‘മണ്ടന്‍’ കച്ചവടങ്ങള്‍ മൈക്രോസോഫ്റ്റിന് ‘പുത്തരിയല്ല’; പറഞ്ഞതൊന്നും അവർ കേൾക്കാറില്ല

ലോകകോടീശ്വരൻ ബിൽഗേറ്റ്സിന്റെ മൈക്രോസോഫ്റ്റ് എപ്പോഴെങ്കിലും മനസ്സുവച്ചിരുന്നെങ്കില്‍ അവര്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ കമ്പനിയാകുമായിരുന്നു. യുട്യൂബും വാട്‌സാപ്പും അടക്കമുള്ള ഇന്റര്‍നെറ്റിലെ പല പ്രമുഖ സേവനങ്ങളും അവരുടേതാകുമായിരുന്നു. അത്രമാത്രം കാശിനു മേലെയാണ് കമ്പനി കിടന്നിരുന്നത്. പക്ഷേ, അവരെന്നും മയക്കത്തിലായിരുന്നു. ഇന്നും ആസ്തിയുടെ കാര്യത്തില്‍ അത്ര പിന്നിലൊന്നുമല്ലാത്ത കമ്പനി, വല്ലപ്പോഴും ഉണരുമ്പോള്‍ ചില മണ്ടന്‍ കച്ചവടങ്ങള്‍ നടത്തും. നോക്കിയയെ വാങ്ങിയതു തന്നെ ഉത്തമോദാഹരണമാണ്. 

7.2 ബില്ല്യന്‍ ഡോളറിനാണ് ആ വാങ്ങല്‍ നടത്തിയത്. മുഴുവന്‍ കാശും പോയി. പിന്നീട് അവര്‍ ഉണര്‍ന്നത്, ജോലിക്കാര്യത്തിനുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സേവനമായ ലിങ്ക്ട്ഇന്‍ വാങ്ങാനാണ്. ഇതിന് വെറും 26.2 ബില്ല്യന്‍ ഡോളര്‍ എറിഞ്ഞു. പതനം തുടങ്ങിയ ലിങ്ക്ട്ഇന്‍ ഏറ്റെടുക്കുന്നതു ബുദ്ധിയല്ല എന്നായിരുന്നു മിക്ക വിശകലനക്കാരും പറഞ്ഞത്. അതൊന്നും മൈക്രോസോഫ്റ്റ് കേട്ടില്ല. ഏറ്റെടുക്കാല്‍ കഴിഞ്ഞിട്ട് വര്‍ഷം ഒന്നായിരിക്കുന്നു. എന്താണ് ഇപ്പോഴത്തെ അവസ്ഥ?

മൈക്രോസോഫ്റ്റിന്റെ ലിങ്ക്ട്ഇന്‍ വാങ്ങല്‍ വിലയിരുത്താന്‍ ഒരു വര്‍ഷം പോരാ എന്നാണ് പൊതുവെയുള്ള അഭിപ്രായം. ലിങ്ക്ട്ഇന്‍ സേവനത്തില്‍ ഉപയോക്താക്കള്‍ക്കൊന്നും മൈക്രോസോഫ്റ്റ് വാങ്ങി എന്നതുകൊണ്ട് മാറ്റമൊന്നും കാണാനായിട്ടില്ലെന്നും പറയുന്നു. മൈക്രോസോഫ്റ്റിന് കഴിഞ്ഞ വര്‍ഷത്തെ രണ്ടാം ക്വാര്‍ട്ടറില്‍ ലഭിച്ച മൊത്തം വരുമാനം 28.92 ബില്ല്യന്‍ ഡോളറാണ്. ഇതില്‍ ലിങ്ക്ട്ഇന്നില്‍ നിന്നു ലഭിച്ചത് 1.3 ബില്ല്യന്‍ ഡോളറാണ്. എന്നാല്‍ മൈക്രോസോഫ്റ്റ് തലവന്‍ സത്യ നഡെല്ല ലിങ്ക്ട്ഇന്‍ന്റെ പ്രകടനത്തെ കുറിച്ചു സംസാരിച്ചത് ഉത്സാഹത്തിലാണ്. അദ്ദേഹം ലിങ്ക്ട്ഇന്‍ന്റെ പ്രകടനത്തെ 'നല്ലത്' എന്നാണ് വിലയിരുത്തിയത്. മൈക്രോസോഫ്റ്റിന്റെ ധനകാര്യ വിഭാഗവും ഈ വാങ്ങലിനെ 'പ്രതീക്ഷിച്ചതിലും നല്ലത്' എന്നാണ് വിശേഷിപ്പിച്ചത്. പക്ഷേ, ഇത്ര പൈസ കൊടുത്തു വാങ്ങിയ കമ്പനിയെ ഒരു വര്‍ഷം കഴിയുമ്പോള്‍ തള്ളിക്കളിയില്ലല്ലൊ? 

ലിങ്ക്ട്ഇന്‍ സേവത്തിന് 530 മില്ല്യന്‍ ഉപയോക്താക്കളുണ്ട്. മിക്കവരും ഈ സേവനം കാശുകൊടുക്കാതെ ഉപയോഗിക്കുന്നവരാണ്. പരസ്യത്തില്‍ നിന്നും മറ്റുമാണ് വരുമാനം കിട്ടുന്നത്. യുട്യൂബോ വാട്‌സാപ്പോ വാങ്ങിയാല്‍ കിട്ടുമായിരുന്ന കുതിപ്പ് മൈക്രോസോഫ്റ്റിനു കിട്ടില്ല എന്നതു കൂടാതെ ലിങ്ക്ട്ഇന്‍ വാങ്ങാന്‍ നിക്ഷേപിച്ച തുക നഷ്ടമാകില്ലെന്നു പറയാനും ഇപ്പോള്‍ കഴിയില്ല.