ആ പരാതിക്ക് പരിഹാരമായി, ഇനി ഡേറ്റ കൊള്ളയടിക്കാതെ വിഡിയോ കാണാം!

ഒരു യുട്യൂബ് വിഡിയോ കണ്ടാൽ മതി... ശ്‌ർർർർ ഡേറ്റ മുഴുവൻ കത്തിത്തീർന്നു. ഇത് എല്ലാവർക്കുമുള്ള പരാതിയാണ്. ഹൈ റെസല്യൂഷൻ വിഡിയോ യൂട്യൂബ് വഴി പ്ലേ ചെയ്താൽ ഡേറ്റ പോകുന്ന വഴി കാണില്ല. കൂടാതെ എത്ര ഡേറ്റ ചെലവഴിക്കപ്പെടുന്നുവെന്നു കാണാൻ മാർഗവുമില്ല. ഓഫറിലുള്ള ഡേറ്റ മുഴുവൻ തീർന്നതിനു ശേഷമാകും വിവരം അറിയുന്നത്.

ഇതിനെല്ലാം പരിഹാരമായി കഴിഞ്ഞ സെപ്റ്റംബറിൽ യൂട്യൂബ് പുതിയ ആപ് പുറത്തിറക്കി– യൂട്യൂബ് ഗോ. യൂട്യൂബിന്റെ പുതിയ ആപ് ഇന്ത്യയിലേക്കും എത്തുന്നു. ബീറ്റ വേർഷനാണ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ എത്തിയിരിക്കുന്നത്. ബീറ്റ വേർഷൻ സൈൻ അപ് ചെയ്തിരിക്കുന്നവർക്ക് യൂട്യൂബ് ഗോ ഇപ്പോൾ ഉപയോഗിക്കാം. ഫൈനൽ വേർഷൻ ഉടൻ തന്നെ എത്തും.
ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം എന്നിവയിൽനിന്നുള്ള ശക്തമായ വെല്ലുവിളികളെ തുടർന്നാണു പുതിയ വേർഷൻ എത്തിക്കാൻ യൂട്യൂബ് നിർബന്ധിതമായത്.

ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം എന്നിവ വിഡിയോ ഷെയറിങ്ങിൽ വൻ മുന്നേറ്റമാണു നടത്തിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞ ഡേറ്റ ഉപയോഗത്തിൽ വിഡിയോ കാണാനും സേവ് ചെയ്യാനുമാണു ഗോ അവസരമൊരുക്കുന്നത്. ലോ ക്വാളിറ്റിയിൽ വിഡിയോ ഓഫ്‌‍ലൈൻ ആയി കാണാൻ ഡൗൺലോഡ് ചെയ്യാം എന്നതാണ് പ്രത്യേകത. വിഡിയോ സ്ട്രീം ചെയ്യുമ്പോഴോ ഡൗൺലോഡ് ചെയ്യുമ്പോഴോ എത്രത്തോളം ഡേറ്റ ഉപയോഗിക്കുന്നുവെന്നു കാണിക്കുകയും ചെയ്യും. ഇതു ഡേറ്റ ഉപയോഗം നിയന്ത്രിക്കാൻ സഹായിക്കും.

വിഡിയോ ക്വാളിറ്റി 640പിയിൽ ലിമിറ്റ് യൂട്യൂബ് ഗോയിൽ ലിമിറ്റ് ചെയ്യും. ഇതു വർധിച്ച തരത്തിലുള്ള ഡേറ്റ ഉപയോഗത്തിൽ നിന്നു തടയും. യൂട്യൂബ് വിഡിയോ സ്ട്രീമിങ്ങിൽ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ബഫറിങ്ങാണ്. ഇന്ത്യയുൾപ്പെടെ ഡേറ്റ സ്പീഡ‍് കുറ‍ഞ്ഞ രാജ്യങ്ങളിൽ ബഫറിങ്ങ് വലിയ പ്രശ്നമായി മാറാറുണ്ട്. ഇതിനുള്ള പരിഹാരവും ഗോ അവതരിപ്പിക്കുന്നു. നിശ്ചിത ക്വാളിറ്റിയിൽ വിഡിയോ സ്ട്രീമിങ് ലിമിറ്റ് ചെയ്യുന്നതോടെ ബഫറിങ് ഇല്ലാതെ വിഡിയോ കാണാൻ സാധിക്കും.

വിഡിയോ പ്രിവ്യൂ എന്ന ഓപ്ഷൻ യൂട്യൂബ് ഗോ അവതരിപ്പിക്കുന്നു. ഇതു പ്ലേ ചെയ്യാൻ പോകുന്ന വിഡിയോ എന്താണെന്നു പെട്ടെന്നു മനസ്സിലാക്കാൻ സാധിക്കുന്നു. വിഡിയോ കാണണോ വേണ്ടയോ എന്ന് ഇങ്ങനെ തീരുമാനിക്കാം. ഇതും ഡേറ്റ ഉപയോഗം നിയന്ത്രിക്കാൻ സഹായിക്കും. ബ്ലൂടൂത്ത് വഴി വിഡിയോ ആപ്പിൽ നിന്നു നേരിട്ടു ഷെയർ ചെയ്യാനും സാധിക്കും. മലയാളം ഉൾപ്പെടെയുള്ള ഭാഷകൾ യൂട്യൂബ് ഗോയിലുണ്ട്.