Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിനക്സിനെ കൊല്ലാതെ കൊന്നു, മൈക്രോസോഫ്റ്റിന്റേത് കൊടും ചതി

github-microsoft

ടെക് പ്രേമികളെ ഏറെ നിരാശരാക്കുന്ന ഒരു വാര്‍ത്തയാണ് വന്നിരിക്കുന്നത്, ലോകത്തെ മുൻനിര ഡവലപ്പര്‍മാരില്‍ പലരും ആശ്രയിക്കുന്ന സുപ്രധാന വെബ്‌സൈറ്റായ ഗിറ്റ്ഹബ് (GitHub) മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. ഏറ്റെടുത്തേക്കുമെന്ന വാര്‍ത്ത വന്നപ്പോൾ തന്നെ ട്വിറ്റര്‍ ശോകമൂകമായിരുന്നു. 

ഗിറ്റ്ഹബ് മരിച്ചു; ഗിറ്റ്‌ലാബ് (GitLab- സമാനമായ, എന്നാല്‍ അത്ര പ്രാധാന്യമില്ലാത്ത വെബ്‌സൈറ്റ്) നീണാള്‍ വാഴട്ടെ, തുടങ്ങിയ പോസ്റ്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്. ഏകദേശം 2.5 ബില്ല്യന്‍ ഡോളറായിരുന്നു ഗിറ്റ്ഹബിന്റെ മൂല്യമായി 2015ല്‍ കണക്കുകൂട്ടിയിരിക്കുന്നത്. ഏകദേശം ഒരു ട്രില്ല്യന്‍ ഡോളർ മൂല്യമുള്ള മൈക്രോസോഫ്റ്റിന് ഇതൊക്കെ എന്തു പൈസ. അവര്‍ ഗിറ്റ്ഹബ് വാങ്ങാന്‍ എറിഞ്ഞിരിക്കുന്നത് 7.5 ബില്ല്യന്‍ ഡോളറാണത്രെ (ഏകദേശം 50381.2 കോടി രൂപ). 

ഗിറ്റ് ഹബിന്റെ മാത്രമല്ല ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറിന്റെ മുഴുവന്‍ അന്ത്യം കുറിക്കലാകാം ഈ ഏറ്റെടുക്കല്‍ എന്നാണ് പല ടെക് വിദഗ്ധരും ഭയപ്പെടുന്നത്. ഐഒഎസിന്റെ കോഡുകള്‍ മുഴുവനും വെളിപ്പെടുത്തിയതും ഗിറ്റ്ഹബിലായിരുന്നുവെന്ന് ഓര്‍ക്കുമല്ലൊ. കോഡര്‍മാരും ഡവലപ്പര്‍മാരും മറ്റും തമ്മില്‍ ധാരാളം അര്‍ഥവത്തായ കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിരുന്ന സ്ഥലമാണ് ഗിറ്റ്ഹബ്. ഇതാണ് മൈക്രോസോഫ്റ്റിനെ പോലെയൊരു കുത്തക കമ്പനി ഏറ്റെടുത്തിരിക്കുന്നത്. ആപ്പിള്‍ അടക്കമുള്ള കുത്തകകള്‍ക്കെല്ലാം ഇത് വളരെ സന്തോഷകരമായ വാര്‍ത്തയുമായിരിക്കും. 

എണ്ണമറ്റ ചെറുകമ്പനികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഗിറ്റ്ഹബിനെ ആശ്രയിച്ചിരുന്നു എന്നതാണ് ദുരന്തം. ലോകത്തെ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറിന്റെ പ്രഭവകേന്ദ്രവുമാണ് ഗിറ്റ്ഹബ്. 80 ദശലക്ഷം റിപ്പോസിറ്ററികളാണ് ഗിറ്റ്ഹബില്‍ ഹോസ്റ്റു ചെയ്തിരിക്കുന്നതെന്നു പറഞ്ഞാല്‍ അതിന്റെ വ്യാപ്തി മനസ്സിലാകുമല്ലൊ. സ്വന്തമായി സോഫ്റ്റ്‌വെയര്‍ ഡവലപ്പു ചെയ്യാന്‍ ശ്രമിക്കുന്ന എല്ലാവരും ഏതെങ്കിലും വിധത്തില്‍ ഗിറ്റ്ഹബിനെ ആശ്രയിക്കുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഒരിക്കലും ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറിനെ അംഗീകരിക്കാത്ത കമ്പനിയാണ് മൈക്രോസോഫ്റ്റ് എന്നതാണ് ട്വിറ്ററിലുയര്‍ന്ന കൂട്ടവിലാപത്തിന്റെ കാരണം. തുറന്ന മനസ്ഥിതിയുള്ളവര്‍ക്ക് ഒത്തുകൂടാന്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ആവശ്യമാണ്.

മൈക്രോസോഫ്റ്റ് വിവാദങ്ങളുടെ തോഴനാണ്. എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതില്‍ മുമ്പനുമാണ്. ധാരാളം കമ്പനികളെ ഏറ്റെടുത്ത ശേഷം അവയെ നശിപ്പിച്ചു കളഞ്ഞ ചരിത്രം അവര്‍ക്കുണ്ട് എന്നതാണ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍മാരെ ഭയപ്പെടുത്തുന്ന കാര്യം. ഗ്രൗണ്ടിന്റെ മൂലയ്ക്കു പോയി നിന്നു കളിച്ചിരുന്ന കുട്ടികളെ സങ്കല്‍പ്പിക്കുക. അവരുടെ അടുത്തേക്ക് ഹെഡ്മാസ്റ്റര്‍ വടിയുമായി ചെന്ന് ഇനി എല്ലാവരും തനിക്കു ചുറ്റും ഓടിക്കളിച്ചാല്‍ മതിയെന്നു പറയുന്ന അവസ്ഥയാണ് ഇവിടെ സംജാതമായിരിക്കുന്നത്. ഡവലപ്പര്‍മാരുടെ നീക്കങ്ങള്‍ മൈക്രോസോഫ്റ്റ് അറിയുമെന്നതാണ് അവരെ ഭയപ്പെടുത്തുന്നത്. 

