സൂക്ഷിക്കുക! ഓൺലൈൻ പരസ്യങ്ങള്‍ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്തി പിന്തുടരുന്നുണ്ട്!

സ്മാര്‍ട്ട് ഫോണുകളിൽ വരുന്ന പരസ്യങ്ങള്‍ ഉപയോഗിച്ച് ആര്‍ക്കും നിങ്ങളെ പിന്തുടരാനാകുമെന്ന് പഠനം. മൊബൈല്‍ ഫോണ്‍ കാലത്തെ സ്വകാര്യതയെ സംബന്ധിച്ചുള്ള വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനമാണ് നിര്‍ണ്ണായക മുന്നറിയിപ്പുകള്‍ നല്‍കുന്നത്. വന്‍കിട കമ്പനികള്‍ക്ക് മാത്രമല്ല തട്ടിക്കൂട്ട് കമ്പനികളുടെ പേരിലും നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ പരസ്യങ്ങളെ ഉപയോഗപ്പെടുത്തി പിന്തുടരാനും വിവരങ്ങള്‍ ചോര്‍ത്താനും കഴിയും. ഇതിന് ചിലവോ കേവലം 1000 ഡോളര്‍ മാത്രം. 

മൊബൈല്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക വളരെ എളുപ്പമാണെന്നാണ് ഇവരുടെ പഠനം തെളിയിക്കുന്നത്. പരസ്യങ്ങള്‍ക്കൊപ്പം ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളും സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുണ്ട്. ഇവര്‍ ലക്ഷ്യം വെച്ച ഇരുപതുകാരന്റെ വിവരങ്ങള്‍ ഒരു ഗേ ഡേറ്റിംങ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷമാണ് ലഭിച്ചത്. ഇയാളുടെ വിലാസം, സ്ഥിരമായി ചായകുടിക്കാന്‍ പോകുന്ന സ്ഥലം, ഏത് വഴിയാണ് ജോലിസ്ഥലത്തേക്ക് പോകുന്നതും മടങ്ങുന്നതും തുടങ്ങി നിര്‍ണ്ണായകമായ വിവരങ്ങള്‍ ചോര്‍ത്താനായി. 

വലിയ കോര്‍പറേറ്റ് കമ്പനികള്‍ ഇത്തരത്തില്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന വിവരം ഒട്ടുമിക്കവര്‍ക്കും അറിയാം. പക്ഷേ ഇത്തരം കോര്‍പ്പറേറ്റ് ചോര്‍ത്തലുകള്‍ ആരും കാര്യമായെടുക്കാറില്ല. വ്യക്തികളെ വിവരശേഖരണ കേന്ദ്രങ്ങളായാണ് ഇത്തരം കമ്പനികള്‍ പലപ്പോഴും ഉപയോഗിക്കുന്നത്. തുനിഞ്ഞിറങ്ങിയാല്‍ ഏതൊരു വ്യക്തികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കുമൊക്കെ ആരെക്കുറിച്ചുമുള്ള ഇത്തരം വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാകും.

പഠനത്തിനായി ഇവര്‍ പത്ത് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളാണ് ഉപയോഗിച്ചത്. ഒരു ഓണ്‍ലൈന്‍ പരസ്യവും ഇത് ഇടുന്നതിനായി ഒരു വെബ് സൈറ്റ് പേജും നിര്‍മിച്ചു. ഇതിന് ശേഷം ഗൂഗിള്‍ ആഡ്‌വേഡ്‌സ്, മീഡിയമാച്ച്, ഫെയ്സ്ബുക്ക് വഴി ഓണ്‍ലൈനില്‍ പരസ്യം നല്‍കാന്‍ സഹായിക്കുന്ന ഡിഎസ്പി (ഡിമാന്‍ഡ് സൈഡ് പ്ലാറ്റ്‌ഫോംസ്)കളെ സമീപിച്ചു. ഇവര്‍ക്കുവേണ്ടി 1000 ഡോളറാണ് ചിലവിട്ടത്. ഏത് വിഭാഗത്തിലുള്ള ഉപഭോക്താവിനെയാണ് ലക്ഷ്യം വെക്കുന്നതെന്ന് ആവശ്യപ്പെടാനുള്ള അവസരം പരസ്യ ദാതാക്കള്‍ക്ക് ഇത്തരം ഡിഎസ്പികള്‍ അവസരം നല്‍കുന്നുണ്ട്. ഏതെല്ലാം ആപ്ലിക്കേഷനിലാണ് ഈ പരസ്യം വരേണ്ടതെന്നും പരസ്യം നല്‍കുന്നവര്‍ക്ക് നിര്‍ദ്ദേശിക്കാനാകും. 

ഏതെങ്കിലും പ്രത്യേക പ്രദേശത്തുള്ളര്‍ക്ക് മാത്രമാണ് പരസ്യം കാണാനാവുകയെന്ന് ഡിഎസ്പി വഴി ഉറപ്പുവരുത്താനാകും. അടുത്തതായി ടോകടോണ്‍ എന്ന ആപില്‍ നിന്നുള്ള വിവരങ്ങള്‍ ഡിഎസ്പി വഴി ഇവർ ശേഖരിച്ചു. നിശ്ചിത പ്രദേശത്ത് ഈ ആപ്ലിക്കേഷന്‍ തുറക്കുന്നവരുടെ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയാണ് അടുത്തപടി. ഓരോ തവണ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവ് ഈ ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ രണ്ട് സെന്റ് ഈടാക്കി ഡിഎസ്പികള്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പരസ്യ ദാതാക്കള്‍ക്ക് കൈമാറി. ഈ ആപ് തുറക്കുന്നവരെ 25 അടി വ്യത്യാസത്തില്‍ പിന്തുടരാന്‍ പോലും ഇവര്‍ക്ക് സാധിച്ചു. ആപ് തുറന്ന് വെറും ആറ് മിനിറ്റിനുള്ളില്‍ വിവരം ലഭിച്ചുകൊണ്ടിരുന്നു. ഈ ആപ് രണ്ട് തവണ തുറക്കുകയോ നാല് മിനിറ്റില്‍ കുറയാത്ത സമയം ആപ് തുറന്നിരിക്കുകയോ ചെയ്താല്‍ വിവരം കൈമാറ്റം ചെയ്യപ്പെട്ടു. ഇത്തരത്തില്‍ ടോക്ടോണ്‍ മാത്രമല്ല മറ്റ് പല ആപ്ലിക്കേഷനുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ ഗൂഗിളും ഫെയ്സ്ബുക്കും പോലുള്ള ഡിഎസ്പികള്‍ ശേഖരിക്കുകയും പരസ്യ ദാതാക്കള്‍ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്.