഇന്നുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു അത്. വാട്ട്സാപ് ഉടമസ്ഥരായ ജാൻ കോമും ബ്രയാനും ഒരൊറ്റ രാത്രി കൊണ്ട് ശതകോടീശ്വരന്മാരായി. 2014 ഫെബ്രുവരിയിൽ എഫ്ബി ഏറ്റെടുക്കുമ്പോൾ 45 കോടി മാത്രമായിരുന്നു വാട്ട്സാപ്പിന്റെ ഉപയോക്താക്കൾ. വേണമെങ്കിൽ കരുത്തനായ മറ്റൊരു മെസേജിങ് ആപ്പിനു മറികടക്കാവുന്നതേയുള്ളൂ ഇത്. എന്നിട്ടും ഇത്തരമൊരു ‘കടുംകൈ’യ്ക്ക് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗ് മുതിർന്നത് എന്തുകൊണ്ടാണെന്നറിയാൻ പക്ഷേ ഉപയോക്താക്കൾക്ക് രണ്ടു വർഷം കൂടി കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം.

‘ഒരു ഡോളർ’ ബലത്തിൽ വളർന്ന വാട്ട്സാപ്

2014 ജനുവരിയിലാണ് തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം 123 കോടി കടന്നതായി ഫെയ്സ്ബുക്ക് അറിയിക്കുന്നത്. സ്വാഭാവികമായും ആരാണ് രണ്ടാം സ്ഥാനത്തെന്ന ചോദ്യമുയർന്നു. ഉത്തരത്തിന്റെ വിരൽ നീണ്ടത് വാട്ട്സാപ്പിനു നേരെ. ദിനംപ്രതിയെന്ന വണ്ണമായിരുന്നു വാട്ട്സാപ് യൂസർമാരുടെ എണ്ണം കുതിച്ചുയർന്നിരുന്നത്. ടെക്നോ വിദഗ്ധരുടെ കണക്കുകൂട്ടൽ പ്രകാരമാണെങ്കിൽ, ഇപ്പോക്കുപോയാൽ 2015 അവസാനമാകുമ്പോഴേക്കും വാട്ട്സാപ് ഉപയോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഉറപ്പായിരുന്നു. മൊബൈലിൽ ശല്യപ്പെടുത്താൻ ബാനറായോ ‘പോപ് അപ്’ ആയോ പരസ്യങ്ങളൊന്നും വരില്ല എന്നതാണ് വാട്ട്സാപ്പിനെ യൂസർമാരുടെ പ്രിയപ്പെട്ടതാക്കിയത്. കാശുകൊടുത്ത് ‘അപ്ഗ്രേഡ്’ ചെയ്യേണ്ട ആവശ്യവുമില്ല. ഫെയ്സ്ബുക്കിലാകട്ടെ ചാറ്റിങ്ങും ഷെയറിങ്ങും പോസ്റ്റിങ്ങുമെല്ലാം പരസ്യബാനറുകൾക്കിടയിലാണിപ്പോൾ സംഭവിക്കുന്നത്.

വാട്ട്സാപ്പിന്റെ 56 എൻജിനീയർമാർ മുഴുവൻ സമയവും ആപ്പിന്റെ മികവിനു വേണ്ടിയുള്ള പുതിയ ഫീച്ചറുകളൊരുക്കുന്ന തിരക്കിലും. ആകെയുള്ള പ്രധാന വരുമാനമെന്നു പറയുന്നത് വർഷത്തിലൊരിക്കൽ യൂസർമാരിൽ നിന്ന് ഈടാക്കുന്ന ഒരു ഡോളർ മാത്രമായിരുന്നു. അതാകട്ടെ ചില രാജ്യങ്ങളിൽ പ്രായോഗികമായിരുന്നില്ല താനും. കമ്പനിക്ക് ആകെ ലഭിക്കുന്ന പ്രതിവർഷ വരുമാനമാകട്ടെ ഏകദേശം രണ്ട് കോടി ഡോളർ മാത്രവും. വെൻച്വർ ക്യാപിറ്റൽ കമ്പനിയായ ‘സെക്വായ ക്യാപിറ്റ’ലിന്റെ സാമ്പത്തിക പിന്തുണയാണ് അവിടെയും സഹായകരമായത്. വിവരങ്ങൾ ‘ഷെയർ’ ചെയ്യുന്ന കാര്യത്തിൽ ഫെയ്സ്ബുക്കിനെയും അതിന്റെ മേസേജിങ് സേവനമായ മെസഞ്ചറിനെയും മറികടന്ന് വാട്ട്സാപ് മുന്നേറുമെന്നു തോന്നിപ്പിച്ച നിമിഷത്തിലാണ് മാർക്ക് സക്കർബർഗിന്റെ നിർണായക നീക്കം. 1900 കോടി ഡോളറെന്ന കണ്ണഞ്ചിപ്പിക്കുന്ന ഓഫറിൽ വീണു പോകാതെ തരമില്ലായിരുന്നു വാട്ട്സാപ്പിന്. പക്ഷേ, അന്നും ഇപ്പോഴും രഹസ്യമാണ്, എന്തെല്ലാം ഉപാധികളോടെയാണ് ഫെയ്സ്ബുക്ക് വാട്ട്സാപ്പിനെ ഏറ്റെടുത്തുവെന്നത്.

