പൈലറ്റുമാര്‍ക്ക് പക്ഷികളെ എന്താണിത്ര പേടി, വിമാനത്തിൽ പക്ഷിയിടിച്ചാൽ സംഭവിക്കുന്നതോ?

വിമാനത്തില്‍ പക്ഷിയിടിക്കുക ഏതൊരു യാത്രികനേയും സംബന്ധിച്ച് പേടിപ്പിക്കുന്ന സംഭവമായിരിക്കും. സത്യത്തില്‍ വിമാനത്തില്‍ പക്ഷിയിടിച്ചാല്‍ വിമാനത്തിനെന്തെങ്കിലും സംഭവിക്കുമോ? വിമാനത്തെ അപേക്ഷിച്ച് വലിപ്പം വളരെകുറഞ്ഞ പക്ഷികളെ വൈമാനികര്‍ എന്തുകൊണ്ടാണിത്ര പേടിക്കുന്നത്?

വിമാനത്തില്‍ പക്ഷിയിടിക്കുന്നത് സത്യത്തില്‍ ഇപ്പോള്‍ അത്ര പുതുമയുള്ള കാര്യമല്ലാതായി തുടങ്ങിയിട്ടുണ്ട്. പക്ഷിയിടിച്ച വിമാനങ്ങള്‍ വിമാനത്താവളങ്ങളിലേക്ക് തിരിച്ചിറക്കുകയും പതിവാണ്. ബ്രിട്ടനില്‍ മാത്രം കഴിഞ്ഞ വര്‍ഷം 1835 വിമാനങ്ങളിലാണ് പക്ഷിയിടിച്ചത്. അതായത് ഓരോ പതിനായിരം വിമാനയാത്രകളിലും എട്ടെണ്ണം പക്ഷിയിടിയില്‍ കലാശിച്ചു. 

ഓരോ തവണ പക്ഷിയിടിക്കുമ്പോഴും വിമാനങ്ങള്‍ തിരിച്ചിറക്കി സൂക്ഷ്മ പരിശോധന നടത്താറുണ്ട്. പണവും സമയവും മെനക്കെടുത്തുന്ന പണിയാണിത്. തിരിച്ചിറക്കുന്ന വിമാനത്തില്‍ നിന്നും യാത്രികരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി പുതിയ ക്രൂവിന്റെ സഹായത്തിലാണ് പിന്നീട് യാത്ര തുടരാറ്. ഇത് ഒരേസമയം യാത്രികര്‍ക്കും വിമാന കമ്പനികള്‍ക്കും വൈമാനികര്‍ക്കും തലവേദനയാണ്. 

താഴ്ന്ന ആകാശത്തുവെച്ചാണ് സാധാരണ വിമാനങ്ങളില്‍ പക്ഷികള്‍ ഇടിക്കാറ്. പരമാവധി 150 മീറ്ററില്‍ താഴ്ന്ന പ്രദേശത്തുനിന്നാണ് ഭൂരിഭാഗം അപകടങ്ങളുമുണ്ടായിട്ടുള്ളത്. ഇതിനര്‍ഥം വിമാനങ്ങള്‍ പറന്നുയരുമ്പോഴോ ഇറങ്ങുമ്പോഴോ ആയിരിക്കും പക്ഷികള്‍ ഇടിക്കുകയെന്നാണ്. ഈ രണ്ട് സമയത്തും വലിയ തോതില്‍ ദിശാ മാറ്റങ്ങള്‍ വിമാനങ്ങള്‍ വരുത്താറില്ല. അതുകൊണ്ടു തന്നെ നിര്‍ദിഷ്ട പാതയില്‍ പക്ഷികളുണ്ടെങ്കില്‍ ഇടിക്കുക തന്നെ ചെയ്യും. 

