ഈ കളി ലെവൽ വേറെ, ഡോളറിന്റെ കളി; ഭീകര വൈറലായി എച്ച്ക്യു ട്രിവിയ, 32.4 ലക്ഷം രൂപ സമ്മാനം

എച്ച്ക്യു ട്രിവിയയുടെ ജാക്പോട്ട് ക്വിസ് ആയിരുന്നു ഇന്നലെ. ആകെ 15 ചോദ്യങ്ങൾ. 50,000 ഡോളർ (ഏകദേശം 32.4 ലക്ഷം രൂപ)  സമ്മാനം. മൽസരം തുടങ്ങുമ്പോൾ പങ്കെടുക്കാനുണ്ടായിരുന്നത് 21 ലക്ഷം പേർ. ചോദ്യങ്ങൾ ഓരോന്നു കഴിഞ്ഞതോടെ ഉത്തരം തെറ്റിയവരും ഉത്തരം മുട്ടിയവരും പുറത്തായി. പതിനഞ്ചാമത്തെ ചോദ്യത്തിനും ശരിയുത്തരം പറഞ്ഞത് വെറും ആറു പേർ. 21 ലക്ഷത്തിൽ നിന്ന് ആറിലേക്കെത്താൻ എടുത്തത് കഷ്ടിച്ച് 20 മിനിറ്റ്. വിജയിച്ച ആറു പേർക്കായി 50,000 ഡോളർ പങ്കിട്ടു നൽകിയപ്പോൾ ഒരാൾക്കു ലഭിച്ചത് 8333 ഡോളർ വീതം - ഏകദേശം അഞ്ചു ലക്ഷം രൂപ.

കഴിഞ്ഞ രണ്ടാഴ്ചയായി ലോകമെങ്ങമുള്ള സ്മാർട്ഫോൺ ഗെയിമർമാരെ ഉലച്ചുകൊണ്ടിരിക്കുന്ന എച്ച്ക്യു ട്രിവിയ എന്ന ലൈവ് ക്വിസ് ഷോ ഓരോ ഷോയും കഴിയുമ്പോൾ ഇരച്ചു കയറുകയാണ്. അവതാരകനായ സ്കോട്ട് റോഗോസ്കി പുതിയ താരോദയവും.

മൊബൈൽ ഗെയിം എന്ന വിശേഷണം ഒട്ടും ചേരാത്ത ഐറ്റമാണ് എച്ച്ക്യു ട്രിവിയ. ടിവിയിലെ ക്വിസ് ഷോയുടെ ശൈലിയും മൊബൈൽ ഗെയിമിങ് സാധ്യതകളും സ്മാർട്ഫോൺ ഇന്റെർഫെയ്സിന്റെ സ്വാതന്ത്ര്യവും ഉപയോഗിക്കുന്ന തികച്ചും നൂതനമായ ആശയമാണിത്. ആൻഡ്രോയ്ഡിൽ എത്തിയിട്ട് അധികദിവസങ്ങളായില്ലെങ്കിലും ഇതിനോടകം ആൻഡ്രോയ്ഡിലെ ഏറ്റവും പ്രിയപ്പെട്ട ആപ്പുകളിലൊന്നായി മാറി. ദിവസവും ഗെയിം നടക്കുന്ന സമയത്ത് മാത്രമാണ് ആപ്പ് ലൈവ് ആവുക.

അല്ലാത്തപ്പോ ആപ്പിൽ ഒന്നുമില്ല. ഗെയിം തുടങ്ങാറാവുമ്പോൾ ആപ്പിൽ റജിസ്റ്റർ ചെയ്തിരിക്കുന്നവർക്ക് നോട്ടിഫിക്കേഷൻ വരും. ഗെയിം സമയം നേരത്തെ തന്നെ ആപ്പിലും നൽകിയിട്ടുണ്ടാവും. ഗെയിം തുടങ്ങുക എന്നു വച്ചാൽ ന്യൂയോർക്കിലെ സ്റ്റുഡിയോയിൽ നിന്ന് സ്കോട്ടിന്റെ ലൈവ് വിഡിയോ ആരംഭിക്കുക എന്നാണർഥം. തകർപ്പൻ പ്രകടനത്തോടെ സ്കോട്ട് ആരംഭിക്കുമ്പോൾ തന്നെ കണ്ടു തുടങ്ങുന്നവർക്കേ ഗെയിമിൽ തുടരാനാവൂ. ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഗെയിം കാണാൻ മാത്രമേ സാധിക്കൂ.