‘നമുക്കൊന്നിരുന്നാലോ?’- തുടക്കം ആ ചോദ്യത്തിൽ നിന്ന്...

‘ശല്യക്കാരൻ’ എന്ന് പറയാതെ പറഞ്ഞ് ആദ്യമേ തന്നെ സക്കർബർഗിനെ ഒഴിവാക്കേണ്ടതായിരുന്നു ജാൻ കോം. പക്ഷേ ബ്രയാൻ നിർബന്ധിച്ചു-‘സക്കർബർഗിനെപ്പോലെ ഒരാൾ നമ്മളുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുമ്പോൾ അതിനെ ഇങ്ങനെയല്ല നേരിടേണ്ടത്...’ ആ വാക്കുകളിൽ തട്ടിയാണ് സത്യത്തിൽ വാട്ട്സാപ് എഫ്ബിയുടെ കൈകളിലേക്കു വീഴുന്നത്. കാരണം, ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ വാട്ട്സാപ്പിലുള്ള തന്റെ താത്പര്യം ജാനിനോട് തുറന്നുപറഞ്ഞു ഫെയ്സ്ബുക്കിന്റെ സിഇഒ. 2012ലായിരുന്നു അത്. കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള സക്കര്‍ബർഗിന്റെ ഇമെയിലിന് ‘സെർവറുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്ക് ഒരു യാത്ര പോകുകയാണെന്ന’ തണുപ്പൻ മറുപടിയായിരുന്നു ജാൻ നൽകിയത്. ‘പക്ഷേ യാത്രയ്ക്കും മുൻപേ നമുക്കൊന്നിരുന്നാലോ’ എന്നായിരുന്നു സക്കർബർഗിന്റെ മറുചോദ്യം. ‘ വല്ലാതെ നിർബന്ധിക്കുന്നു’ എന്നു കാണിച്ച് ബ്രയാനും സെക്വയ ക്യാപിറ്റലിന്റെ പ്രതിനിധി ജിം ഗട്ട്സിനും ഇമെയിലയച്ചു ജാൻ. പക്ഷേ കൂടിക്കാഴ്ചയ്ക്ക് പോകാനായിരുന്നു ബ്രയാന്റെ നിർദേശം. ഒരിക്കൽ അദ്ദേഹം ജോലിയന്വേഷിച്ച് ഫെയ്സ്ബുക്കിന്റെ വാതിലിലും മുട്ടിയതാണ്.

എന്തായാലും കൂടിക്കാഴ്ച നടന്നു. രണ്ടു കമ്പനികളെയും ‘ഒരുമിപ്പിക്കാൻ’ താൽപര്യമുണ്ടെന്ന കാര്യം സക്കർബർഗ് വ്യക്തമാക്കി. ലഞ്ചിലായിരുന്നു തുടക്കം, പിന്നെയത് ഇടയ്ക്കിടെയുള്ള ഡിന്നറുകളിലേക്കും ‘കാഷ്വൽ’ കൂടിക്കാഴ്ചകളിലേക്കുമെല്ലാം മാറി. വാട്ട്സാപ് നേരിടുന്ന പ്രധാന പ്രശ്നം ശമ്പളമല്ലെന്നതും പുതിയ ഫീച്ചറുകൾ നടപ്പാക്കാനുള്ള സാങ്കേതികസൗകര്യത്തിന്റെ അഭാവമാണെന്നും സക്കർബർഗിനു പിടികിട്ടി. ആ നൂലിഴയില്‍ പിടിച്ച് അദ്ദേഹം മുന്നോട്ടുനീങ്ങി. സൗഹൃദത്തിന്റെ തലത്തില്‍ നിന്ന് പതിയെപ്പതിയെ വാണിജ്യതലത്തിലേക്ക് ആ കൂട്ടുകെട്ട് മാറുകയും ചെയ്തു. അനുനയങ്ങളുടെയും ചർച്ചകളുടെയും രണ്ടു വർഷക്കാലത്തിനൊടുവിൽ ‘നോ’ എന്നു പറയാനാകാത്ത വിധം കനത്ത തുക വാഗ്ദാനം ചെയ്ത് ഫെയ്സ്ബുക്ക് ജാനിനെയും ബ്രയാനെയും കൊണ്ട് സമ്മതിപ്പിച്ചെടുത്തു-അങ്ങനെ 1900 കോടി ഡോളറിന് വാട്ട്സാപ്പ് എഫ്ബിക്കു സ്വന്തം.

