ബിറ്റ്കോയിൻ വില 1500 % കൂടി, കൊള്ളയടിക്കാൻ ഉത്തരകൊറിയ, നേട്ടം കിമ്മിന്

ഉത്തരകൊറിയയുടെ മിസൈൽ, ആണവപദ്ധതിക്കുള്ള പണം കണ്ടെത്തുന്നത് വിവിധ രാജ്യങ്ങളിൽ നിന്നായി ബിറ്റ്‌കോയിൻ മോഷ്ടിക്കാൻ കിം ജോങ് ഉന്നിന്റെ ഹാക്കർമാർ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. ഹാക്കിങ് വഴി ബിറ്റ്കോയിൻ സ്വന്തമാക്കാനായാൽ സുരക്ഷിതമായി രാജ്യത്തിനു വേണ്ട നിക്ഷേപം കണ്ടെത്താനാകും. കഴിഞ്ഞ ദിവസങ്ങളിൽ ബിറ്റ്‌കോയിൻ ഹാക്കിങ് ശ്രമങ്ങൾ കൂടിയിട്ടുണ്ട്.

യുഎൻ വിലക്കേര്‍പ്പെടുത്തിയ ഉത്തരകൊറിയക്ക് സാമ്പത്തിക മേഖല സുരക്ഷതമാക്കാൻ ബിറ്റ്‌കോയിൻ ഇടപാടുകളിലൂടെ സാധിക്കും. നേരത്തെയും ബിറ്റ്‌കോയിൻ മോഷണം നടത്തിയിട്ടുള്ള ഉത്തരകൊറിയൻ ഹാക്കർമാർ ഇപ്പോൾ കൂടുതൽ സജീവമായിരിക്കുകയാണെന്നാണ് സ്വതന്ത്ര സുരക്ഷ ഗവേഷകൻ ആഷ്ലി ഷെൻ പറയുന്നത്.

യൂറോപ്പ്, ദക്ഷിണകൊറിയ എന്നിവിടങ്ങളിലെ ബാങ്കുകൾ ഉൾപ്പെടെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളെ ആക്രമിച്ചാണ് ഉത്തര കൊറിയ നിലവിൽ പണമുണ്ടാക്കുന്നതെന്നും ഷെൻ ആരോപിക്കുന്നു. ഇന്ത്യ അടക്കമുള്ള 18 രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നും സൈബര്‍ കൊള്ള നടത്തിയെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. 

ബംഗ്ലാദേശ്, ഇക്വഡോര്‍, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നും പണം മോഷ്ടിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉത്തരകൊറിയന്‍ ഹാക്കര്‍മാരുടെ പേരിലുണ്ട്. കോസ്റ്ററിക്ക, എത്തോപ്യ, ഗാബോണ്‍, ഇന്ത്യ, ഇന്തൊനീഷ്യ, ഇറാഖ്, കെനിയ, മലേഷ്യ, നൈജീരിയ, പോളണ്ട്, തായ്‌ലണ്ട്, തായ്‌വാന്‍, യുറുഗ്വേ എന്നീ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളെയാണ് ഉത്തരകൊറിയ ലക്ഷ്യം വെക്കുന്നത്.  

ഹാക്കിങ്ങിന്റെ യഥാര്‍ഥ സ്ഥലം മനസ്സിലാക്കാതിരിക്കാന്‍ സാധാരണ ഹാക്കര്‍മാര്‍ പല സൂത്രവിദ്യകളും ഉപയോഗിക്കാറുണ്ട്. ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ പൊതുവേ തങ്ങളുടെ സ്ഥലമായി ദക്ഷിണ കൊറിയയോ ഏതെങ്കിലും പാശ്ചാത്യ രാജ്യങ്ങളോ ഒക്കെയാണ് കാണിക്കാറ്. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട ചില സൂചനകളാണ് ഹാക്കര്‍മാര്‍ ഉത്തരകൊറിയയില്‍ നിന്നുതന്നെയെന്ന് ഉറപ്പിക്കാന്‍ സഹായിച്ചത്.  

2013ല്‍ ദക്ഷിണകൊറിയയിലെ ബാങ്കുകളും ചാനലുകളുമെല്ലാം ഹാക്കര്‍മാര്‍ ആക്രമിച്ചിരുന്നു. ഈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് ദക്ഷിണകൊറിയ അന്നു തന്നെ ആരോപണം ഉന്നയിച്ചിരുന്നു. 2014ല്‍ സോണി പിക്‌ചേഴ്‌സിന് നേരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ലസാറുസ് എന്ന് വിളിക്കുന്ന ഹാക്കര്‍മാരുടെ സംഘത്തിന് ഉത്തരകൊറിയയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്.  

2015 മുതലാണ് ലസാറുസ് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചത്. വിയറ്റ്‌നാമീസ് കൊമേഴ്‌സ്യല്‍ ബാങ്കായിരുന്നു ഇവരുടെ ആദ്യകാല ഇരകളിലൊന്ന്. ആഫ്രിക്കയിലെ ഗാബോണിലേയും നൈജീരിയയിലേയും ബാങ്കുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് കണ്ടെത്തിയിരുന്നു.