സാധാരാണ ഗെയിമിൽ 12 ചോദ്യങ്ങളാണ് ഉള്ളത്. വിവിധ വിഷയങ്ങളിലുള്ള 12 ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും മൂന്ന് ഓപ്ഷനുകൾ ഉണ്ടാവും. ചോദ്യവും ഓപ്ഷനുകളും സ്ക്രീനിൽ കാണിക്കുമ്പോൾ നമ്മൾ അതിലൊന്ന് തിരഞ്ഞെടുത്താൽ മാത്രം മതി. ഉത്തരം ശരിയാണെങ്കിൽ മുന്നോട്ടു പോകാം. തെറ്റാണെങ്കിൽ കളിയിൽ നിന്നു പുറത്താവും. പുറത്തായാൽ തുടർന്നുള്ള മൽസരം കാണാൻ മാത്രമേ സാധിക്കൂ. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ 10 സെക്കൻഡുകൾ വീതമാണ് ഉള്ളത്. 10 സെക്കൻഡിനുള്ളിൽ ഇൻപുട്ട് നൽകിയില്ലെങ്കിലും പുറത്താവും.

12 ചോദ്യങ്ങൾക്കും ശരിയായി ഉത്തരം നൽകുന്നവർക്കു വേണ്ടി മാറ്റി വച്ചിരിക്കുന്നത് 2500 ഡോളറാണ്. ആറു മുതൽ പത്തു ലക്ഷം പേർ വരെയാണ് സാധാരണ ഗെയിമുകളിൽ മൽസരിക്കാനുള്ളത്. 

വിജയികളുടെ എണ്ണം 30 മുതൽ 1500 വരെ ആവാറുണ്ട്. വിജയികൾ എത്ര പേരായാലും സമ്മാനത്തുക തുല്യമായി വീതിച്ചു നൽകും. ചിലപ്പോൾ ഒരാൾക്ക് കിട്ടുന്നത് ഒന്നര ഡോളറായിരിക്കും, ചിലപ്പോൾ 10 ഡോളറും. എല്ലാ ദിവസവും നടക്കുന്ന ഗെയിമുകൾക്കു പുറമേയാണ് വാരാന്ത്യമുള്ള സ്പെഷൽ ഗെയിമുകളും ഇടയ്ക്കിടെയുള്ള ജാക്പോട്ടുകളും.

സാവജ് ക്വസ്റ്റ്യൻ

10 ലക്ഷം പേർ മൽസരിക്കുന്ന ഗെയിമിൽ ഇടയ്ക്ക് ഓരോ ചോദ്യങ്ങൾ എല്ലാവരെയും വലയ്ക്കും. മൽസരാർഥികളുടെ എണ്ണം പെട്ടെന്ന് ഒരു ലക്ഷത്തിലേക്കു താഴും. ഇങ്ങനെ ഏറ്റവുമധികം മൽസരാർഥികൾ പുറത്താക്കപ്പെടുന്ന ചോദ്യങ്ങളെയാണ് സാവജ് ക്വസ്റ്റ്യൻ എന്നു വശേഷിപ്പിക്കുന്നത്. 

ഇന്റർനെറ്റിനെ ഇളക്കി മറിക്കുന്ന ഈ ട്രിവിയ ഗെയിമിൽ ഉത്തരം തെറ്റിയാലും 11-ാം ചോദ്യം വരെ കളിക്കാൻ അവസരം നൽകുന്നത് ലൈഫാണ്. ലൈഫ് ലഭിക്കാൻ നമ്മൾ ഷെയർ ചെയ്യുന്ന റഫറൽ കോഡ് ഉപയോഗിച്ച് നമ്മുടെ സുഹൃത്തുക്കൾ ആപ്പിൽ അക്കൗണ്ട് ഉണ്ടാക്കണം.

പുതിയ വൈൻ, പഴയ കുപ്പി

വൈൻ എന്ന ആറു സെക്കൻഡ് വിഡിയോകളുടെ സോഷ്യൽ നെറ്റ്‍വർക്കിന്റെ സൃഷ്ടാക്കളായ റസ് യുസ്പോവും കോളിൻ ക്രോളുമാണ് എച്ച്ക്യു ട്രിവിയയുടെയും സൃഷ്ടാക്കൾ. ഓൺഡിമാൻഡ് വിഡിയോയിൽ പുതിയൊരു സംരംഭമാണ് എച്ച്ക്യു ട്രിവിയയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. എച്ച്ക്യു ട്രിവിയയുടെ മാതൃകയിൽ നൂറു കണക്കിന് ഗെയിം ആപ്പുകളാണ് രണ്ടാഴ്‍ചക്കിടയിൽ എത്തിയിരിക്കുന്നത്. എച്ച്ക്യു ട്രിവിയ ഗെയിം ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ്സ്റ്റോറിലും സൗജന്യമാണ്.