ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി ടെക്കിക്ക് ഹാൾ ഓഫ് ഫെയിം അംഗീകാരം

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി ടെക്കിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിൾ സെർവറിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ കോഴിക്കോട് സ്വദേശി ശ്രീനാഥ് ശശികുമാറിനാണ് അംഗീകാരം ലഭിച്ചത്. ഗൂഗിളിന്റെ ഗുരുതരമായ ഒരു ബഗ്ഗാണ് ശ്രീനാഥ് കണ്ടെത്തിയത്.

പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർ‌ക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഫെയിം അംഗീകാരം നൽകുന്നത്. ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകൾ കണ്ടെത്തി ഈ അംഗീകാരം നേടാൻ ലക്ഷക്കണക്കിനു ടെക്കികളാണ് ദിവസവും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. ഈ പട്ടികയിലാണ് ശ്രീനാഥും ഇടം നേടിയിരിക്കുന്നത്.  

ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഈ ലിസ്റ്റിൽ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം (Google Vulnerability Reward Program) എന്നാണ് ഇതിനെ വിളിക്കുന്നത്.    

തെറ്റു കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലവും നൽകുന്നുണ്ട്. പിഴവുകളുടെ ഗൗരവം കണക്കിലെടുത്ത് നൽകുന്ന തുകയിലും മാറ്റമുണ്ടാകും. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിർണ്ണയിക്കുന്നത്. 100 പേജുള്ള ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ശ്രീനാഥിന്റെ സ്ഥാനം 26–ാം പേജിലാണ്. പിഴവ് ചൂണ്ടിക്കാണിച്ചതിന് പ്രതിഫലം നൽകും മുൻപെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ് ഗൂഗിൾ രീതി.

മാഷപ്പ്അക്കാദമി എന്ന സോഫ്റ്റ്‌വെയർ ട്രെയിനിങ് കമ്പനിയുടെ സിഇഒയാണ് ശ്രീനാഥ്. കേരള സൈബർ പൊലീസിനു കീഴിലുള്ള സൈബർഡോമിനു വേണ്ടിയും പ്രവർത്തിക്കുന്നുണ്ട്. ബ്രിട്ടണിൽ നിന്നുള്ള പാക്ക്ടി പ്രസാദകരുടെ മൂന്നു പുസ്തകത്തിന്റെ സാങ്കേതിക നിരൂപകൻ കൂടിയാണ് ശ്രീനാഥ്. കൂടാതെ മോസിലയുടെ ആഡ്‌ഓണ്‍ റിവ്യൂ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഐബിഎം, QBurst, ഡിബിജി തുടങ്ങി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്.