ഏറ്റെടുക്കലും തകര്‍ക്കലും മൈക്രോസോഫ്റ്റിന് ഒരു രസം മാത്രമാണ്. നോക്കിയയുടെ കാര്യം നോക്കൂ- ധൃതരാഷ്ട്രാലിംഗനത്തിലൂടെ കമ്പനിയെ തകര്‍ത്തു തരിപ്പണമാക്കി. എന്തിനാണെന്ന് മൈക്രോസോഫ്റ്റിനു പോലും അറിയാമോ എന്നറിയില്ല. ഇത്തരം പ്രവര്‍ത്തികളുടെ തമ്പുരാനാണ് കമ്പനി. കമ്പനിയുടെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസിര്‍മാരില്‍ ഒരാളായരുന്ന സ്റ്റീവ് ബോള്‍മര്‍ ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തെ വിശേഷിപ്പിച്ചത് 'ക്യാന്‍സര്‍' എന്നാണ്. ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ എന്താണ് ഡവലപ്പര്‍മാര്‍ ഭയക്കുന്നതെന്ന്?

എന്നാല്‍ 2018 ൽ മൈക്രോസോഫ്റ്റിന് ചില മാറ്റങ്ങളൊക്കെയുണ്ട് എന്നു വിശ്വസിക്കുന്നവരുമുണ്ട്. സത്യ നഡെല്ലയുടെ നേതൃത്വത്തില്‍ കമ്പനിക്കു ചില മാറ്റങ്ങള്‍ വന്നിരിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. മൈക്രോസോഫ്റ്റ് സംസ്‌കാരമായ ധൃതരാഷ്ട്രാലിംഗനം ഒരു പക്ഷേ കമ്പനി ഉപേക്ഷക്കുമോ എന്നാണ് അവര്‍ ഉറ്റു നോക്കുന്നത്. നഡെലയുടെ കീഴില്‍ മൈക്രോസോഫ്റ്റ് എല്ലാം അടച്ചിട്ട വാതിലിനു പിന്നിലല്ല നിര്‍മിച്ചിരിക്കുന്നത്. ചിലതെല്ലാം സൃഷ്ടിക്കാനായി ഗിറ്റ്ഹബിലേക്ക് കമ്പനി എത്തിയിരുന്ന കാര്യമാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. അവരുടെ പുതിയ ഡോട്ട്‌നെറ്റ് ഫ്രെയ്ംവര്‍ക്ക്, വിഷ്വല്‍ സ്റ്റുഡിയോ കോഡ് തുടങ്ങിയതൊക്കെ എങ്ങനെയാണ് നിര്‍മിച്ചിരിക്കുന്നതെന്നു വേണ്ടവര്‍ക്ക് കാണാം.  

മൈക്രോസോഫ്റ്റിന് ഗിറ്റ്ഹബില്‍ പേജ് ഉണ്ട്. കൂടാതെ ഗിറ്റ്ഹബില്‍ ധാരാളം സോഫ്റ്റ്‌വെയര്‍ കോണ്‍ട്രിബ്യൂഷനുകളും നടത്തുന്നുവെന്നാണ് ഒരു പക്ഷേ ഗിറ്റ്ഹബ് ഏറ്റെടുത്തതില്‍ ഭയപ്പെടേണ്ടെന്നു പറയുന്നവര്‍ വാദിക്കുകന്നത്. നഡെല്ല മൈക്രോസോഫ്റ്റിന് കുറച്ചു തുറന്ന മനസ്ഥിതി കൊണ്ടുവന്നിരിക്കുന്നുവെന്നും അവര്‍ വാദിക്കുന്നു. 

microsoft-linux

ഗിറ്റ്ഹബിന്റെ പ്രത്യേക പദവി ഇല്ലാതാക്കി മൈക്രോസോഫ്റ്റ് കമ്പനിക്കകത്തെ മറ്റൊരു യൂണിറ്റായി തരംതാഴ്ത്തുമെന്നാണ് ഏറ്റെടുക്കലിനെ ഭയപ്പെടുന്നവര്‍ പറയുന്നത്. സ്വതന്ത്ര കമ്പനിയായിരുന്ന ഫോര്‍തോട്ട് (1987) നാവിഷന്‍ (2002) തുടങ്ങിയ കമ്പനികളുടെ വിധി അതാണു കാണിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ കമ്പനിയുടെ സമീപകാല ഏറ്റെടുക്കലുകളില്‍ (2016) ഒന്നായ ലിങ്ക്ഡ്ഇന്നില്‍ (LinkdIn) കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും കാണാം. നഡെല്ലയുടെ ഭരണത്തിനു കീഴിലാണിത്. ഗിറ്റ്ഹബിനും ലിങ്ക്ട്ഇന്നിന്റെ വിധി വരട്ടെ എന്നായിരിക്കും ടെക്‌പ്രേമികള്‍ പ്രാര്‍ഥിക്കുന്നത്. എന്നാല്‍, ഹെഡ്മാസ്റ്ററുടെ കീഴില്‍ കുട്ടികള്‍ക്കു സ്വാതന്ത്ര്യം തോന്നുമോ എന്നതാണ് കണ്ടറിയേണ്ട കാര്യം.