ജർമൻ സർക്കാരിനെ ഭീതിയിലാഴ്ത്തി സൈബർ ആക്രമണം തുടരുന്നു, പിന്നിൽ റഷ്യ

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈബർ ആക്രണത്തിനാണ് ജർമൻ സർക്കാർ ഇരയായത്. ജർമൻ വിദേശ, പ്രതിരോധ വകുപ്പുകളിലെ രഹസ്യവും പരസ്യവുമായ ഡേറ്റകളെല്ലാം ചോർത്തിയിട്ടുണ്ട്. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന ഡേറ്റകളാണ് ഹാക്കർമാർ ചോർത്തിയത്. വിവിധ മന്ത്രാലയങ്ങളുടെ നെറ്റ്‌വർക്കുകളിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം.

എന്നാൽ ഇപ്പോഴും ആക്രമണം പൂർണമായും തടയാനായിട്ടില്ലെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിന് പിന്നിൽ റഷ്യൻ ഹാക്കർമാരാണെന്നാണ് ജർമൻ വാർത്ത ഏജൻസി ഡിപിഎ റിപ്പോർട്ട് ചെയ്തത്. എപിടി–28 എന്ന റഷ്യൻ ഹാക്കർ സംഘമാണ് വിവരങ്ങൾ ചോർത്തിയത്. കഴിഞ്ഞ ഒരു വർഷമായി ഹാക്കിങ് നടന്നു വരുകയായിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുൻപാണ് രഹസ്യ ഡേറ്റ ചോർന്ന വിവരം ജർമൻ സർക്കാർ മനസ്സിലാക്കുന്നത്.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന നെറ്റ്‌വർക്കിൽ നിന്നാണ് ഡേറ്റ ചോർത്തിയിരിക്കുന്നത്. ജർമൻ ആഭ്യന്തര വകുപ്പ് അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്. റഷ്യൻ സർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടിയാണ് റഷ്യൻ ഹാക്കർമാർ ഡേറ്റ ചോർത്തിയതെന്നാണ് ആരോപണം. ജർമനിയിലെ തന്ത്രപ്രധാന നെറ്റ്‌വർക്കുകളിൽ നേരത്തെയും സൈബർ ആക്രമണം നടന്നിട്ടുണ്ട്. ഇതിനു പിന്നിലും റഷ്യൻ ഹാക്കർമാരായിരുന്നു. ഈ ആരോപണം ഉയർന്നു നിൽക്കെയാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈബർ ആക്രമണ വിവരവും പുറത്തു വന്നിരിക്കുന്നത്. 

2016 ലെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലടക്കം എപിടി–28 ഹാക്കർ സംഘം ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. ഒരു വർഷത്തിലേറെ നീണ്ടുനിന്ന സൈബർ ആക്രമണമാണ് സംഘടന നടത്തിയത്. ആക്രമണം ഇപ്പോഴും തുടരുകയാണ്. എന്നാൽ മുന്നറിയിപ്പു ഉണ്ടായിട്ടും ജർമൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.