അന്നു രാത്രിയാണ് ‘ലോട്ടറി’യടിച്ചത്, വിജയ് കോടീശ്വരനായി, ആസ്തി 52,000 കോടി രൂപ

മാതാപിതാക്കളിൽനിന്നു പണം കടമെടുത്ത് ആരംഭിച്ച ടെലികോം ബിസിനസ് പൊളിഞ്ഞ്, പോക്കറ്റിൽ പത്തു രൂപ മാത്രമായി ജീവിച്ച ദിവസങ്ങളുണ്ട് വിജയ് ശേഖർ ശർമ്മയുടെ (39) ജീവിതത്തിൽ. അത് ഫ്ലാഷ്ബാക്ക്. ഇന്ന് അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പണപ്പെട്ടിയിലുള്ളത് എണ്ണൂറു കോടിയിലധികം ഡോളർ (52000 കോടി രൂപ)! 

ആ സ്ഥാപനം ഇന്ന് ഇന്ത്യയുടെ ഡിജിറ്റൽ പഴ്സാണ്; പേയ് ടിഎം. കേന്ദ്ര സർക്കാർ രാജ്യത്ത് നോട്ട് നിരോധിച്ചപ്പോൾ, കാശു വാരിയ സ്ഥാപനം. ഡൽഹിയിൽ മോദി നോട്ട് റദ്ദാക്കൽ പ്രഖ്യാപനം നടത്തുമ്പോൾ മുംബൈയിലെ ഹോട്ടലിൽ വിജയ്ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന ബിസിനസുകാരൻ ഹർഷ് ഗോയങ്ക പറയുന്നതിങ്ങനെ: വിജയ്‌‌‌യുടെ മൊബൈലിൽ വാട്സാപ് സന്ദേശമായാണു നോട്ട് നിരോധന വാർത്തയെത്തിയത്. അതിനു ശേഷം അദ്ദേഹത്തിന് ഭക്ഷണം ഇറങ്ങിയില്ല! ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവിന്റെ നിമിഷമാണതെന്നു വിജയ് തിരിച്ചറിയുകയായിരുന്നപ്പോൾ. 

കറൻസി ഉപയോഗിക്കാതെ, ഓൺലൈൻ വഴി പണമിടപാട് നടത്തുക എന്ന ആശയത്തിലൂന്നി 2010 ഓഗസ്റ്റിൽ രൂപംകൊണ്ട കമ്പനിയെ അന്നുവരെ രാജ്യം കാര്യമായി എടുത്തിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ കയ്യിൽ നോട്ടില്ലാതെ നട്ടംതിരിഞ്ഞ ഇന്ത്യക്കാരന്റെ മുന്നിലേക്കു പണമിടപാടിന്റെ ഡിജിറ്റൽ മുഖമായി പേയ് ടിഎം എത്തി. വിജയ് ഓരോ ഇന്ത്യക്കാരനോടും തന്റെ പരസ്യവാചകം വിളിച്ചു പറഞ്ഞു – പേയ് ടിഎം കരോ (പേയ് ടിഎം ചെയ്യൂ). പേ ത്രൂ മൊബൈൽ എന്നതിന്റെ ചുരുക്കെഴുത്താണു പേയ് ടിഎം. കഴിഞ്ഞ വർഷം 11 കോടി ഉപയോക്താക്കളായിരുന്നത് ഇന്ന് 28 കോടി ആയി ഉയർന്നു. വിജയ്‌ ഇന്ത്യയിലെ യുവ ധനികരുടെ ഫോബ്സ് പട്ടികയിൽ ഇടംപിടിച്ചു.

