ജിയോ പ്രൈം സബ്‌സ്ക്രിപ്‌ഷൻ കാലാവധി നീട്ടി, ഹാപ്പി ന്യൂ ഈയർ ഓഫർ തുടരും?

റിലയൻസ് ജിയോ പ്രൈമിൽ ചേരാനുള്ള കാലാവധി ഒരു മാസം കൂടി നീട്ടിയെക്കുമെന്ന് സൂചന. ജിയോ ഹാപ്പി ന്യൂ ഈയർ ഓഫർ മാർച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് ജിയോ പ്രൈം ഓഫർ പ്രഖ്യാപിച്ചത്. 99 രൂപ റീചാർജിൽ ഒരു വർഷത്തേക്ക് പ്രതിദിനം ശരാശരി 10 രൂപക്ക് ഡേറ്റയും പരിധിയില്ലാതെ വോയ്‌സ് കോളുകളും നൽകുന്ന ഓഫറാണിത്. എന്നാൽ പ്രതീക്ഷച്ച അത്രയും പേർ ജിയോ പ്രൈമിൽ ഇതുവരെയും അംഗമായിട്ടില്ല. ഇതാണ് ജിയോ പ്രൈം അംഗത്വത്തിനുള്ള കാലാവധി നീട്ടാൻ കമ്പനിയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.

10 കോടി വരിക്കാരിൽ വെറും 2.2-2.7 കോടി പേർ മാത്രമേ ഇതുവരെ ജിയോ പ്രൈമിൽ അംഗമായിട്ടുള്ളു. 50 ശതമാനാണ് ജിയോ ലക്ഷ്യമിട്ടത്. അതേസമയം, കലാവധി നീട്ടുന്ന കാര്യം ജിയോ ഇതുവരെ ഔദ്യോദികമായി പ്രഖ്യാപിച്ചിട്ടില്ല.

ജിയോ പ്രൈം ഓഫർ പ്രഖ്യാപന വേളയിലാണ് വരിക്കാരുടെ എണ്ണം 10 കോടി കടന്നതായി ജിയോ അറിയിച്ചത്. ഹാപ്പി ന്യൂ ഈയർ ഓഫർ അവസാനിച്ചാലും വരിക്കാരിൽ ഭൂരിഭാഗവും ജിയോയിൽ തുടരുമെന്ന് വിവിധ സർവേകൾ കണ്ടെത്തിയിരുന്നു. കൂടുതൽ നല്ല ഓഫറുകൾ പ്രതീക്ഷിച്ചു അവസാന നിമിഷം പ്രൈമിൽ ചേരാൻ വേണ്ടി കാത്തുനിൽക്കുന്നതിനുള്ള സാധ്യതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

99 രൂപയാണ് ഒരു വർഷത്തേക്കുള്ള ജിയോ പ്രൈം സബ്‌സ്ക്രിപ്‌ഷൻ ഫീസ്. ഒരിക്കൽ ഇത് ചെയ്ത് കഴിഞ്ഞാൽ ജിയോ പ്രൈം ഓഫർ പ്ലാനുകൾ തിരഞ്ഞെടുക്കാൻ കഴിയും. 303 രൂപയുടെ പ്ലാനിൽ പരിധിയില്ലാത്ത വോയ്സ് കോളുകളോടൊപ്പം 28 ദിവസത്തേക്ക് പ്രതിദിനം ഒരു ജിബി ഡേറ്റയും ലഭിക്കും. 499 രൂപയുടെ പ്ലാനിൽ പരിധിയില്ലാത്ത വോയ്സ് കോളുകളോടൊപ്പം 28 ദിവസത്തേക്ക് പ്രതിദിനം രണ്ടു ജിബി ഡേറ്റയും ലഭിക്കും. ഇതിനോടൊപ്പം ‘ബൈ വൺ ഗെറ്റ് വൺ’ ഓഫറും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ 303 രൂപ, 499 രൂപ റീചാർജുകൾക്ക് ഒപ്പം യഥാക്രമം 5 ജിബി, 10 ജിബി ഡേറ്റ സൗജന്യമായി ലഭിക്കും. 

ജിയോ പ്രൈമിൽ അംഗമാകാത്തവർക്ക് പരിധിയില്ലാത്ത വോയ്സ് കോളുകളോടൊപ്പം 303 രൂപയുടെ പ്ലാനിൽ വെറും 2.5 ജിബി ഡേറ്റയും 499 രൂപയുടെ പ്ലാനിൽ പരിധിയില്ലാത്ത വോയ്സ് കോളുകളോടൊപ്പം വെറും 5 ജിബി ഡേറ്റയും മാത്രമേ ലഭിക്കൂ.