Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി വഴി 20,000 കോടിയുടെ ‘ലോട്ടറി’യടിച്ചവര്‍, നാളെ മുതൽ വരുന്നത് വൻ മാറ്റങ്ങൾ!

gst-software

രാജ്യത്തെ സാമ്പത്തിക മേഖല ഒന്നടങ്കം മാറുകയാണ്. ശനിയാഴ്ച മുതൽ വൻ മാറ്റങ്ങളാണ് വരുന്നത്. ജിഎസ്ടി നടപ്പിൽ വരുന്നതോടെ ചിലർക്ക് കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. ജിഎസ്ടി വരുന്നതുകൊണ്ട് മാത്രം 20,000 കോടി രൂപയുടെ അധിക ബിസിനസ് നേടുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നികുതി, ടെക് ഉപദേശക കമ്പനികള്‍. ജിഎസ്പി (ജിഎസ്ടി സര്‍വീസ് പ്രൊവൈഡേഴ്‌സ്) എന്ന പുതിയൊരു വിഭാഗത്തിന് തന്നെ ജിഎസ്ടിയുടെ വരവ് ജന്മം നല്‍കിയിരിക്കുകയാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറു കമ്പനികള്‍ മുതല്‍ വമ്പന്‍ കമ്പനികള്‍ വരെ കോടികളുടെ ബിസിനസാണ് പ്രതീക്ഷിക്കുന്നത്. 

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വായന നെറ്റ്‌വര്‍ക്ക് ചെറുകിട ഇടത്തരം സംരംഭങ്ങളുടെ നികുതി അടക്കുന്നതിന് സഹായിക്കുന്ന ഉപദേശക സ്ഥാപനമാണ്. ഇവര്‍ ഇപ്പോള്‍ ജിഎസ്പിയായി മാറിക്കഴിഞ്ഞു. തങ്ങളുടെ സ്ഥിരം ഉപഭോക്താക്കളില്‍ നിന്നും പുതിയ കമ്പനികളില്‍ നിന്നും കച്ചവടം പ്രതീക്ഷിച്ചാണ് ഇവരുടെ നീക്കം. നികുതി, അനുബന്ധ സോഫ്റ്റ്‌വെയര്‍ സേവനമേഖലയിലെ രീതികള്‍ക്ക് തന്നെ വലിയ മാറ്റം വരുത്തുകയാണ് ജിഎസ്ടിയുടെ വരവ്.

ജിഎസ്പിക്ക് പറമേ എഎസ്പികളും (അപ്ലിക്കേഷന്‍ സര്‍വീസ് പ്രൊവേഡേഴ്‌സ്) സജീവമാണ്. വാങ്ങുന്നതിന്റെയും വില്‍ക്കുന്നതിന്റെയും രേഖകള്‍ വാങ്ങി ജിഎസ്ടി കണക്കാക്കി ഓണ്‍ലൈന്‍ വഴി അടക്കുന്നതിന് സഹായിക്കുകയാണ് എഎസ്പികളുടെ ദൗത്യം. സോഫ്റ്റ്‌വെയര്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ജിഎസ്ടിയുടെ വരവ് അധികമായി 200 മുതല്‍ 300 വരെ കോടി ഡോളറിന്റെ (ഏകദേശം 13,000- 20,000 കോടി രൂപ) ബിസിനസ് അവസരങ്ങളൊരുക്കിയെന്നാണ് കണക്കുകൂട്ടല്‍. 

കമ്പനികളുടെ ഇആര്‍പി (എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംങ്) രംഗത്തെ ഭീമന്മാരായ എസ്എപിയും ഒറാക്കിളും മാത്രം രണ്ട് വര്‍ഷം കൊണ്ട് അധികമായി 6,500 കോടി രൂപയുടെ അധിക ബിസിനസാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള അക്കൗണ്ടിങ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടാലിക്ക് 11 ലക്ഷത്തോളം ഉപഭോക്താക്കളാണുള്ളത്. ജിഎസ്ടി ഉള്‍ക്കൊള്ളിച്ചുള്ള സോഫ്റ്റ്‌വെയറിന് ഇവര്‍ 18,000 രൂപ മുതല്‍ 54,000 രൂപവരെയാണ് വാര്‍ഷികമായി ഈടാക്കുന്നത്. 

പതിനായിരത്തോളം ചാര്‍ട്ടഡ് അക്കൗണ്ടന്റുമാര്‍ വരിക്കാരായ ഇന്‍കം ടാക്‌സ് റിട്ടേണ്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ ക്ലിയര്‍ ടാക്‌സും വലിയ ബിസിനസാണ് ജിഎസ്ടിയില്‍ കാണുന്നത്. ഇത് മുന്‍കൂട്ടി കണ്ട് ഇവര്‍ 400 ജീവനക്കാരെ പുതുതായി എടുക്കുകയും ചെയ്തു. മേഖലയിലെ മറ്റൊരു വമ്പനായ എസ്എപിയും കൂട്ടാളികളും 600 ഓളം പേരെ പുതുതായി എടുത്തുകഴിഞ്ഞു. ജിഎസ്ടി എന്ന ലോട്ടറിയെ പണമാക്കി മാറ്റാനുള്ള തിരക്കിലാണ് ഈ വിഭാഗം കമ്പനികള്‍.

related stories