വൻ ദുരന്തത്തിൽ നിന്ന് ലോകത്തെ രക്ഷിച്ച ആ 22കാരനെ അമേരിക്ക അറസ്റ്റു ചെയ്തു

ലോകത്തെ വിറപ്പിച്ച വൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ച ഇരുപത്തിരണ്ടുകാരൻ അമേരിക്കയിൽ അറസ്റ്റിലായി. വൻ സൈബർ സുരക്ഷയുള്ള നൂറോളം രാജ്യങ്ങളിലെ കോടിക്കണക്കിന് കംപ്യൂട്ടർ നെറ്റ്‌വർക്കുകൾ സൈബര്‍ ആക്രമണത്തിൽ തകർന്നപ്പോൾ വാനാക്രൈ മാൽവെയറിനെ പിടിച്ചുകെട്ടിയത് ബ്രിട്ടീഷ് പയ്യൻ മാർക്കസ് ഹച്ചിൻസ് ആയിരുന്നു. ലോക മാധ്യമങ്ങളെല്ലാം ഈ വാർത്ത വലിയ പ്രാധാന്യത്തോടെയാണ് നൽകിയത്. എന്നാൽ അന്നു ലോകത്തെ രക്ഷിച്ച മാർക്കസ് മറ്റൊരു കേസിൽ ഇപ്പോൾ അമേരിക്കയിൽ അറസ്റ്റിലായിരിക്കുന്നു.

ബാങ്കുകളുടെ നെറ്റ്‌വർക്കുകൾ ആക്രമിക്കാൻ മാൽവെയർ നിർമിച്ചു എന്നതാണ് കേസ്. മാൽവെയർടെക് എന്ന് ഓൺലൈനിൽ അറിയപ്പെടുന്ന മാർക്കസിനെതിരെ ജൂലൈ 12നാണ് കേസ് ഫയൽ ചെയ്തത്. തുടർന്ന് കഴിയഞ്ഞ ബുധനാഴ്ചയാണ് മാർക്കസ് പിടിയിലാകുന്നത്. ലാസ് വേഗാസിലെ ഒരു കോൺഫറൻസിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അറസ്റ്റ്. 

മറ്റു ഹാക്കര്‍മാരാണ് മാർക്കസിനെ അറസ്റ്റ് ചെയ്തുവെന്ന വാർത്ത ട്വിറ്റർ വഴി ടെക് ലോകത്തെ അറിയിച്ചത്. ബ്രിട്ടനിലേക്ക് തിരിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. അമേരിക്കയിലെ ബാങ്കിങ് നെറ്റ്‌വർക്കുകൾ ആക്രമിക്കാൻ ഹാക്കർമാർക്ക് വേണ്ട സഹായം ചെയ്തുകൊടുത്തുവെന്നാണ് ആരോപണം. ക്രോണസ് എന്ന മാൾവെയർ വഴി ബ്രിട്ടൺ, കാനഡ, ജർമ്മനി, പോളണ്ട്, ഫ്രാൻസ് തുടങ്ങി രാജ്യങ്ങളിലെ ബാങ്കിങ് നെറ്റ്‌വർക്കുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. 2014 ജൂലൈ മുതൽ 2015 ജൂലൈ വരെയുള്ള കാലയളവിലാണ് ഈ മാൽവെയർ നിർമിച്ചത്.

യുഎസ് അറ്റോർണി ഗ്രിഗറി ഹാൻസ്റ്റാഡ് കഴിഞ്ഞ മാസം ഒപ്പുവെച്ച നടപടി പ്രകാരം, ബ്ലാക്ക്മാർക്കറ്റ് എന്ന് വിളിക്കപ്പെടുന്ന ഹാക്കിങ് ഉപകരണം വിതരണം ചെയ്യുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഹച്ചിൻസ്. 2014-ന്റെ തുടക്കത്തിൽ ചില ഇന്റർനെറ്റ് ഫോറങ്ങളിൽ ക്രോണോസ് ലഭ്യമാക്കിയിരുന്നു. കൂടാതെ ഡാർക്ക് വെബുകളിലൂടെയും വിതരണം ചെയ്തിരുന്നു.