എല്‍ജിക്കെതിരെ മോചനദ്രവ്യം ആവശ്യപ്പെട്ട് വൻ സൈബര്‍ ആക്രമണം, വാനാക്രൈ ഭീതി തുടരുന്നു

പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ എല്‍ജിക്ക് നേരെ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള സൈബര്‍ ആക്രമണം. വാനാക്രൈ ആക്രമണം വീണ്ടുമുണ്ടാകുമെന്ന ഭീതിയിലാണ് ഇതോടെ സൈബര്‍ ലോകം. വാനാക്രൈയുടെ കോഡുകള്‍ക്ക് സമാനമായ രീതിയിലാണ് ഈ മാൽവെയറും നിര്‍മിച്ചിരിക്കുന്നതെന്നത് സംശയം വര്‍ധിപ്പിക്കുന്നു. 

എല്‍ജിയുടെ സെല്‍ഫ് സര്‍വ്വീസ് കേന്ദ്രങ്ങളിലാണ് ആദ്യം കുഴപ്പം കണ്ടെത്തിയത്. ഓഗസ്റ്റ് 14നാണ് ആദ്യമായി സെല്‍ഫ് സര്‍വ്വീസ് കേന്ദ്രങ്ങളിലെ കുഴപ്പം ഉപഭോക്താക്കള്‍ ചൂണ്ടിക്കാണിച്ചത്. ഇത് വൈകാതെ പരിഹരിക്കാന്‍ എല്‍ജിക്ക് കഴിഞ്ഞു. സുപ്രധാന വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് എല്‍ജി വക്താവിന്റെ പ്രതികരണം. എങ്കിലും സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് എല്‍ജിക്ക് ഉപഭോക്തൃ സേവനങ്ങള്‍ക്കുള്ള നെറ്റ്‌വര്‍ക്ക് പൂര്‍ണ്ണമായും അടച്ചിടേണ്ടി വന്നു. 

കഴിഞ്ഞ മെയ് 14നുണ്ടായ വാനക്രൈ ആക്രമണത്തില്‍ ലോകമെങ്ങുമുള്ള 2.30 ലക്ഷം കംപ്യൂട്ടറുകളാണ് ഇരയായത്. 300 മുതല്‍ 600 ഡോളര്‍ വരെയാണ് കംപ്യൂട്ടറിലെ വിവരങ്ങള്‍ തിരികെ നല്‍കുന്നതിന് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്. ബിറ്റ് കോയിനായി മോചന ദ്രവ്യം കൈമാറണമെന്നായിരുന്നു ആവശ്യം. കേരളത്തില്‍ നിന്നുപോലും വാനാക്രൈ ആക്രമണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. 

ലോകമാകെ 150ലേറെ രാജ്യങ്ങളിലെ കംപ്യൂട്ടറുകളാണ് വാനാക്രൈ ആക്രമണത്തിന് വിധേയമായത്. വാനാക്രൈയുടെ ആദ്യരൂപത്തിലുള്ള കില്ലര്‍ സ്വിച്ച് കണ്ടെത്താനായതിനാലാണ് ഈ വൈറസിനെ നിയന്ത്രണവിധേയമാക്കാനായത്. എന്നാല്‍ ഭാവിയിലെ സൈബര്‍ ആക്രമണങ്ങളില്‍ ഹാക്കര്‍മാര്‍ ഈ പഴുത് അടക്കുമെന്നതാണ് കൂടുതല്‍ ഭയപ്പെടുത്തുന്നത്. 

വാനാക്രൈ ആക്രമണത്തിന് പിന്നിലെ ഹാക്കര്‍മാര്‍ തങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയ ടൂളുകള്‍ പൂര്‍ണ്ണമായി പുറത്തുവിട്ടിട്ടില്ല. ഹാക്കിങ് നിക്ഷേപമായി ഇവര്‍ ഇതിനെ കാണുകയും നിശ്ചിത ഇടവേളകളില്‍ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുകയെന്ന സാഹചര്യവും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 

നമ്മുടെ കംപ്യൂട്ടറുകളില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ഹാക്കര്‍മാര്‍ക്ക് പ്രതിമാസം നിശ്ചിത തുക നല്‍കേണ്ട സാഹചര്യം പോലും അസംഭവ്യമല്ലെന്നതാണ് മുന്നറിയിപ്പ്. ഷാഡോ ബ്രോക്കേഴ്‌സ് എന്ന ഹാക്കര്‍മാരുടെ സംഘമാണ് വാനാക്രൈക്ക് പിന്നിലെന്ന് സൂചനകളുണ്ടായിരുന്നു. എങ്കിലും ഇവര്‍ക്ക് പിന്നിലാരാണെന്ന് വ്യക്തമല്ല. റഷ്യ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയും ആരോപണങ്ങളുയര്‍ന്നെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.