വിമാനത്താവളങ്ങള്‍ ഒരു വിധത്തില്‍ പക്ഷികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങള്‍ കൂടിയാണ്. തുറസ്സായ ധാരാളം സ്ഥലവും മരങ്ങളാല്‍ ചുറ്റപ്പെട്ട അന്തരീക്ഷവും പുല്ലുകളുമൊക്കെ പക്ഷികളെ ആകര്‍ഷിക്കും. ഇതിനേക്കാളേറെ ആകര്‍ഷിക്കുക പലപ്പോഴും വിമാനത്താവളങ്ങളിലെ ഭക്ഷണ അവശിഷ്ടങ്ങളായിരിക്കും. 

ഇത്തരത്തിലുള്ള പക്ഷികളുടെ ഇടികളെ അതിജീവിക്കാന്‍ ശേഷിയുള്ളതാണ് വിമാനങ്ങളും അവയുടെ എൻജിനുമെന്നതാണ് വസ്തുത. മൂന്നര കിലോയില്‍ കുറവ് ഭാരമുള്ള ഏതൊരു പക്ഷിയുടെ ഇടിയും വിമാനത്തെ ഏശുക പോലുമില്ല. ഇരട്ട എൻജിനില്‍ ഒന്ന് പ്രവര്‍ത്തനം നിര്‍ത്തിയാല്‍ പോലും മറ്റൊന്നിന്റെ സഹായത്തില്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ വലിയ ദൂരം വിമാനങ്ങള്‍ക്ക് സഞ്ചരിക്കാനാകും. 

എൻജിനില്‍ മാത്രമല്ല കോക് പിറ്റിന്റെ ജനലിലും പക്ഷികളിടിക്കാറുണ്ട്. അക്രലിക്കും ഗ്ലാസും ഉപയോഗിച്ച് മൂന്ന് പാളികളില്‍ നിര്‍മിച്ചിട്ടുള്ള കോക് പിറ്റിന്റെ ജനലിനും പക്ഷികളുടെ ഇടി പ്രശ്‌നമാകാറില്ല. വലിയ ആലിപ്പഴ വീഴ്ച്ചയെ പ്രതിരോധിക്കാനുള്ള ശേഷിയില്‍ നിര്‍മിച്ചിട്ടുള്ള ഇവക്ക് പക്ഷികളുടെ ഇടി പുഷ്പം പോലെ മറികടക്കാനും. 

പക്ഷിയിടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ അഞ്ച് ശതമാനത്തില്‍ മാത്രമാണ് വിമാനങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ക്ക് കാരണമാകുന്നത്. പക്ഷേ ഇതുമൂലം കണക്കാക്കപ്പെടുന്ന നഷ്ടം പ്രതിവര്‍ഷം കുറഞ്ഞത് 500 ദശലക്ഷം ഡോളര്‍ (ഏകദേശം 325 കോടിരൂപ) വരും. ഇത് ചെറിയ തുകയല്ല. ഈ നഷ്ടകണക്കിനെ എങ്ങനെ മറികടക്കാമെന്ന ഗൗരവമുള്ള ചിന്തകള്‍ വിമാനകമ്പനികളില്‍ നിന്നും ഉയരുന്നുണ്ട്. 

ഒരു പരിധിവരെ പക്ഷികളുടെ ഇടി പ്രതിരോധിക്കുക അപ്രാപ്യമായതിനാല്‍ മറ്റു മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് വ്യോമയാന മേഖല ചിന്തിക്കുന്നത്. ഇടിച്ച വിമാനത്തിലെ കേടുപാടുകള്‍ എത്രത്തോളമാണെന്ന് പൈലറ്റിനു തന്നെപരിശോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇത്തരമൊരു സംവിധാനം നിര്‍മിക്കാനായാല്‍ വിമാനം തിരിച്ചിറക്കി സുരക്ഷാ പരിശോധന നടത്തുകയെന്ന് വമ്പിച്ച സമയ-ധന വ്യയം ഒഴിവാക്കാനാകും.