Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി, കയറ്റുമതി വരുമാനം കുറയും, ചൈന പ്രതിസന്ധിയിലേക്ക്?

india-china

ഇന്ത്യൻ വിപണിയിലെ പ്രധാന കച്ചവടക്കാരാണ് ചൈന. സേഫ്റ്റി പിൻ മുതൽ ലക്ഷങ്ങൾ വില വരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വരെ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഉൽപ്പന്നങ്ങളും അനുബന്ധ ഭാഗങ്ങളും ഇറക്കുമതി ചെയ്യുന്നതിലൂടെ ഓരോ ദിവസവും കോടികളുടെ വരുമാനമാണ് ഇന്ത്യ എന്ന വൻ വിപണിയിൽ നിന്ന് ചൈന കടത്തുന്നത്. ലോകത്തെ ഒട്ടുമിക്ക സ്മാർട്ട്ഫോൺ നിർമാണ കമ്പനികളും ചൈനയിലാണ്. 

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയുടെ മുക്കാൽ ഭാഗവും നിയന്ത്രിക്കുന്നതും കൈവശം വച്ചിരിക്കുന്നതും ചൈനീസ് കമ്പനികളാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന് മാത്രം ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികൾ കൊണ്ടുപോയത് ഏകദേശം 60,088 കോടി രൂപയാണ്. ഇതിനെ നേരിടാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി രംഗത്തുവന്നത്. ഇതോടെ ചില ചൈനീസ് കമ്പനികൾ ഇന്ത്യയിൽ നിർമാണ കേന്ദ്രം തുടങ്ങാമെന്ന് സമ്മതിച്ചു. എന്നാൽ മറ്റു ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഇപ്പോഴും തുടരുകയാണ്.

ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പിൽ വരുന്നതോടെ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അധികനികുതി നൽകേണ്ടി വരും. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ഇത്രയും ഭീമമായ നികുതി നൽകി ഇന്ത്യയിൽ വിതരണം ചെയ്യാൻ മിക്ക കമ്പനികളും മുന്നോട്ടു വരില്ലെന്ന് ഉറപ്പാണ്. ഇതിനു പരിഹാരമായി ഇന്ത്യയിൽ തന്നെ പ്ലാന്റുകൾ തുടങ്ങേണ്ടി വരും. ഇത് ചൈനീസ് സാമ്പത്തിക മേഖലയ്ക്ക് വൻ തിരിച്ചടിയാകും. കൂടുതൽ സ്മാർട്ട്ഫോൺ കമ്പനികൾ ഇവിടെ പ്ലാന്റ് തുടങ്ങുന്നതോടെ ഇന്ത്യയ്ക്ക് വൻ നേട്ടമാകുകയും ചെയ്യും.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ വിറ്റഴിച്ചത് 11.10 കോടി സ്മാർട്ട്ഫോണുകളാണ്. ലോകോത്തര ബ്രാന്റുകൾ മുതൽ ചൈനയിലെ കുഞ്ഞു കമ്പനികളുടെ ഫോണുകൾ വരെ ഇതിൽ ഉൾപ്പെടും. ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോണ്‍ വിപണി ചൈന കഴിഞ്ഞാൽ പിന്നെ ഇന്ത്യയാണ്. ഇന്ത്യൻ വിപണിയെ മാത്രം ലക്ഷ്യമിട്ട് കമ്പനികൾ തുടങ്ങിവർ തന്നെ ചൈനയിലുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി ചൈനീസ് സ്മാർട്ട്ഫോൺ കമ്പനി ഇന്ത്യയിൽ നിന്നു കൊണ്ടുപോകുന്നത് കോടികളുടെ വരുമാനമാണ്. ഓരോ വർഷവും പുതിയ കമ്പനികൾ വന്നതോടെ മൽസരമായി. വിലക്കുറവും പുതിയ ഫീച്ചറുകളും ഉപഭോക്താക്കളെ പിടിച്ചുനിർത്തി. എച്ച്ടിസി, ഐഫോൺ, ബ്ലാക്ക്ബെറി ഫോണുകൾ ആഗ്രഹിച്ചു നടന്നവർക്കു മുന്നിൽ കേവലം അയ്യായിരം രൂപയ്ക്ക് താഴെ വിലയുള്ള മുൻനിര ബ്രാന്റുകളുടെ ഫീച്ചറുകളുള്ള ചൈനീസ് ഫോണുകൾ എത്താൻ തുടങ്ങിയതോടെ ഇന്ത്യയിൽ സ്മാർട്ട്ഫോൺ തരംഗമായി.

ചില മേഖലകളിൽ ചൈനയ്ക്ക് ക്ഷതമേറ്റപ്പോഴും ഇന്ത്യയിലെ മൊബൈൽ വിപണി ചൈന പിടിച്ചടക്കിയെന്നു പറയേണ്ടി വരും. കഴിഞ്ഞ വർഷം ഒക്ടോബർ 1 മുതൽ 18 വരെയുള്ള തീയതിയ്ക്കിടയിൽ ഷവോമി മാത്രം 10 ലക്ഷം സ്മാർട്ഫോണുകൾ വിറ്റത് വൻ വാർത്തയായിരുന്നു.