മണ്ടത്തരമെന്ന് പറഞ്ഞവർക്ക് മുന്നിൽ 200 കോടിയുടെ ഇടപാട് നടത്തി

ഒരിക്കലും പ്രതീക്ഷിക്കാത്ത വലിയൊരു നേട്ടമാണ് ഇ–പെയ്മെന്റ് കമ്പനി പേടിഎമ്മിനെ തേടിയെത്തിയത്. 500, 1000 നോട്ടുകൾ പിന്‍വലിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വലിയ കുതിപ്പാണ് പേടിഎമ്മിനു സമ്മാനിച്ചത്. 2016 പേടിഎമ്മിനെ സംബന്ധിച്ചിടത്തോളം എന്നും ഓർമിക്കപ്പെടുന്ന വർഷം കൂടിയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പേടിഎം സ്വന്തമാക്കിയത് 15 വർഷത്തേക്ക് പ്രതീക്ഷിച്ചിരുന്ന വരുമാനമാണ്.

വർഷങ്ങൾക്കു മുൻപ് Paytm എന്ന ആശയം പങ്കുവെച്ചപ്പോള്‍ അതൊരു മണ്ടത്തരമാണെന്നു പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഏറെയുണ്ടായിരുന്നു. ഈ ആശയം വിജയിക്കുമായിരുന്നുവെങ്കില്‍ വളരെ നേരത്തതന്നെ ആരെങ്കിലും ഇത് പരീക്ഷിക്കുമായിരുന്നില്ലെ എന്ന് ചിലരെങ്കിലും ചോദിച്ചതായി പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞിട്ടുണ്ട്.

മൊബൈൽ റീചാർജിനു പേരുകേട്ട പേടിഎം എന്ന കമ്പനിക കഴിഞ്ഞ രണ്ടു മാസമായി രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത സര്‍വീസാണ്. കാര്യമായ പരസ്യം ചെയ്യാതെ തന്നെ മിക്കവരെയും പേടിഎം ‌എന്താണെന്ന് മനസ്സിലാക്കാൻ കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതികൾ വഴി സാധിച്ചു. രാജ്യത്തെ നിലവിലെ ഒട്ടുമിക്ക ബാങ്കുകളുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള പേടിഎം മറ്റു ചില പണമിടപാടു സംവിധാനങ്ങൾ തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ നിലവിലെ പെയ്മെന്റ് സംവിധാനങ്ങളെ എല്ലാം പേടിഎം മാറ്റിമറിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ വോലറ്റാണ് പേടിഎം. ദിവസം 50 ലക്ഷം ഇടപാടുകളാണ് നടക്കുന്നത്. 2016 തുടങ്ങുമ്പോൾ 12.2 കോടി വോലറ്റ് ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. ഡിസംബറിൽ ഇത് 14.7 കോടിയിൽ എത്തിയിരിക്കുന്നു. 12 മാസം കൊണ്ടു 45 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്.

2016 ൽ 100 കോടി ഇടപാടുകളാണ് പേടിഎം നടത്തിയത്. മറ്റു ഇ–പേയ്മെന്റു കമ്പനികളേക്കാൾ പതിമടങ്ങ് നേട്ടമാണ് പേടിഎം സ്വന്തമാക്കിയത്. 20 കോടി സ്ഥിരം സന്ദർശകരാണ് ആപ്പിലും വെബ്സൈറ്റിലുമുള്ളത്. മാസം എട്ടു കോടി സ്ഥിരം സന്ദർശകരുണ്ട്. പേടിഎം സന്ദർശകരിൽ 89 ശതമാനവും മൊബൈലിൽ നിന്നാണ്. ഇതിൽ ആൻഡ്രോയ്ഡ് 70 ശതമാനം.

മൂവി ടിക്കറ്റ്, എയർടിക്കറ്റ്, ട്രെയിൻ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എല്ലാം 2016 ലാണ് തുടങ്ങിയത്. ഓഫ്‌ലൈൻ ഇടപാടുകളാണ് പേടിഎമ്മിന്റെ ഏറ്റവും വലിയ ശക്തി. ഇന്റർനെറ്റ് ഇല്ലെങ്കിലും ഇടപാടുകൾ നടത്താം. 2016 മാർച്ചിൽ പേടിഎം ഇടപാടു വരുമാനം കേവലം 1.5 കോടി രൂപയായിരുന്നു. എന്നാൽ ഡിസംബറിൽ ഇത് 200 കോടിയിൽ എത്തി.