400 കോടി ഡോളർ പണമായും ബാക്കി തുക വിവിധ ഓഹരികളായുമാണു നൽകിയത്. ഫെയ്സ്ബുക്ക് ബോർഡിൽ ജാൻ കോമും അംഗമായി. നികുതി ഒഴിവാക്കി 680 കോടി ഡോളറാണ് അദ്ദേഹത്തിനു ലഭിച്ചത്. 300 കോടി ബ്രയാനും ലഭിച്ചു. സെക്വയ ക്യാപിറ്റലിനെയും ഫെയ്സ്ബുക്ക് ഒഴിവാക്കിയെടുത്തു. കണ്ണുതള്ളിപ്പോകുന്ന 350 കോടി ഡോളറാണ് അവർക്ക് നൽകിയത്. ഓർക്കണം, വെറും 5.8 കോടി ഡോളറാണ് സെക്വയ വാട്ട്സാപ്പിനു വേണ്ടി നിക്ഷേപിച്ചിരുന്നത്. അതോടെ പൂർണമായും ഫെയ്സ്ബുക്കിന്റെ കൈപ്പിടിയിലായി വാട്ട്സാപ്. പക്ഷേ അപ്പോഴും ഏറ്റെടുക്കൽ കരാറിലെ ബാക്കി വ്യവസ്ഥകളെല്ലാം അജ്ഞാതം.

ഒരു കാര്യം മാത്രം സക്കർബർഗ് ഉറപ്പിച്ചു പറഞ്ഞു- ‘വാട്ട്സാപ്പിന്റെ നയപരമായ ഒരു കാര്യത്തിലും ഞങ്ങൾ ഇടപെടില്ല. മറിച്ച്, അതിനെ ലോകത്തിലെ മുൻനിര മെസേജിങ് ആപ്പാക്കി മാറ്റാനുള്ള എല്ലാ സഹായവും നൽകും. നൂറല്ല, 500 കോടിയിലേക്ക് വാട്ട്സാപ് ഉപയോക്താക്കളുടെ എണ്ണമെത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം...’ എഫ്ബി വാക്കുപാലിച്ചു. ഏറ്റെടുത്തതിനു പിറകെ വാട്ട്സാപ്പിന്റെ വാർഷിക ഫീസ് എടുത്തുമാറ്റി എല്ലാം സൗജന്യമാക്കി, വാട്ട്സാപ് കോളിങ് വന്നു, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നടപ്പാക്കി, മെസേജിങ്ങിൽ പുത്തൻ ഇമോജികളും കൂടുതല്‍ മെച്ചപ്പെട്ട ഫീച്ചറുകളും ഏർപ്പെടുത്തി. അങ്ങനെ സകലരെയും ആകർഷിച്ച് അടുത്തിടെ വാട്ട്സാപ് ഉപയോക്താക്കളുടെ എണ്ണം 100 കോടിയും കടന്നു. തൊട്ടുപിറകെ ആ 100 കോടി പേരുടെ ഫോൺനമ്പറിന്മേൽ എഫ്ബി അവകാശവാദവും ഉന്നയിച്ചു. ഇതൊന്നും പെട്ടെന്നുണ്ടായതല്ല. 2014ലെ ഏറ്റെടുക്കൽ സമയത്തു തന്നെ ഫെയ്സ്ബുക്ക് മുൻകൂട്ടി കണ്ടിരുന്നതാണ് ഇങ്ങനെയൊരു അവസ്ഥ വന്നുചേരുന്നത്. അതിലേക്കു നയിച്ചതില്‍ ബാർസലോണയിൽ നടന്ന ഒരു രഹസ്യ ചർച്ചയ്ക്കുമുണ്ട് വലിയ പങ്ക്!

(അതേക്കുറിച്ച് നാളെ)