ഐഫോണിലും ബ്ലാക്ക്ബെറിയിലും മാത്രം കണ്ടിട്ടുള്ള അത്യാധുനിക ഫീച്ചറുകളുള്ള ഫോണുകളാണ് ചൈനയിൽ നിന്നും എത്തുന്നത്. അരലക്ഷം രൂപയ്ക്ക് വിൽക്കുന്ന ഐഫോണിലെ മിക്ക ഫീച്ചറുകളും ലഭിക്കുന്ന ഫോൺ കേവലം പതിനായിരം രൂപയ്ക്ക് കിട്ടിയാൽ ആരും വാങ്ങും. ബ്രാന്റുകളേക്കാൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്കിഷ്ടം വിലക്കുറവും പുത്തൻ ഫീച്ചറുകളുമാണെന്ന് മനസിലാക്കിയ ചൈനീസ് കമ്പനികൾ സ്മാർട്ട്ഫോൺ വിപണിയിൽ വിസ്മയലോകം തീർത്തു.

കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷത്തെ കണക്കെടുത്താൽ ഇന്ത്യയിൽ മാത്രം 200 ശതമാനം വളർച്ചയാണ് ചൈനീസ് കമ്പനികൾ സ്വന്തമാക്കിയത്. 2014–15 ലെ 300 കോടി ഡോളർ വിൽപനയിൽ നിന്ന് 2015–16ൽ 900 കോടി ഡോളറിലേക്ക് വിൽപന ഉയർന്നു. ഫോക്സ്കോൺ, വിസ്ട്രോൺ, പെഗാട്രോൺ, ഡെൽറ്റ, ഫ്ളെക്സ്ട്രോണിക്സ്, ഷവോമി, വാവെയ്, വിവോ, കോംപൽ, ലീക്കോ, ഓപ്പോ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ നിർമാണ യൂണിറ്റുകൾ വരെ തുടങ്ങാൻ തീരുമാനിച്ചു.

അതേസമയം, ലോകത്തെ ഒട്ടുമിക്ക സ്മാർട്ട്ഫോണുകളിലും ഉപയോഗിക്കുന്ന ബാറ്ററി, ഡിസ്പ്ലെ, പ്രോസസർ, മെമ്മറി, ലെൻസ് എല്ലാം നിർമിക്കുന്നത് ചൈനയിലാണ്. ഐഫോണിലെ ബാറ്ററി ഉൾപ്പടെ മിക്ക ഭാഗങ്ങളും നിർമിക്കുന്നത് ചൈനയിലാണ്. സ്മാർട്ട്ഫോൺ കമ്പനികൾക്ക് വേണ്ട ഭാഗങ്ങളെല്ലാം ഏറ്റവും വിലകുറച്ചു ലഭിക്കുന്ന ഏക വിപണിയും ചൈനയാണ്.

ഇന്ത്യയിൽ ഇന്ന് ഉപയോഗിക്കുന്ന 75 ശതമാനം ഫോണുകളും ചൈനീസ് നിര്‍മിതമാണ്. ഇന്ത്യയുടെ ഡിജിറ്റൽ പുരോഗതിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുളള വളർച്ചയിൽ ചൈനീസ് കമ്പനികൾക്കുള്ള പങ്കുചെറുതല്ല. വർഷങ്ങൾക്കു മുൻപ് ജപ്പാൻ അടക്കിഭരിച്ചിരുന്ന ഇന്ത്യയുടെ ഡിജിറ്റൽ വിപണി ഇപ്പോൾ ചൈനയുടെ കയ്യിലാണ്. ആപ്പിൾ പോലുള്ള വൻകിട കമ്പനികൾ ഇന്ത്യയിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നതിനിടെയാണ് കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ നൽകുന്ന ചൈനീസ് ഫോണുകളും ഇന്ത്യക്കാരുടെ പ്രിയപ്പെട്ടതായത്. മൈക്രോമാക്സ് പോലുള്ള ഇന്ത്യൻ കമ്പനികൾ മൊബൈൽ വിപണിയിൽ വളരാൻ ശ്രമം നടത്തിയെങ്കിലും ഫലവത്തായില്ല.

ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഓപ്പോ, ലെനോവോ, ലീക്കോ, വാവെയ്, ഷവോമി കമ്പനികൾ ഇന്ത്യയിൽ നിന്ന് കൊണ്ടുപോയത് കോടികളുടെ വരുമാനമാണ്. ഇന്ത്യൻ സ്മാർട്ട്ഫോൺ കമ്പനികളെക്കുറിച്ച് ശരിയായ പഠനം നടത്തിയാണ് ചൈനീസ് കമ്പനികളുടെ ഓരോ നീക്കമെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇന്ത്യയിലെ ജിഎസ്ടിയെ നേരിടാൻ ചൈനീസ് കമ്പനികൾ വൻ പദ്ധതികൾ ഇപ്പോൾ തന്നെ ആസൂത്രണം ചെയ്യുന്നുണ്ട്. ജിഎസ്ടി മുന്നിൽകണ്ട് സ്മാര്‌‍ട്ട്ഫോണുകളുടെ നിർമാണത്തിലും നിയന്ത്രണം വരുത്തിയിട്ടുണ്ട്. പഴയ ഹാൻഡ്സെറ്റുകളെല്ലാം ഓഫർ വിലയ്ക്ക് വിതരണം ചെയ്യുന്നുണ്ട്. എന്തായാലും ജിഎസ്ടി വരുന്നത് ചൈനീസ് സാമ്പത്തിക മേഖലയ്ക്ക് വൻ തിരിച്ചടി തന്നെയാണ്.